രാവിലെ ഓടിപ്പിടിച്ച് ഓഫീസിലേക്ക് പോകാനുള്ള തത്രപ്പാടിലാണ് അത് ശ്രദ്ധിച്ചത്, ബ്രേക്ക്‌ഫാസ്റ്റിനു മേശപ്പുറത്തു നല്ല ഓമനത്വമുള്ള ഇഡ്ഡലിയും വെറും “ഒരു ദിവസം പ്രായമുള്ള” സാമ്പാറും. ആക്രാന്തം മൂത്ത് വാരിയെടുക്കുമ്പോഴാണ് എവിടെയോ പണ്ട് വായിച്ച “ഇഡ്ഡലി - സാമ്പാര്‍” ലേഖനം ഓര്‍മ്മ വരുന്നത് (ടൈംസ് ഓഫ് ഇന്ത്യയില്‍ ആണെന്ന് തോന്നുന്നു). മുംബൈ നിര്‍മ്മല നികേതനിലെ, ഹോം സയന്‍സ് വിഭാഗം നടത്തിയ സര്‍വ്വേ പ്രകാരം, ഏറ്റവും പോഷകഗുണങ്ങളുള്ള പ്രഭാത ഭക്ഷണമായി അവര്‍ കണ്ടെത്തിയത് ചെന്നൈയിലെ “ഇഡ്ഡലി-സാമ്പാര്‍-ഫില്‍റ്റര്‍ കോഫി” സെറ്റ് ആണ്. അപ്പൊ, “ഇതൊക്കെ ഗ്യാസാണ്, നമ്മക്ക് വേണ്ടായേ” എന്ന് പറഞ്ഞു നടന്ന നമ്മള്‍ ആരായി ?
നമ്മള്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ചു മലയാളികള്‍ “എന്റെ ആരോഗ്യം പോയെ, തടി കൂടിയേ, കുടവയര്‍ വന്നെ” എന്നൊക്കെ കാറിക്കൂവി, ദിവസവും മുടിഞ്ഞ ഫുഡ് കണ്ട്രോള്‍ നിയമങ്ങള്‍ പാസ്സാക്കി വിടുകയാണ്. ആരോഗ്യകാര്യത്തിലുള്ള ഈ അമിതശ്രദ്ധ പക്ഷെ ഭക്ഷണം കാണുമ്പോള്‍ മറന്നും പോകും. പിന്നെ സംഭവിക്കുന്നതു മതിയാവാതെ ഭക്ഷണം നിര്‍ത്തുകയോ, പ്രഭാതഭക്ഷണം/ഊണ് ഒഴിവാക്കുകയോ ചെയ്യുക തുടങ്ങിയ എളുപ്പ വഴികള്‍ കണ്ടെത്തലാണ്. ഭക്ഷണക്കാര്യത്തിലുള്ള ഈ അമിതശ്രദ്ധ പക്ഷെ വിപരീതഫലം മാത്രമേ ഉണ്ടാക്കുന്നുള്ളൂ.
പിന്നെ കേരളത്തിലെ കാര്യം, നല്ല ചൂട് പൊറോട്ട നമ്മുടെ ദേശീയ പ്രഭാത ഭക്ഷണമായിട്ടു കാലങ്ങളായി. രാവിലെ രണ്ടെണ്ണം അകത്താക്കിയാല്‍ പിന്നെ സിമന്റു ഇട്ടതു പോലെ അവിടെ കിടന്നോളും, ഇടയ്ക്കിടെ ഒന്ന് നനച്ചു കൊടുത്താല്‍ മതി. പറഞ്ഞു വന്നത് ഇഡ്ഡലിയുടെ കാര്യം; പ്രോട്ടീന്‍സ്, ഫാറ്റ്, കാര്‍ബോഹൈദ്രേറ്റ് തുടങ്ങി എല്ലാ വിധ പോഷകങ്ങളും ഇഡ്ഡലിയില്‍ അടങ്ങിയിരിക്കുന്നു എന്നാണ് പറഞ്ഞു വരുന്നത്. പിന്നെ സാമ്പാര്‍; അവിയല്‍ കഴിഞ്ഞാല്‍ ഇത്രയും പച്ചക്കറികള്‍ അടങ്ങിയ ഇതു കറിയുണ്ട് ? വെറുതെയല്ല പണ്ടത്തെ കാരണവന്മാര്‍ നല്ല പന പോലെ ഇരുന്നത്.
വാൽ : മൂന്നോ നാലോ ഇഡ്ഡലി കഴിക്കുന്നവരെ വെച്ചാണ് അവരൊക്കെ സർവ്വേ നടത്തുന്നത്; ഇതും വായിച്ചു പത്തു മുപ്പതു ഇഡ്ഡലിയും തട്ടി, കുറെ പോഷകങ്ങൾ അകത്തായി എന്ന് കരുതേണ്ട…