കസബ് പോയതിനു ശേഷം, ബാക്കി വന്ന ബിരിയാണി ആര്‍ക്കു കൊടുക്കും, ഇനി ആരെ തീറ്റിപ്പോറ്റും എന്ന് ആലോചിക്കുവായിരുന്നു. ദാണ്ടേ, ഒന്നിന് പകരം അഞ്ചെണ്ണം. മതി, ഇത് മതി. കസബിനെ പോലെ, കേസ് വലിയ സീരിയസ് ഒന്നുമല്ല. ഡല്‍ഹിയില്‍ ഒരു പെണ്ണിനെ ചുമ്മാ ഒന്ന് പീഡിപ്പിച്ചു. ആരുടെയോ ഭാഗ്യം, ആ കൊച്ചു ജീവനോടെ ബാക്കിയായി. (ഇവര്‍ക്ക് ഭാഗ്യമില്ല, അതിന്റെ ജീവന്‍ പോയിരുന്നേല്‍, ബിരിയാണി മട്ടന്‍ ആയേനെ.)
ഇനിയിപ്പോ തടിയൊക്കെ ഉഷാറാക്കി, ഒന്ന് മെനയാവാം. ജയിലിനുള്ളില്‍ വച്ച് എങ്ങനെ ആരോഗ്യം നന്നാക്കാം എന്ന കാര്യത്തില്‍, എന്തെങ്കിലും സംശയം വരുകയാണേല്‍, ആ ഗോവിന്ദച്ചാമിയോടോ, വിശ്വരാജനോടോ ചോദിച്ചാല്‍ മതി. (അറിയില്ല ?, അല്ലെങ്കിലും നിങ്ങള്‍ക്ക് മഹാന്മാരെ പറ്റി പഠിക്കാന്‍ ഇഷ്ടമല്ലല്ലോ. ഗോവിന്ദച്ചാമി- സൗമ്യ വധകേസ് , വിശ്വരാജന്‍ - സ്മിത വധകേസ് ). അവര് പറഞ്ഞു തരും എങ്ങനെ നന്നാവാം എന്ന്; സ്വഭാവമല്ല, തടി നന്നാക്കുന്ന കാര്യം.
പക്ഷെ എന്റെ സങ്കടം അതല്ല, ഈ അഞ്ചു പേരും ആ പുണ്യജീവിതം ജീവിച്ചു തീര്‍ക്കും മുന്നേ, വല്ല ഡെങ്കിപ്പനിയും ജലദോഷവും പിടിച്ചു ചത്ത് പോകുമോ എന്നാ.
- പ്രതികരണശേഷി അറബികടലില്‍ എറിഞ്ഞ ഒരു പാവം വായനോക്കി -