ഇവിടെയിന്നലെ മഴ പെയ്തപ്പോള്‍


Photograph: Haris kuttippuram
Courtesy : Madhyam Online
തുലാവര്‍ഷമാണോ കാലവര്‍ഷമാണോ;
അറിയില്ല, ഇന്നലെ ഇവിടെയും മഴ പെയ്തു.


ആദ്യം മഴക്കാറിന്റെ കെട്ട് പൊട്ടിച്ചു
തുള്ളികളായ്, പിന്നെ വളര്ന്നു നേര്ത്ത നൂല് പോലെ...
പൊടിമണ്ണില്‍ വീണു, നനുത്ത മണം പരത്തി,
ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റു പൊട്ടിയ പോലെ.


നഗരത്തിലെ മഴ വ്യത്യസ്തമായിരുന്നു,
ഇത്തിരി പെയ്താലും ഒത്തിരിയായി,
പെയ്തതോക്കെയും തളം കെട്ടി
ഒഴുകാന്‍ മടിച്ചു ആകാശം നോക്കി കിടക്കും.


അറിഞ്ഞു പെയ്താല്‍ പിന്നെ
അടിയിലുള്ളതോക്കെയും കെട്ടിപ്പെറുക്കി
പിന്നോട്ട് നോക്കാതെ പൊട്ടിപ്പോളിഞ്ഞൊരു കുതിപ്പ്;
ശരിക്കും 'നഗരം ഒരു മഹാസാഗരം'


ഓടകളുടെ ഗര്‍ഭപാത്രം പൊട്ടി,
ഒരുമിച്ചൊഴുകി, "ശ്രീധര്‍ സര്‍ക്കിള്‍" വഴി കറങ്ങി
ഒടുവിലെങ്ങുമെത്താതെ ബാക്കിയുള്ളവരെയും കാത്തു
"ആമയിഴന്ചാന്‍ തോടിന്റെ" അടിയില്‍...


ഔട്ടറില്‍ പിടിച്ചിട്ട പരശുരാം എക്സ്പ്രസ്സില്‍
പാളം മൂടിയ വെള്ളത്തെ ശപിച്ചു
ഇതു വരെ വരാത്ത മഴയെ കുറ്റം പറഞ്ഞു
അന്യോന്യം പരിഭവിക്കുന്നോര്‍


ഇരയെയും കാത്തു ചെളിവെള്ളം നിറച്ചു
വികസനത്തിന്റെ "ജപ്പാന്‍ കുഴികള്‍"
കരയില്‍ മണ്ണുമാന്തികള്‍ ചെളിയില്‍ കാലുറപ്പിച്ചു,
ചാറ്റല്‍മഴ നനഞ്ഞുകൊണ്ടിരുന്നു.


"മെട്രോ-മനോരമ"-യില്‍ പടം വരാന്‍ പാകത്തില്‍
മുട്ട് വരെ തുണി പൊക്കി, ആണും പെണ്ണും ചേര്‍ന്ന
മഴ-യാത്രികര്‍, ഇവര്‍ നാണക്കേടിന്റെ
നഗരമഴയുടെ രക്തസാക്ഷികള്‍


ടൂറിസം മന്ത്രി വാഗ്ദാനം ചെയ്തത്,
കിഴക്കേകോട്ടയില്‍ ബോട്ട് സര്‍വീസ് തുടങ്ങാന്‍.
"ഗാന്ധി പാര്‍ക്കില്‍" ജനനായകന്മാര്‍ ചര്ച്ച ചെയ്തത്
അവിടെ സ്റ്റോപ്പ്‌ അനുവദിക്കണമെന്നായിരുന്നു.

* ജപ്പാന്‍ കുഴികള്‍ - ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി റോഡു നീളെ കുഴിച്ച ഇനിയും മൂടാത്ത കുഴികള്‍.
** ശ്രീധര്‍ സര്‍ക്കിള്‍, ആമായിഴന്ചാന്‍ തോട്, ഗാന്ധി പാര്‍ക്ക് - തിരുവനന്തപുരത്തെ ഹൃദയഭാഗങ്ങള്‍

Comments

  1. നന്നായിട്ടുണ്ട്‌..ഈ സംസാരങ്ങൾ

    ReplyDelete
  2. അത്ര ഭയങ്കര മഴ പെയ്തോ?

    ReplyDelete

Post a Comment