വിശേഷങ്ങള്‍, ചില കഥകള്‍,

മലേഷ്യന്‍ കുറിപ്പുകള്‍

Gini Gini Follow Mar 31, 2012 · 1 min read
മലേഷ്യന്‍ കുറിപ്പുകള്‍
Share this

അങ്ങനെ പറഞ്ഞു പറഞ്ഞു ഞാനും ഒരു പ്രവാസി ആയി. ഇങ്ങനെ ഒരു തലവര ഉണ്ടെന്നു ആര് കരുതി… ങാ , എല്ലാം വിധി. മലേഷ്യയില്‍ ജീവിക്കാനും തലേവര അങ്ങോര് വരച്ചു വച്ചിട്ടുണ്ടേല്‍ എന്തോന്ന് ചെയ്യാന്‍.

പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നല്ല പാലക്കാടന്‍ / ബസുമതി അരി ചോറൊക്കെ കഴിച്ചു അവിടെ ചെന്നപ്പോ, ദാണ്ടെടാ നാസീ ഗോരെന്ഗ്, മീ ഗോരെന്ഗ് എന്നൊക്കെ എഴുതി വച്ചിരിക്കുന്നു. അന്വേഷിച്ചു ചെന്നപ്പോ ദാണ്ടേ ആദ്യത്തേത് ഫ്രൈഡ് റൈസ് , മറ്റേതു നൂഡില്‍സ്. തള്ളേ, എന്തരൊക്കെ പേരാണോ ആവോ ? ആ, ഒള്ളതാവട്ടെ. നൂഡില്‍സ് കണ്ടപ്പോ ഒരു ചിന്ന ഡൌട്ട്. ഇച്ചിരി തടി കൂടുതല്‍, ഇവന്‍ ഇനി മറ്റവന്‍ വല്ലതും ആണോ..? കണ്ടിട്ട് ഒരു “മണ്ണിര” ലുക്ക്‌. ഭഗവാനെ, പരീക്ഷണമാണോ ? ചോദിച്ചപ്പം പറയുവാ, ഇത് മലേഷ്യന്‍ സ്പെഷ്യല്‍ ആണ് പോലും. അല്ലേലും, പഴയ ഓഫീസിലെ കാന്റീനില്‍ വച്ച് കിട്ടിയ “പാറ്റ, പല്ലി ട്രെയിനിങ്ങുകള്‍ “ ഇവിടെ എന്തായാലും ഉപകരിക്കും എന്നാ തോന്നുന്നത്.

ഒരു ചായക്ക്‌ എങ്ങനെ പറയും ? ഭാഗ്യം, ഒരു കടയില്‍ മലായ്-ഇംഗ്ലീഷ് വിലവിവര പട്ടിക ഉണ്ട്. കൊണ്ട് വാ അണ്ണാ ഒരു “teh”. ദാണ്ടെ വരുന്നു ഒരു ജൂസ് ഗ്ലാസ്‌ നിറയെ ചായ ! വീണ്ടും കിട്ടി എട്ടിന്റെ പണി. ഇതാണത്രേ ഫുള്‍ “Teh”. കാശ് ഇന്ത്യന്‍ രൂപയിലേക്ക് “പരിവര്‍ത്തനം” ചെയ്തു നോക്കിയപ്പോ, വീണ്ടും ഞെട്ടി. പിന്നെ ഒന്നും ചിന്തിച്ചില്ല, വേണ്ടാഞ്ഞിട്ടും, കഷായം കുടിക്കുമ്പോലെ മുഴുവന്‍ വലിച്ചു കുടിച്ചു. അടുത്തിരുന്ന ഒരു അണ്ണന്‍ പറഞ്ഞു തന്നു;”തമ്പീ, കട്ടിങ്ങ്സ് സോല്ലുങ്കോ , ഹാഫ് ടീ കിടക്കും.”

ഓഹോ, ഹാഫ്. അങ്ങനെ അതും പഠിച്ചു. ഹാഫ് “Teh” തന്നെ നമ്മടെ രണ്ടു ഗ്ലാസ്‌ ചായക്ക്‌ തുല്യം. എന്നാ പറയാനാ, വിധി തന്നെ.

പിന്നെ പിന്നെ ഒരു വിധം കാര്യങ്ങള്‍ ഒക്കെ ഒത്തു വരാന്‍ തുടങ്ങി. അല്ലേലും നമ്മള്‍ മല്ലൂസ് അങ്ങനെയൊന്നും തോല്‍ക്കില്ലലോ, ഏതു..

അങ്ങെനെ കാര്യങ്ങള്‍ തട്ട് കേടില്ലാതെ ഒരു വിധം നീങ്ങി കൊണ്ടിരിക്കുമ്പോ, വീണ്ടും ദാണ്ടേ പണി വരുന്നു. ഇന്ന് ഉച്ചക്ക് സൌത്ത് ഇന്ത്യന്‍ ലഞ്ച്കഴിക്കാം എന്നൊരു ഗമണ്ടന്‍ അഭിപ്രായം, എല്ലാരും കയ്യടിച്ചു പാസ്സാക്കി. ഹോട്ടലില്‍ ചെന്നു. ആദ്യം കൊണ്ട് വന്ന സൂപ് (എന്നാണു അവര്‍ പറഞ്ഞത്) ടേസ്റ്റ് ചെയ്തപ്പോഴേ ഞാന്‍ ഉപേക്ഷിച്ചു. വലിയ കുഴപ്പമില്ലാതെ ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരന്‍ പണി ചോദിച്ചു മേടിച്ചു. മേശപ്പുറത്തിരുന്ന ജഗ്ഗെടുത്തു ചോറിലേക്ക്‌ കമഴ്ത്തി. ചോറ് നിറയെ വെള്ളം. എല്ലാരും അന്തം വിട്ടു നോക്കുമ്പോള്‍ വിഷമത്തോടെ കൂട്ടുകാരന്റെ വിശദീകരണം: “ഞാനോര്‍ത്തു ജഗ്ഗില്‍ മോരായിരിക്കുമെന്നു.. :( “

പിന്നെ കേട്ടത് ചിരി മാത്രം… ചിരി ഒന്ന് ഒതുങ്ങി വരാന്‍ ഇച്ചിരി സമയമെടുത്തു.

ഒന്ന് ചിരിയടക്കി, അടുത്ത കറിയെടുത്തു ചോറിലേക്ക്‌ ഒഴിച്ച എന്നെ നോക്കി എല്ലാരും ചിരിക്കാന്‍ തുടങ്ങി. നേരത്തെ ചിരിച്ചതിന്റെ ബാക്കിയാണെന്ന് കരുതി ഞാനും ഒന്ന് ചിരിച്ചു. ഒഴിച്ച കറി കൂട്ടി ഇച്ചിരി ചോറെടുത്ത് വായിലെക്കിട്ടപ്പോള്‍ മനസ്സിലായി, അണ്ണാ പണി വീണ്ടും കിട്ടി. മോര്കറി ആണെന്ന് കരുതി ഒഴിച്ച ആ വൃത്തി കേട്ട സാധനം പായസമായിരുന്നു. അത്രേം ചോറും പോയിക്കിട്ടി. ഇപ്രാവശ്യം എല്ലാരേം തോല്‍പ്പിക്കാന്‍ ഞാന്‍ തന്നെ ആദ്യം ചിരിച്ചു. അല്ലാതെ എന്തോ ചെയ്യാന്‍….

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie