വാട്സ് ആപും എന്റെ വേദനകളും


പ്രിയപ്പെട്ട ഡോക്ടര്‍,

സോഷ്യൽമീഡിയകളിൽ കമെന്റ് ഇടുന്നതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ അസ്വാസ്ഥ്യങ്ങൾ അങ്ങയുടെ ചികിത്സ വഴി സാമാന്യം ഭേദപെട്ടു വരികയായിരുന്നു. അതിൽ നിന്നെല്ലാം ശ്രദ്ധ മാറ്റി മൊബൈൽ ഇൻസ്റ്റന്റ് മെസ്സഞ്ചറുകള്‍ (Instant Messenger) വഴി ഞാന്‍ ആനന്ദം കണ്ടെത്തി. കാര്യങ്ങളും തമാശകളും ചിലപ്പോഴൊക്കെ ഇച്ചിരി തുണ്ട് ഫോട്ടോകളും (ഡോക്ടര്‍ ഈ കത്ത് ആരെയും കാണിക്കില്ല എന്നാ വിശ്വാസത്തില്‍ ആണ് ഞാന്‍ തുറന്നെഴുതുന്നത്‌) ഒക്കെയായി ജീവിതം അതിന്റെ സുരഭില കാലത്തിലൂടെ പോവുകയായിരുന്നു. പക്ഷെ അവിടെയും നമ്മുടെ പോലീസും സര്‍ക്കാരും വിടാതെ എന്നെ പിന്തുടരുന്നു; എന്റെ സമാധാനം നശിച്ചു ഡോക്ടര്‍.

എന്നെ ഇത് പോലെ ഞെട്ടിച്ച ഒരു സംഭവം മുന്നേ ഉണ്ടായിട്ടില്ല. നാട്ടില്‍ വാട്സ് ആപ് , വൈബര്‍, സ്കൈപ്പ് തുടങ്ങിയ സംഭവങ്ങള്‍ സൈജന്യ സേവനം നിര്‍ത്തി, എല്ലാവരോടും കാശ് വാങ്ങാന്‍ ആണ് പറഞ്ഞിരിക്കുന്നത്. 5400 രൂപ കൊടുത്തു 5.4 ഇഞ്ച്‌ സ്ക്രീന്‍ ഉള്ള മൊബൈല്‍ വാങ്ങിയത് തന്നെ കുന്നുംപുറത്തെ ദിനേശന് കൊടുക്കാനുള്ള ചിട്ടികാഷ് എടുത്താണ്. മാസം തോറും 400 എം ബി പ്ളാന്‍ എടുക്കാന്‍ പിന്നേം കൊടുക്കണം 123രൂപ. അതിനിടയിലാണ് ഈ ഒരു വാര്‍ത്ത ഇടിത്തീ പോലെ എന്റെ ചെവിയില്‍ വന്നു വീണത്‌.

സൈജന്യ മെസ്സേജ് അയക്കലും വിളികളും കാരണം മൊബൈല്‍ കമ്പനികള്‍ നഷ്ടത്തിലാവുന്നു, വരുമാനം കുത്തനെ ഇടിയുന്നു എന്നൊക്കെ ആണത്രേ പരാതി. ഡോക്ടര്‍ക്ക്‌ തോന്നുന്നുണ്ടോ ഇതൊക്കെ സത്യമാണെന്ന്..? പെട്രോളിയം കമ്പനികള്‍ ഇതേ പരാതി പറഞ്ഞാണ് കാശ് കൂട്ടുന്നത്‌.

മുക്കിലെ പീടികയിലെ ബാവൂക്ക പറയാറുണ്ട്‌, "പണ്ട് 10-100 സോഡാനാരങ്ങ വെള്ളം പോവുമായിരുന്നു, ഇന്നിപ്പോ 4-5 എണ്ണം പോയാല്‍ ആയി. ഇപ്പൊ പിള്ളേര്‍ക്ക് കോളയും ജൂസും മതി, സത്യം പറഞ്ഞാല്‍ എനിക്കും അതാ ലാഭം..  മെനക്കേടില്ലാണ്ട് കാശ് മാങ്ങാം...." ഇവര്‍ പറയുന്നതും ഈ ലാഭത്തില്‍ വന്ന നഷ്ടത്തിന്റെ കണക്കല്ലേ  ഡോക്ടറെ.. ? ഡോക്ടര്‍ പറ...

ഇനിയിപ്പോ ആ കണക്കില്‍ അവര്‍ക്ക് കുറെ വരുമാനം കുറഞ്ഞാലും ഞങ്ങള്‍ എം ബി കണക്കിന് ഇന്റര്‍നെറ്റ്‌ എടുക്കാന്‍ കുറെ കാശ് അവര്‍ക്ക് കൊടുക്കുന്നില്ലേ.. ? ഇതൊന്നും ആരും കാണുന്നില്ലേ... ? ഞാന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തില്ല ഡോക്ടര്‍; സര്‍ക്കാര്‍ എന്ന് പറഞ്ഞാല്‍ ഞാനും കൂടിയാണെന്നും ഞാനൊക്കെ കൂടി ഉണ്ടാക്കിയതാണെന്നും കഴിഞ്ഞ മീറ്റിങ്ങിലും സതീശന്‍ കിഴക്കേമുറി ആവര്‍ത്തിച്ചു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അപ്പൊ പിന്നെ ഞാന്‍ ഡോക്ടറോട് അല്ലാതെ ആരോട് പറയും ?

ഇതൊക്കെ കാശ് കൊടുത്തു ഉപയോഗിക്കേണ്ടി വന്നാലുള്ള; അതിനു വേണ്ടി വരുന്ന ഭീമമായ ചെലവുകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ എന്റെ കണ്ണില്‍ ഇരുട്ട് കയറുന്നു ഡോക്ടര്‍. ഇതൊക്കെ  ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ശ്വാസം കിട്ടാത്ത അവസ്ഥയാണ്.

ഇതൊന്നും പോരാഞ്ഞു, പോസ്റ്റ്‌ ഓഫീസുകളില്‍ വരുമാനം കുറഞ്ഞത്‌ കൊണ്ട് ഇമെയില്‍ അയക്കുന്നതിനു കാശ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന്, എന്നെ പോലെ വിഷമിക്കുന്ന ഒരു വാട്സ് ആപ് സുഹൃത്ത്‌ കമെന്റ് ഇട്ടിരിക്കുന്നതും കണ്ടു. തമാശയാണെങ്കിലും "ജൂസ്/കോള കമ്പനികള്‍ നഷ്ടം നികത്താന്‍ വേണ്ടി കഞ്ഞിവെള്ളം കുടിക്കുന്നവര്‍ക്ക് 'യൂസര്‍ ഫീ' ഏര്‍പ്പെടുത്തുമോ " എന്ന കമന്‍റും ഞാന്‍ പേടിയോടെയാണ് വായിച്ചത്.

സന്തോഷത്തോടെ ജീവിക്കാനുള്ള എല്ലാ വഴികളും അടഞ്ഞ ഒരുവന്റെ വിലാപമായി കണ്ടു, നല്ലൊരു മറുപടി തരാന്‍ അപേക്ഷിക്കുന്നു.

എന്ന്
ജിക്കുമോന്‍
(ഡോക്ടറെ, കാശ് ലാഭിക്കാന്‍ വേണ്ടി മറുപടി വാട്സ് ആപില്‍ അയച്ചാലുംമതി)

Comments