അപ്പു


അപ്പു ഇന്നലെയും വന്നിരുന്നു. അവനെക്കാള്‍  ഇരട്ടി വലുപ്പമുള്ള പലഹാര കോട്ടയും ചുമന്നു വരുന്നത് കാണുമ്പോഴേ മനസ്സ് നോവും. ഈ പത്തു വയസ്സിനുള്ളില്‍ ഇത്രയും വേദനയും അനുഭവങ്ങളും ഒരാള്‍ക്കും കാണില്ല. മനോനില തെറ്റിയ ഒരു സ്ത്രീയോടൊപ്പം റെയില്‍വേ സ്റെഷനില്‍ എത്തിയതാണ്. മകനാണെന്നോ ഒന്നും അറിയില്ല. അവനു നാക്കുറച്ച, ബുദ്ധി വച്ച കാലം മുതല്‍ക്കേ  അവന്‍ "അമ്മാ" എന്ന് വിളിക്കുന്നു. 

"അണ്ണാ, ഞാനോര്‍ത്തു അണ്ണന്‍ പോയെന്നു. ചായപീട്യെലെ സാമിയെട്ടന്‍   പറഞ്ഞു അണ്ണന് വേറെ ജോലി കിട്ടീന്നു. ശരിയാ ?"


ഞാന്‍ തലയാട്ടി. സാറേ എന്ന് വിളിക്കരുത് എന്ന് പറഞ്ഞതിന് ശേഷം അവന്‍ തന്നെ കണ്ടെത്തിയതാണ് അണ്ണന്‍ വിളി.

അവന്‍ എന്റെ നേര്‍ക്ക്‌ ഒരു പൊതി എടുത്തു നീട്ടി. 
"എന്താ ഇത് ?"
"സ്പെഷലാ, അണ്ണന്‍ വീട്ടിലേക്കു പോവ്വ്വല്ലേ, മിനിയേച്ചിക്കാ. എന്റെ അന്വേഷണം പറയണം"

അവനിത് വരെ കാണാത്ത അവന്റെ ചേച്ചിക്കുള്ള സമ്മാനം.
റെയില്‍വേ പ്ലാറ്റ്ഫോമിലെ ഇരുണ്ട മൂലയില്‍ വച്ചു മനോനില തെറ്റിയ ആ സ്ത്രീക്ക് "ആരോ"സമ്മാനിച്ച അവന്റെ അനിയത്തികൊച്ചു തണുപ്പ് പിടിച്ചു മരിച്ചു പോയപ്പോള്‍; കരഞ്ഞു കൊണ്ടിരുന്ന അവനെ സമാധാനിപ്പിക്കാന്‍ ഭാവനയില്‍ പറഞ്ഞ ഒരു കഥാപാത്രം. പിന്നെയെന്തോ സത്യം പറയാന്‍ തോന്നിയില്ല. മിനിയേച്ചിയും വിശേഷങ്ങളും അവനു സന്തോഷമാണെങ്കില്‍  എന്തിനു തിരുത്തണം എന്ന് തോന്നി. 

ഞാന്‍ പിന്നെയും കുറെ പലഹാരങ്ങള്‍ വാങ്ങി. 

"സാമിയെട്ടന്റെ കയ്യില്‍ അണ്ണന്റെ പുതിയ നമ്പര്‍ കൊടുക്കണം കേട്ടോ. ഞാന്‍ എപ്പോഴേലും വിളിക്കാം. "

കൂടുതല്‍ കൊടുത്ത കാശ് തിരികെതന്നെ തന്നു വെളുക്കെ ചിരിച്ചു അവന്‍ നടന്നു പോയി. 
"അച്ചപ്പം, അരിനുറുക്ക്, പപ്പടവടാ....."

ആ വിളി റോഡിലൂടെ അലിഞ്ഞുചേര്‍ന്ന് വാഹനങ്ങളുടെ ഇരമ്പലില്‍ കേള്‍ക്കാതായി.

Comments

 1. ടച്ചിങ്ങ്!

  ReplyDelete
 2. മനസ്സില്‍ തട്ടിയ പോസ്റ്റ്‌.

  ReplyDelete
 3. നല്ല കഥ..! നന്നായി എഴുതിയിരിക്കുന്നു.

  ReplyDelete
 4. അല്ലെങ്കിലും കാശിനോടുള്ള ആർത്തി ജീവിതം ആഘോഷിക്കുന്നവർക്ക് തന്നെ. കൊച്ചു കഥ വളരെ ടച്ചിങ്ങായി തന്നെ പറഞ്ഞു.

  ReplyDelete
 5. thanks ശ്രീ, Jishad Cronic™, Naushu , ഹംസ,Manoraj

  ReplyDelete

Post a Comment