പരീക്ഷാര്‍ത്ഥികള്‍

സ്കൂള്‍ കാലത്തെ തമാശകള്‍ ഒരിക്കലും മറക്കാറില്ല. ചിലത് ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്നവ; മറ്റു ചിലത് നൊമ്പരത്തോടെ ഓര്‍ക്കാവുന്നത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമായി ടിവി കണ്ടുകൊണ്ടു സംസാരിച്ചിരിക്കുമ്പോള്‍ ദാണ്ടെ, നമ്മടെ ഒരു സ്കൂള്‍ ടൈം /കോളേജ് ടൈം തമാശ പരസ്യക്കാര്‍ കോപ്പി അടിച്ചിരിക്കുന്നു. ആ, ആ പരസ്യം ചെയ്തവനും സ്കൂളിലൊക്കെ പോയിക്കാണും അല്ലെ ?
സംഭവം ഇത്രയേ ഉള്ളൂ. പരീക്ഷ ഹാള്‍: ഒരു വര്‍ഷം കൊണ്ട് പഠിച്ചു തീര്‍ക്കേണ്ട സംഭവങ്ങള്‍ ഒറ്റ ദിവസം, സോറി ഒന്ന്  രണ്ടു മണിക്കൂര്‍ കൊണ്ട് പഠിച്ചു തീര്‍ക്കുന്ന ബുദ്ധിരാക്ഷസന്മാര്‍ ടെക്സ്റ്റ്‌ ബുക്കും നോട്ട് ബുക്കും പോരാഞ്ഞു ഗൈഡും കൂടെ കൊണ്ട് പിടിച്ചു വായിക്കുന്നു; നമ്മളും.
ബെല്ലടിക്കുന്നു; അവസാന ശ്വാസം എടുത്തു വെള്ളത്തിലേക്ക്‌ മുങ്ങാന്‍ പോകുന്നത് പോലെ ഒന്ന് കൂടി ബുക്സ് നോക്കി (അറ്റ്ലീസ്റ്റ് അതിന്റെ പുറംചട്ടയെങ്കിലും നോക്കി ) നെടുവീര്‍പ്പിട്ടു കൊണ്ട് മനസ്സില്ലാ മനസ്സോടെ ക്ലാസ്സിലേക്ക് കയറുന്നു.
വിറയ്ക്കുന്ന കയ്യോടെ ചോദ്യ പേപ്പര്‍ വാങ്ങി മറിച്ചുനോക്കുന്നു. ചുറ്റും ഒന്ന് തിരിഞ്ഞു നോക്കി. എങ്ങും നെടുവീര്‍പ്പുകള്‍ മാത്രം. മിനുട്ടുകള്‍ ഇഴഞ്ഞു നീങ്ങി.(അതോ വലിച്ചു നീക്കിയതോ?)

പെട്ടെന്ന് ഓടികിതച്ചു കൊണ്ട് ഒരുത്തന്‍ പരീക്ഷ ഹാളിന്റെ ഡോറില്‍ എത്തുന്നു.
"സര്‍..."
സര്‍ തിരിഞ്ഞു നോക്കി. എന്നിട്ട് വളരെ ക്രൂരമായി ക്യാമറ വാച്ചിലേക്കും, അവിടെ നിന്നും വിയര്‍ത്തു കുളിച്ചു നില്‍ക്കുന്ന നായകന്റെ (?) മുഖത്തേക്കും പാന്‍ ചെയ്യുന്നു. ഹാളിലെ മൊത്തം പരീക്ഷാര്‍ത്ഥികളും "താന്‍ എവിടെ പോയിരിക്കുകയായിരുന്നു മാഷെ" എന്ന മട്ടില്‍ അങ്ങോരുടെ മുഖത്തും കണ്ണും നട്ടിരിക്കുന്നു.
"ശരി, കയറിവാ.."
കക്ഷി വളരെ വിനയകുനിതനായി കയറിവന്നു പേപ്പറും വാങ്ങി തന്റെ സീറ്റില്‍ പോയിരുന്നു.

ഒരു മിനിറ്റ് കഴിയും മുന്നേ പിറകിലെ ഒരു ബെഞ്ചില്‍ നിന്നും ചെറിയ ഒരു ബഹളം. സര്‍ തലയുയര്‍ത്തി നോക്കി. കൂടെ പരീക്ഷാര്‍ത്ഥികളും. നോക്കുമ്പോ നമ്മടെ "ലേറ്റസ്റ്റ്" നായകന്‍ ഇരിക്കുന്ന ബെഞ്ചാണ് . പുള്ളി കൂളായി ഇരുന്നു എഴുതുന്നുണ്ട്. പക്ഷെ ബെഞ്ചിന്റെ ഇങ്ങേ തലക്കല്‍ ഇരിക്കുന്നവന്‍ കക്ഷിയെ ക്രൂരമായി നോക്കി ദഹിപ്പിക്കുന്നു.
"എന്താ പ്രശ്നം ? " സര്‍ ചോദിച്ചു.
"ഒന്നുമില്ല സര്‍" ഇങ്ങേതലക്കാരന്‍ പറഞ്ഞു.
അപ്പോള്‍ നായകന്‍ ഇവിടെ എന്താ സംഭവിക്കുന്നത്‌ എന്ന മട്ടില്‍ തലയുയര്‍ത്തി നോക്കി. ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം വീണ്ടും പേപ്പറില്‍ മുഖം പൂഴ്ത്തി.


എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ഞാന്‍ പതുക്കെ ഇങ്ങേതലക്കാരനെ അടുത്ത് വിളിച്ചു.
"എന്തായിരുന്നെടെ പ്രശ്നം.?"
അവന്‍ എന്നെ ഒന്നു രൂക്ഷമായി നോക്കിയ ശേഷം പറഞ്ഞു.
"ഞാന്‍ ചോദ്യ പേപ്പര്‍  കണ്ടു നക്ഷത്രമെണ്ണി നില്‍ക്കുമ്പോ, ആ പരമനാറി എന്നോട് ചോദിക്കുവാ,  അളിയോ ഇന്നേതാ പരീക്ഷ എന്ന് !!!"

Comments

  1. ആ പരസ്യം ചെയ്തവനും സ്കൂളിലൊക്കെ പോയിക്കാണും അല്ലെ ?

    ചിലപ്പോള്‍ താന്‍ ആരാണെന്ന് സ്വയം തോന്നിപ്പോകുന്ന സംഭാങ്ങളും ഉണ്ടാകാറുണ്ട്.

    ReplyDelete
  2. haaahha..athu kalkki..

    ReplyDelete

Post a Comment