ചാവേര്‍

ചാവേര്‍
ഗിനി ഗംഗാധരന്‍


പോര്‍വിളിയില്ലാതെ
ലക്‌ഷ്യം നോക്കി പായുന്നോര്‍
പറയാനും ചെയ്യാനും ചോരയുടെ
കണക്കു ബാക്കിയുള്ളോര്‍

ഇന്നലെ, നെഞ്ചില്‍ പകയും
അതിന് പുറത്തു ചാവേര്‍ കുപ്പായവുമണിഞ്ഞു,
തെരുവിലെ വീതി കുറഞ്ഞ
മൂന്നാമത്തെ റോഡിലൂടെ വന്നോരിവര്‍.

ഇന്നലെ തെരുവിലെ ഇരുണ്ട മുറിയില്‍ വച്ചു
മുനിഞ്ഞു കത്തുന്ന വെട്ടത്തില്‍ കൈ ചേര്ത്തു,
എന്തിനെന്നറിയാതെ(!) ഇരുട്ടിനെ നോക്കി,
'സ്വാതന്ത്ര്യത്തിന്റെ' പേരില്‍ സത്യം ചെയ്തവര്‍;

ചോര കൊടുത്തു വിപ്ലവം വാങ്ങാന്‍,
ചോരയുള്ളവരെ കൊന്നു
പ്രത്യയശാസ്ത്രങ്ങള്‍ മുറുകെ പിടിച്ചോര്‍;
കൂടെ സയനൈഡ് ഗുളികകളും.

ജീവനും ചോരയും വേര്‍പെട്ടു
ജഡങ്ങളുടെ കണക്കെടുക്കുമ്പോള്‍,
ജീവിതം നഷ്ട്ടപ്പെട്ടവരുടെ കൂട്ടത്തില്‍
(വെറും) 'രക്തസാക്ഷി' യായി മാറാന്‍ കഴിഞ്ഞോര്‍.

ലാഭവും നഷ്ടവും കൂട്ടികിഴിച്ചു,
നേതാക്കള്‍ കണക്കെടുക്കുമ്പോള്‍
അടുത്ത ചാവേര്‍ ഉറക്കെ പറഞ്ഞു
"നീ ജീവിക്കുന്നു ഞങ്ങളിലൂടെ"

Comments

Post a Comment