ചില കഥകള്‍,

എനിക്കറിയാം ഇന്ദിര എന്നെ ഓര്‍മ്മിച്ചിരുന്നു

Gini Gini Follow Feb 21, 2010 · 2 mins read
Share this

ഇന്ദിര എനിക്ക് ആരായിരുന്നു ? ഞാന്‍ പലപ്പോഴും എന്നോട് തന്നെ ചോദിക്കാരുണ്ടായിരുന്നു; ഇന്ദിരയുടെ കല്യാണം കഴിഞ്ഞു എന്നറിയുന്നത് വരെ.

അന്നൊക്കെ എണ്ണയിട്ടു മിനുക്കിയ മുടിയും, വാലിട്ടു വരച്ച കണ്ണുകളും ഇന്ദിരയെ കൂടുതല്‍ സുന്ദരിയാക്കുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ദിരയുടെ ചങ്ങാത്തം തന്നെ വലിയൊരു കാര്യമായി തോന്നിയത് സ്കൂളില്‍ മറ്റുള്ളോര്‍ അസൂയയോടെ നോക്കിനില്‍ക്കുന്നത് കാണുമ്പോഴാണ്.

“കണ്ടോ അവന്റെ പത്രാസ്സ്. “

ഞങ്ങളുടെ മലയാളം സാര്‍, ശങ്കരന്‍ മാഷിന്റെ അനന്തിരവളായിരുന്നു ഇന്ദിര. സ്കൂളില്‍ മാഷന്മാര്‍ക്കു ചായയുണ്ടാക്കാന്‍ പതിവായി പാല്‍ കൊണ്ട് പോകുന്നത് ശങ്കരന്‍ മാഷിന്റെ വീട്ടില്‍ നിന്നായിരുന്നു.

രാവിലെ തോളില്‍ പുസ്തകസഞ്ചിയും കയ്യില്‍ പാല്‍പാത്രവുമായി എന്നെയും കൂട്ടുകാരെയും കാത്തുനില്‍ക്കുന്ന ഇന്ദിരയുടെ രൂപം ഞാന്‍ ഇന്നുമോര്‍ക്കുന്നു. “പെട്ടെന്ന് വാ, ഇപ്പൊ തന്നെ സമയം കൊറേ പോയി”

പുസ്തകസഞ്ചിയില്‍ കൂര്‍പ്പിച്ചു തീരാറായ പെന്‍സിലും കുറെ മഷിതണ്ടുകളും സമ്പാദ്യമായി കൊണ്ട് നടന്നിരുന്ന ഞാന്‍, ഇന്ദിര തന്ന മദ്രാസ് പെന്‍സിലുകള്‍ കാട്ടി ‘സമ്പന്നത’ കാണിച്ചിരുന്നു.

അന്നൊക്കെ മാഷന്മാരോടും ടീച്ചരോടും ദേഷ്യം തീര്‍ക്കാന്‍ പ്രത്യേകിച്ച് മാര്‍ഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറെയൊക്കെ അമ്പലത്തിലെ ശിവനും കൃഷ്ണനും അങ്ങേല്‍പ്പ്പിക്കും

“ഈശ്വരാ, മാഷ്‌ സ്കൂളില്‍ വരുമ്പോള്‍ മുണ്ടില്‍ ചളി തെറിക്കണേ, ആ വസന്തടീച്ചറിന്റെ പച്ച സാരി, ഇസ്തിരിയിടുമ്പോ കത്തിപോണേ,”

എന്നിട്ടും ദേഷ്യം തീരാഞ്ഞാല്‍ പിന്നെ ഉള്ളത് ഒരു അപകടം പിടിച്ച പ്രതികാരമാര്‍ഗ്ഗമായിരുന്നു. മാഷിന്റെയും, ഏതെങ്കിലും ടീച്ചറിന്റെയും പേരുകള്‍ ‘+’ ഇട്ടു ചുവരിലോ മതിലിലോ എഴുതിവക്കുക.

രാജന്‍മാഷ്‌ + ശാന്തടീച്ചര്‍

അന്നത്തെ ഏറ്റവും വലിയ ‘നാറ്റിക്കല്‍ തന്ത്രം’. പക്ഷെ , പിടിക്കപ്പെട്ടാല്‍ തീര്‍ന്നു.

മൂന്നാമത്തെ ബെഞ്ചിലെ സുധി എന്നോട് ചോദിച്ചു.

“എടാ ഒരു മദ്രാസ്‌ പെന്‍സില്‍ തരാവോ ?”

“ഇല്ല”.

“എടാ ഒരു കഷണമെങ്കിലും താടാ.”

“ഇല്ല തരില്ല.”

“എടാ, എന്നാ ഒരു മഷിത്തണ്ട് തരാവോ ?”

“ഇല്ല, ഇനിക്കെന്താ കൊണ്ടുവന്നാല്‍ ?”

“അപ്പൊ തരൂലാ ?, ശരി ഇന്നെ ഞാന്‍ കണ്ടോളാം”

ആ കാരണത്താലാണ്, സുധി എന്നോട് യുദ്ധം പ്രഖ്യാപിക്കുന്നത്. പക്ഷെ അവന്‍ അതിനു കണ്ട വഴി കുറച്ചേറെ കടന്നു പോയി.

ഉച്ചക്ക് ഭക്ഷണം കഴിച്ചു പാത്രം കഴുകാന്‍ പോയ പിള്ളേരാണ് ആദ്യം കണ്ടത്. പലരും എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി.

“എന്താടാ?, ഇനിക്കൊക്കെ വട്ടായാ ? “

ഇച്ചിരി കഴിഞ്ഞപ്പോള്‍, ഇന്ദിര കരഞ്ഞു കൊണ്ട് ക്ലാസ്സില്‍ വരുന്നതും, സങ്കടത്തോടെ എന്നെ നോക്കുന്നതും ഞാന്‍ കണ്ടു.

അപ്പോഴാണ്‌ കാര്യം ഗൗരവമുള്ളതാണെന്ന് എനിക്ക് തോന്നിയത്. ഞാന്‍ കാര്യം മനസ്സിലാകാതെ ചെന്ന് നോക്കി.

“ആഹാ, ഇതാരാ വരുന്നേ ?” ആരോ വിളിച്ചു പറയുന്നത് കേട്ടു.

നോക്കിയപ്പോള്‍ മൂത്രപ്പുരയുടെ ചുവരില്‍, വലുപ്പത്തില്‍ എന്റെയും ഇന്ദിരയുടെയും പേരുകള്‍ “+” ഇട്ടു എഴുതി വച്ചിരിക്കുന്നു.

മാഷിന്റെ കയ്യില്‍ നിന്നും കിട്ടാന്‍ പോകുന്ന അടിയേക്കാളും എന്നെ തളര്‍ത്തിയത് ഇന്ദിരയുടെ മുഖമായിരുന്നു.

ശങ്കരന്‍ മാഷ് വന്നു, അത് മായ്ച്ചു കളയാന്‍ പറയുന്നതും, ആരെയൊക്കെ വിസ്തരിക്കുന്നതുമെല്ലാം ഞാന്‍ പാതി നിറഞ്ഞ കണ്ണിലൂടെ കണ്ടു. എന്റെ ഭാഗ്യത്തിന്, ഇത് ചെയ്തത് താനാണെന്ന് സുധി ഏറ്റുപറഞ്ഞു. പക്ഷെ ഇന്ദിരയുടെ മുഖം നേരെയാകാന്‍ പിന്നെയും ദിവസങ്ങളെടുത്തു.

പിന്നെ സ്കൂള്‍ മാറിയപ്പോഴും, ഡിവിഷന്‍ അനുസരിച്ച് ക്ലാസുകള്‍ മാറിയപ്പോഴും ഇന്ദിരയുടെ ചിരിയും ചങ്ങാത്തവും എനിക്ക് നഷ്ടപ്പെടാന്‍ തുടങ്ങി. പക്ഷെ അതെന്റെ തോന്നല്‍ മാത്രമാണെന്ന് ഇന്ദിര തന്നെ എന്നിക്ക് മനസ്സിലാക്കി തന്നു.

ഹൈസ്കൂളില്‍ ചേരാന്‍ ഞാന്‍ അച്ഛന്റെ നാട്ടിലേക്ക് പോന്നതോടെ ഇന്ദിര ഓര്‍മ്മകള്‍ മാത്രമായ്. പിന്നെടെപ്പോഴോ ടൌണില്‍ വച്ചു കണ്ടപ്പോഴും ആ ചിരി എനിക്ക് സമ്മാനിച്ച്‌ ഇന്ദിര കൈ വീശി.

പലരും ഇന്ദിരയെ കുറച്ചു പറയുമ്പോള്‍ ഞാന്‍ കാത്ത് കൂര്‍പ്പിച്ചു കേള്‍ക്കും. എന്നെ കുറിച്ച് ഇന്ദിര അന്വേഷിച്ചു, എന്ന് കേള്‍ക്കുമ്പോഴും ഞാന്‍ സന്തോഷിച്ചു.

എനിക്കറിയാം ഇന്ദിര എന്നെ ഓര്‍മ്മിച്ചിരുന്നു, ഒരു നല്ല കൂട്ടുകാരനായി.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie