കുറ്റിപെന്‍സില്‍


(പഴയൊരു പോസ്റ്റ്‌ ആണ്. കഴിഞ്ഞ ദിവസം പഴയ ചില കൂട്ടുകാരുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ ചില ഓര്‍മ്മകള്‍ തികട്ടി വന്നു.  ഒന്ന് കൂടി നന്നാക്കി പോസ്റ്റ്‌ ചെയ്യാം എന്ന് തോന്നി. വായിച്ചവര്‍ ക്ഷമിക്കുക.)
 

ഞാനത് കണ്ടത് മേശവലിപ്പിലായിരുന്നു,
പാര്‍ക്കര്‍ പേനയുടെ കറുത്ത പെട്ടിയുടെ അരികില്‍
നാലാം ക്ലാസ്സിലെ ഓര്‍മ്മകള്‍ അയവിറക്കി
കണ്ണും പൂട്ടി ഇരിക്കുന്നു.

ആയ കാലത്ത് ചില്ലറക്കാരനായിരുന്നില്ല;
നീളത്തില്‍ കറുപ്പും ചെമപ്പും വരകളുള്ള,
അറ്റത്തൊരു മായ്ക്ക് റബ്ബറിന്റെ തൊപ്പി വച്ചു
"ഗള്‍ഫ്" പത്രാസ്സു കാട്ടിയവന്‍

വാപ്പയുടെ പത്രാസ്സു കാട്ടാന്‍
സുബൈദ തന്നതായിരുന്നു അത്.
നാല് മഷിതണ്ടുകള്‍ പകരം കൊടുത്തു
ഞാനപ്പോഴേ കടം വീട്ടി കേട്ടോ.

ഇളയമ്മാവന്റെ പേനക്കത്തി കൊണ്ടു
വിരല് മുറിയാതെ അറ്റം കൂര്‍പ്പിച്ചു,
പുസ്തകകൂട്ടത്തിനിടയില്‍ ഏട്ടന്റെ
പഴയ ജ്യോമട്രി ബോക്സ്സിലായിരുന്നു അത്.

നാലാം ക്ലാസ്സില്‍, നാല് വര കോപ്പി എഴുതാന്‍
രാമചന്ദ്രന്‍ മാഷ് പറഞ്ഞപ്പോള്‍
എബിസിഡിയുടെ വളവുകളും മൂലകളും
നാലുവരയില്‍ കവിയാതെ കുറിച്ചിട്ടതാണ്.

'തറ' യും 'പന' യും കൂട്ട് പിടിച്ചത്
സീ-എ-ടി ക്യാറ്റ് -നെയും ആര്‍-എ-ടി റാറ്റ്-നെയും.
കൂട്ടിയെഴുതാന്‍ പഠിച്ചപ്പോള്‍
ആദ്യം തോന്നിയ പേരു സുബൈദ എന്നായിരുന്നോ ?

സുബൈദയെയും എന്നെയും ചേര്‍ത്ത്
മതിലില്‍ എഴുതിയവനെ കുത്താന്‍
ഇതിനെക്കാള്‍ നല്ലോരായുധം എനിക്ക് കിട്ടിയില്ല;
അവനെഴുതിയത് എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും.

നാലാം ക്ലാസ്സ് തീരും മുന്പേ പെന്‍സിലും
വെള്ളിതിളക്കമുള്ള പേരിന്റെ
മുക്കാല്‍ ഭാഗവും പേനക്കത്തി തിന്നുതീര്‍ത്തു
ഒപ്പം മായ്ക്ക് റബ്ബറിന്റെ തൊപ്പിയും.

സുബൈദ വീണ്ടും പെന്‍സിലും പേനയും
തന്നു; പകരം കൊടുക്കാന്‍ മഷിതണ്ടുകള്‍ ഉണ്ടായിരുന്നില്ല.
കുറ്റിപെന്‍സില്‍ അച്ഛന്റെ മേശവലിപ്പില്‍
കൂടു മാറിയ കാര്യം ഞാനറിഞ്ഞതുമില്ല.

പാര്‍ക്കര്‍ പേനയെടുത്ത് കീശയില്‍ തിരുകി
"ഇങ്ങള് എബ്ടായിരുന്നു ?"
വരാന്തയില്‍ ഇളയ കുഞ്ഞിനെയും ഒക്കത്ത് വച്ചു
സുബൈദ നില്‍പ്പുണ്ടായിരുന്നു.

Comments

 1. Jithesh C.H5:26 AM

  ഒരു ഗൃഹാതുരത്വം ഒക്കെ ഫീല്‍ ചെയ്യുന്നുണ്ട്‌. keep it up.

  ReplyDelete
 2. നല്ല കവിത, ഓര്‍മ്മകള്‍ ആ പഴയ യു.പി സ്കൂളിലേക്ക് പോയി.

  ReplyDelete
 3. sunaina3:38 PM

  very nice...
  keep it up and go on

  ReplyDelete
 4. SABEEL4:56 AM

  Daa pazhaya ijj nchammale subaidane adichu mati alle..mmmhhh..

  ReplyDelete
 5. എഴുത്ത് നന്നായിരിക്കുന്നു.

  ReplyDelete
 6. 'നാല് മഷിതണ്ടുകള്‍ പകരം കൊടുത്തു
  ഞാനപ്പോഴേ കടം വീട്ടി കേട്ടോ.'

  പണ്ടത്തെ ഏറ്റവും വില പിടിച്ച ചില സമ്മാനങ്ങളായിരുന്നല്ലോ അതെല്ലാം.

  നന്നായി ഇഷ്ടപ്പെട്ടു

  ReplyDelete
 7. Gini,
  I Like this poem much.
  Here it is not a big deal when we repost the same one more for the new reders.. thats grate. thanks for sharing this agian.

  ReplyDelete
 8. ചെറുപ്പത്തിന്റെ നിഷ്കളങ്കമായ ഇഷ്ടങ്ങളും സ്നേഹങ്ങളും... പഴയ ഓര്‍മകളുണര്‍ത്തുന്ന പോസ്റ്റ്.

  ReplyDelete
 9. നല്ല ഓർമ്മ..

  ReplyDelete
 10. നന്ദി Jithesh,Abhilash, sunaina,SABEEL, അലി,ശ്രീ ,റ്റോംസ് കോനുമഠം , സുപ്രിയ , Mukil.

  ReplyDelete
 11. കുഞ്ഞുന്നാളിലെ മനസ്സും മനസ്സിലെ സ്നേഹവും നന്നാക്കി പറഞ്ഞു.

  ReplyDelete
 12. ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു മഷിതണ്ട്..!

  ReplyDelete
 13. Ohhh jango. kollaaam

  ReplyDelete

Post a Comment