ആക്ഷേപം, ചില കഥകള്‍,

സദുവിന്റെ ഔഷധക്കൂട്ട്

Gini Gini Follow Mar 27, 2011 · 2 mins read
സദുവിന്റെ ഔഷധക്കൂട്ട്
Share this

സദുവിന്റെ കഥ ഇവിടെ മുന്നേ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇത് പക്ഷെ അങ്ങനെയല്ല. സദുവിനോട് “വളരെ സ്നേഹമുള്ള” സദുവിന്റെ സുഹൃത്തുക്കളുടെ നിര്‍ബന്ധം കാരണം ഇവിടെ പോസ്റ്റുന്നു.

ആകെ മൊത്തം ആറടിയോളം പൊക്കവും അതിനൊത്ത നാവും (ഏകദേശം ഒരു മൂന്നടി നീളം വരും!) അങ്ങനെ പലതും ഉണ്ടെങ്കിലും, സ്ഥലകാലബോധം, വിവരം , പക്വത എന്നിവ തീരെ കുറവാണെന്ന വസ്തുത സദു ഓരോ ദിവസവും നമ്മെ ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കും; പല സംഭവങ്ങളിലൂടെ.

ഉയരം കൂടി കട്ടിളപ്പടിയില്‍ തലയിടിച്ചതിന്റെ പിറ്റേന്ന്, സദു “പുര നിറഞ്ഞു” നില്‍ക്കുകയാണെന്ന യാഥാര്‍ഥ്യം വീട്ടുകാരുടെ മനസ്സിലാക്കുകയും, ആയതിനാല്‍ എത്രയും പെട്ടെന്ന് ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയും ചെയ്തു. കാര്യമറിഞ്ഞ സദു തല ഉത്തരത്തില്‍ തട്ടുന്ന കാര്യം പോലും ഓര്‍ക്കാതെ തുള്ളിച്ചാടി, കൂട്ടുകാരെ വിവരമറിയിച്ചു. കൂട്ടുകാര്‍, വീട്ടുകാരുടെ തീരുമാനത്തെ കയ്യടിച്ചും ചിയേര്‍സ് പറഞ്ഞും ടച്ചിങ്ങ്സ് തൊട്ടുനക്കിയും പാസാക്കി.

അങ്ങനെ ഭാവിജീവിതത്തെ കുറിച്ച് ഭാസുരമായ സ്വപ്‌നങ്ങള്‍ കണ്ടു നടക്കുന്നതിനിടയിലാണ് ആ സംഭവം. സ്ഥിരമായി പോകാറുള്ള, ചായക്കടയില്‍ വച്ച് ഒരു ചേട്ടന്‍ (സദുവിന്റെ ഭാഷയില്‍ “ഒരു ചെറ്റ” ) സദുവിനോട് ചോദിച്ചു

“താന്‍ ആ ഓട പണിയുന്നോരുടെ കൂട്ടത്തിലുള്ളതല്ലെടോ ?”

ആഴ്ചയില്‍ കൃത്യമായി രണ്ടു ദിവസം കുളിയും മാസത്തിലൊരിക്കല്‍ തുണിനനക്കല്‍ പരിപാടികളും ചെയ്തു ശീലിച്ച സദുവിന്റെ “സൌന്ദര്യ അവബോധതിനേറ്റ” ആദ്യ പ്രഹരമായിരുന്നു അത്.

(പിണങ്ങണ്ട എന്ന് കരുതി തങ്ങളാരും പറയാറില്ലെന്നു സുഹൃത്തുക്കള്‍ )

പിന്നെ രണ്ടാഴ്ചയോളം കണ്ണാടിയുടെ മുന്നില്‍ കുത്തിയിരുന്ന് അനാലിസിസ് പരിപാടികള്‍ നടത്തി. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ചികിത്സ തുടങ്ങി. പെണ്ണ് കാണലിനു മുന്നേ ഒന്ന് മിനുങ്ങാനുള്ള പൊടിക്കൈകള്‍ പലരും നിര്‍ദേശിച്ചു. മുഖത്തെ പാട് മാറ്റാന്‍ ഇത്, കുരു പോകാന്‍ അത്, നിറം വരാന്‍ ഇന്ന ക്രീം തുടങ്ങി നിര്‍ദേശങ്ങള്‍ വന്നു. “വല്ലപ്പോഴും രണ്ടോ മൂന്നോ പാക്കറ്റ് സിഗരെട്ട്, മണിക്കൂറുകളുടെ വ്യതാസത്തില്‍ വലിച്ചു തള്ളുന്നതിനാല്‍ “ ചുണ്ടിലെ കറുപ്പ് നിറവും ഒരു കീറാമുട്ടിയായിരുന്നു. അപ്പോഴതാ വരുന്നു ഒറ്റമൂലി. ഫയര്‍നെസ്സ്ക്രീമും ഗ്ലിസ്സെരിനും കൂട്ടി പുരട്ടിയാല്‍ ചുണ്ടിലെ കറുത്ത നിറം മാറിക്കിട്ടും. ആനന്ദലബ്ധിക്കിനിയെന്തു വേണം.

നേരെ അടുത്തുള്ള കോസ്മെറ്റിക് ഷോപ്പിലേക്ക് വച്ച് പിടിച്ചു. ആ മാസത്തെ ശമ്പളവും, അടുത്ത മാസത്തെ ശമ്പളവും കൂടി ചേര്‍ത്ത് “ഒരു ചെറിയ ഷോപ്പിംഗ്‌”. റൂമിലെത്തി കോസ്മെറ്റിക് ചികില്‍ത്സ അങ്ങോട്ട്‌ തുടങ്ങി. ആകെ മൊത്തം എന്തൊക്കെയോ മാറ്റങ്ങള്‍ തനിക്കു സംഭവിക്കുന്നതായി ഒരു ആത്മവിശ്വാസം സദുവിനു തോന്നി തുടങ്ങി. തൊലി പൊള്ളിപൊളിഞ്ഞിട്ടോ എന്തോ, ചുണ്ടിലെ കറുപ്പ് നിറത്തിനും ഒരു കുറവുണ്ടായി.

കൂട്ടുകാരും അത്യാവശ്യം മാര്‍ക്കും “എസ് എം എസും” ഒക്കെ തരാന്‍ തുടങ്ങി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സദുവിനെ ഓഫീസില്‍ കാണാതായി. പനിയാനെന്നും പറഞ്ഞു ലീവ്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ “രോഗിയെ” കാണാന്‍ കൂട്ടുകാരും സഹപ്രവര്‍ത്തകരും എത്തി.പൂട്ടിയിട്ട കതകില്‍ മുട്ടി ഏറെ നേരം കഴിഞ്ഞാണ് സദു വാതില്‍ തുറന്നത്.

ആകെ മേലാതെ നടക്കാന്‍ പോലും വയ്യാതെ സദു. ഒരു കള്ളിമുണ്ട് നെഞ്ചില്‍ കയറ്റി ഉടുത്തിട്ടുണ്ട്.

“എന്ത് പറ്റി മാഷെ?”

“ഓ, എന്നാ പറയാനാ, ഏതോ കോസ്മെറ്റിക് കയറി അലെര്‍ജി ആയെന്നു തോന്നുന്നു. ചെറിയൊരു പനിയും ക്ഷീണവും. ഇപ്പൊ കുറച്ചു ഭേദമുണ്ട്.”

“ഡോക്ടറെ കാണിച്ചോ.”

“കാണിച്ചു, മരുന്നുണ്ട്.”

വിശേഷങ്ങളൊക്കെ പറഞ്ഞു തീര്‍ന്നു പോകാനിറങ്ങിയപ്പോള്‍, സദു ആത്മസുഹൃത്തിനെ മാറ്റിനിര്‍ത്തി കാര്യം പറഞ്ഞു. ഇതായിരുന്നു ഫ്ലാഷ് ബാക്ക്.

ഗ്ലിസ്സെരിന്‍ - ഫയര്‍നെസ്സ് ക്രീം കൂട്ട് മുഖത്തും ചുണ്ടിലും തന്ന “സൗന്ദര്യ സൗഭാഗ്യങ്ങള്‍” സദുവിനെ മദോന്മത്തനാക്കി. ക്രീം തേച്ചു, ഒന്ന് പെടുക്കാന്‍ പോയ സദു, തന്റെ “എക്സ്ട്രാ - കാരിക്കുലാര്‍ ആക്ടിവിടീസ് “ -നുള്ള അവയവത്തെ നോക്കി ഇങ്ങനെ പാടി

“എന്തേ കണ്ണന് കറുപ്പ് നിറം?

ഇന്നെന്തേ കണ്ണന്നു കറുപ്പ് നിറം ?”

(പാവം യേശുദാസ്)

കഴുകാത്ത കയ്യിലെ ശേഷിച്ച ക്രീം നോക്കിയ സദുവിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി.

പിന്നെ തെല്ലും ചിന്തിച്ചില്ല, ബാക്കിയുള്ള “ഔഷധക്കൂട്ട്” നേരെ തന്റെ “മാസ്റ്റര്‍പീസ്സില്‍ “ അങ്ങോട്ട്‌ തേച്ചു പിടിപ്പിച്ചു. ഇനി റിസള്‍ട്ട്‌ കുറഞ്ഞു പോകുമോന്നു പേടിച്ചു, കുറച്ചു കൂടി ഔഷധക്കൂട്ടു തയ്യാറാക്കുകയും അത് പരമാവധി അപ്ലൈ ചെയ്യുകയും ചെയ്തു.

ഔഷധക്കൂട്ട് നന്നായിത്തന്നെ വര്‍ക്ക് ചെയ്തു. സദു പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍, നന്നായി റിസള്‍ട്ട്‌ വന്നു. പക്ഷെ അത് പ്രതീക്ഷിച്ച രീതിയില്‍ ആയിരുന്നില്ല എന്ന് മാത്രം. ആകെ പൊള്ളി പൊളിഞ്ഞ തന്റെ മാസ്റ്റര്‍പീസ്സില്‍, സദു എംബിബിഎസും ബിഡിഎസ്സും പഠിച്ചു. അവസാനം പഴുത്തു പാകമാകി തുടങ്ങിയ “കുഞ്ഞിനേയും” കൊണ്ട് നെയ്യാറ്റിന്‍കരയിലെ ഏതോ ഹോസ്പിറ്റലില്‍ അഭയം തേടി. കുറെ മരുന്നുകളും - കൂട്ടായി കുറെ തെറിയും- വച്ചുകെട്ടി ഡോക്ടര്‍ സദുവിനു സമ്പൂര്‍ണ്ണ ബെഡ് റസ്റ്റ്‌ വിധിച്ചു.

നാണക്കേട്‌ കാരണം പനിയാണെന്ന് പറഞ്ഞു ലീവെടുത്തതാണ്.

“നീ ഇതാരോടും പറഞ്ഞു എന്നെ നാറ്റിക്കരുത് കേട്ടോ.”

നല്ലവനായ സുഹൃത്ത്‌ ആരോടും പറയാതെ ഈ രഹസ്യം കാത്തു സൂക്ഷിച്ചത് കൊണ്ട് സംഗതി ആരും ഒരിക്കലും അറിഞ്ഞില്ല. അല്ലേല്‍ സദു എന്ത് ചെയ്തേനെ ? നിങ്ങളും ആരോടും പറയരുത് കേട്ടോ.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie