ജലരേഖകള്‍

ജലരേഖകള്‍
ഗിനി ഗംഗാധരന്‍

മഷി തീര്‍ന്ന പേനയും
താളുകള്‍ തീര്‍ന്ന പുസ്തകവും;
മുറിഞ്ഞ മനസിനു കൂട്ടായി
വെളിച്ചമില്ലാത്തോരീ മുറിയും

കെടുതിരി കത്താനായി
തീ കാത്തുനിന്നില്ല;
പുറത്തു നിന്നും വന്ന കാറ്റു
അവനെ കൊണ്ടുപോയി

ജീവനെടുക്കാന്‍ വന്നവര്‍
ജീവിതം കണ്ടു പേടിച്ചു
വിറച്ച കൈകളില്‍
ആയുധങ്ങള്ക്ക് ജീവനില്ല

സൂര്യന് നിവേദനം കൊടുത്തവര്‍
പകല്‍ തീരാന്‍ കാത്തു നിന്നു
അവരുടെ പരാതി
രാത്രിയുടെ നീളം കൂട്ടാനായിരുന്നു

ദൈവത്തിനു
പരാതി കൊടുക്കാന്‍
ഞാനും നദിയുടെ തീരത്തേക്ക്,
രണ്ടു വാക്കുകള്‍ കുറിച്ച്
തെളിമയുള്ള ജലരേഖകള്‍ തീര്‍ക്കാന്‍

Comments