സമകാലീകം, ചിന്താവിഷയം, ആക്ഷേപം,

അതിവേഗ റെയിൽ ഇടനാഴി - ഇവിടെ എന്താ സംഭവിക്കുന്നത് ?

Gini Gini Follow Mar 19, 2013 · 1 min read
അതിവേഗ റെയിൽ ഇടനാഴി - ഇവിടെ എന്താ സംഭവിക്കുന്നത്  ?
Share this

ഇനിയിപ്പോ ഇത് കിട്ടീട്ടു വേണമല്ലോ, കോരന് കഞ്ഞി വെച്ച് കുടിക്കാൻ. ഉള്ളത് നേരെ ആക്കാതെ ഇത്രേം അഴിമതിക്ക് സാധ്യതയുള്ള ഒരു പദ്ധതിക്ക് വഴിവിളക്ക് കാട്ടുന്നവർ എന്തേ, ഇതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുന്നവരെ കുറിച്ചും അവരുടെ നോവുകളെ കുറിച്ചും ചിന്തിക്കുന്നില്ല ?

തിരുവനന്തപുരം മുതൽ മംഗലാപുരം വരെയാണ് , ഉദ്ദേശം 1.7 ലക്ഷം കോടി ചെലവ് വരുന്ന ഈ അതിവേഗ റെയിൽ ഇടനാഴി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതു. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്ത് എത്താൻ ഏകദേശം 2.30 മണിക്കൂർ മതിയാവും എന്നാണു ഇപ്പോഴത്തെ വാഗ്ദാനം. അത്രേം പെട്ടെന്ന് അവിടെ എത്തീട്ട് ആര്ക്ക് എന്ത് ചെയ്യാൻ ആണ് ? അങ്ങനെ പോകേണ്ട ആളുകൾക്ക് വിമാനമാര്ഗ്ഗം ഉപയോഗിക്കാവുന്നതല്ലെ ? മാത്രമല്ല ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച്, പുതിയ ട്രെയിൻ സൗകര്യം ഉപയോഗിക്കുന്നതിനു ഏകദേശം വിമാനമാര്ഗ്ഗതിന്റെ ഇരട്ടിയോളം ചെലവ് വെരും. (മാധ്യമങ്ങളിൽ കണ്ടത്).

ഇപ്പോഴുള്ള ജനശതാബ്ദി പോലുള്ള ട്രെയിനുകൾ കൂട്ടി പരിഹരിക്കാവുന്ന രീതികൾ എന്തെ ആർക്കും ദഹിക്കുന്നില്ല ? എല്ലാ റെയിൽ ബജറ്റുകളിലും “കേരളത്തെ ഇത്തവണയും അവഗണിച്ചു” എന്ന് പത്രങ്ങൾ വിളിച്ചു പറയുമ്പോൾ ആരും എന്ത് കൊണ്ട് മിണ്ടുന്നില്ല ? അതിനു പകരം, കൈ ഇട്ടു വാരാൻ പറ്റുന്ന ഒരു “ചക്കരക്കുടം” ഇവിടെ കൊണ്ടുവരാൻ ആർക്കാണ് ഇത്ര തിടുക്കം ? ഈ പറഞ്ഞ പദ്ധതിയുടെ നൂറിൽ ഒരംശം മാത്രം മതി ഇപ്പോഴുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ.

കുറഞ്ഞ അന്തരീക്ഷമലിനീകരണം, ഉയര്ന്ന ഊര്ജ്ജ-ക്ഷമത, കുറഞ്ഞ അപകടസാധ്യത തുടങ്ങി, നിരത്തുന്ന വാഗ്ദാനങ്ങൾ ചില്ലറയല്ല. പക്ഷെ, കുറെ ജപ്പാൻ ചിത്രങ്ങൾ കാണിച്ചു ഒരു സ്ലൈഡ് ഷോ തയ്യാറാക്കി കാണിക്കുന്നവർ, അവിടെ പദ്ധതികൾ എങ്ങനെ, എത്ര പെട്ടെന്ന് നടപ്പിലാക്കുന്നു എന്ന് പരിശോധിച്ചിട്ടുണ്ടോ? എന്തിനു ജപ്പാൻ, തൊട്ടടുത്ത തമിഴ്നാട്ടിൽ പോലും സൂപ്പർ എക്സ്പ്രസ്സ്‌ ദേശീയ പാതകൾ പണി തീർത്ത് ഉപയോഗത്തിന് കൊടുക്കുമ്പോൾ, ഇവിടെ ഒരു ബേക്കറി ഫ്ലൈഓവർ അല്ലേൽ ഒരു ദേശീയപാത നവീകരണം തീര്ക്കാൻ എടുക്കുന്ന സമയം ആരൊക്കെ കണക്കു കൂട്ടിയിട്ടുണ്ട് ?

മാത്രമല്ല, ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കി വേണം പുതിയ പദ്ധതികൾ വിഭാവനം ചെയ്യാൻ എന്നിരിക്കെ, ഈ പറഞ്ഞ അതിവേഗ റെയിൽ ഇടനാഴി പദ്ധതി കാരണം ഭൂമി നഷ്ടപ്പെടാൻ പോകുന്നത് 6306 പേർക്കാണ്. ദേശീയപാത നവീകരണം പോലുള്ള പദ്ധതികളിൽ, ഇത്തരം ഭൂരഹിതരായവർക്ക് ലഭിച്ച നഷ്ടപരിഹാരവും മോശം അനുഭവങ്ങളും ഈ പദ്ധതിയോടുള്ള വെറുപ്പ്‌ കൂട്ടുകയെ ഉള്ളൂ. എന്ത് കൊണ്ട് ജനവാസകേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കികൊണ്ടുള്ള വികസന പ്രവർത്തനങ്ങളിൽ ആര്ക്കും താല്പര്യം കാണുന്നില്ല ?

ഒരു പിന്തിരിപ്പൻ കുറിപ്പായി ഇതിനെ നിങ്ങൾ കണ്ടേക്കാം, വികസനവിരോധി എന്ന് വിളിച്ചേക്കാം, പക്ഷെ “ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുമ്പോ കാണാൻ നല്ല ചേലാണ് “ എന്നൊരു ചൊല്ലുണ്ട്. നാളെ നിങ്ങളും ഇതിൽ ഇരയാവും; അപ്പോഴും മുഖത്ത് ഈ പുച്ഛം വരുന്നുണ്ടോ എന്ന് നോക്കണം.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie