ഇന്നലെ ഓഫീസിലേക്ക് വരുന്ന്ന വഴി ഒരു സംഭവമുണ്ടായി. വഴിയില്‍ ഒരു പ്രശസ്തമായ ഒരു സ്കൂള്‍ ഉണ്ട്. ഇപ്പോഴും പിള്ളാരെ കാണുമ്പോള്‍ ഒരു nostalgic ഫീലിംഗ് ഉണ്ടാകും. എല്ലാരും ഓടിത്തിമിര്‍ക്കുന്നത് കാണുമ്പോള്‍ എന്തോ മനസ്സിന് നല്ല സുഖം കിട്ടും.
ഇന്നലെ വരുന്ന വഴിയില്‍, ഒരു പയ്യന്‍-ആറിലോ ഏഴിലോ പഠിക്കുകയാകണം- എന്റെ മുന്നിലൂടെ നടന്നു പോയി. പെട്ടന്നവന്‍ എന്റെ മുഖത്തേക്ക് നോക്കി; ഒന്ന് ചിരിച്ചു. ഞാനും തിരിച്ചു ചിരിച്ചു. ഒരു ദിവസം ഒരാളുടെ ചിരി ലഭിക്കുന്നത് അത്രയും ഭാഗ്യമാണല്ലോ. ഞാന്‍ അവനെ കടന്നു പോയി. അവന്‍ പതുക്കെ എന്റെ ഒപ്പം നടക്കാന്‍ തുടങ്ങി. ഞാന്‍ ഒന്ന് കൂടി നോക്കി ചിരിച്ചു.
പെട്ടെന്ന് അവന്‍ എന്റെ മുന്നിലേക്ക് വന്നു.
“ചേട്ടാ, ഒരു രണ്ടു രൂപ തരാവോ ?”
ആ ചോദിക്കുന്നത് ഞാന്‍ തന്നെയാണ് എന്നെനിക്കു തോന്നി. ഞാന്‍ കാശെടുക്കാന്‍ കീശയില്‍ കയ്യിട്ടു. പക്ഷെ അടുത്ത നിമിഷം തന്നെ കൈ പിന്‍വലിച്ചു. ഞാന്‍ ചിന്തിച്ചു, ഇത് ആദ്യത്തെ സംഭവമല്ല. മുന്‍പൊരിക്കല്‍ ഇതേ പോലെ കാശ് വാങ്ങി പോയ ഒരു 12- കാരന്‍ എന്റെ മുന്നിലൂടെ സിഗരറ്റും വലിച്ചു പോയപ്പോള്‍, ഈശ്വരാ ഞാനാണല്ലോ അവനു സിഗരട്ട് വാങ്ങാന്‍ കാരണക്കാരനായത് എന്ന് ദുഖിച്ചു. അതിനു ശേഷവും പലപ്പോഴും ഇതാവര്‍ത്തിക്കുന്നതായി കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു.
“നിനക്കെന്തിനാ കാശ് ?”
“ഫുഡ് കഴിക്കാനാ.” അവന്‍ കള്ളച്ചിരിയോടെ പറഞ്ഞു.
“ശരി വാ, ഞാന്‍ വാങ്ങി തരാം.”
“വേണ്ട അണ്ണാ, കാശ് തന്നാല്‍ മതി.”
“കാശ് തരില്ല, വാ, ഫുഡ് വാങ്ങി തരാം.”
അവന്റെ ചിരി മാഞ്ഞു. എനിക്കറിയാം മനസ്സില്‍ അവന്‍ എന്നെ ചീത്ത പറഞ്ഞു കാണും. എന്നാലും അറിഞ്ഞു കൊണ്ട് അവനു വഴി തെറ്റാന്‍ ഒരു പരിധി വരെയെങ്കിലും ഞാന്‍ കാരണക്കാരനാകില്ലേ ? നിങ്ങള്‍ പറ, ഞാന്‍ ചെയ്തത് ശരിയാണോ?