അല്ലേലും അനന്തപുരിക്ക് മേളയുടെ തിരക്കൊഴിഞ്ഞു ഒരു സമയമുണ്ടാകാരില്ലല്ലോ. ആകെ മൊത്തം ഒന്ന് ഒതുങ്ങി വന്നപ്പോഴേക്കും ദാണ്ടെ വരുന്നു സൂര്യഗ്രഹണം. അങ്ങനെ അതും കനകക്കുന്നില്‍ വച്ചു സര്‍ക്കാര്‍ ചിലവില്‍ തന്നെ ആഘോഷിച്ചു. മന്ത്രിമാര്‍ വിശാലമായി തന്നെ സൂര്യഗ്രഹണം “ഉത്ഘാടനം” ചെയ്തു. ചെന്ന് നോക്കിയപ്പോള്‍, കണ്ട സ്കൂള്‍ പിള്ളേര്‍ മൊത്തം സ്പെഷ്യല്‍ കണ്ണടേം എക്സ്റേ ഷീറ്റുമോക്കെയായി മോളിലോട്ട് നോക്കിയിരിപ്പാണ്. കൂട്ടിനു കൊറേ നോര്‍ത്ത് ഇന്ത്യന്‍സും, സായിപ്പുമാരും, (നാടന്‍ സായിപ്പുമാരും ഒണ്ടു കേട്ടോ ) ഒക്കെ ആകെ ബഹളം.
ഒന്ന് രണ്ടു പ്രാവശ്യം നമ്മളും “വാടകയ്ക്ക്” കിട്ടിയ ഒരു ഷീറ്റൊക്കെ വച്ചു നോക്കി കൊള്ളാം. പക്ഷെ അതിലും രസം ഇതൊക്കെ നോക്കി കൊണ്ടിരിക്കുന്ന “ശാസ്ത്ര കുതുകികളെ” നോക്കാനായിരുന്നു. ചില ടീംസിനെ കണ്ടു; ഗ്രഹണകണ്ണടേം വച്ചു മലര്‍ന്നു കിടപ്പാണ്. ഭാഗവാനറിയാം ഇതിന്റെയൊക്കെ കണ്ണ് ബാക്കിയാകുമോ എന്ന്. നമ്മുടെ കണ്ണിനും ഭയങ്കര സ്ട്രൈനായിരുന്നു; ഇതുങ്ങളെയൊക്കെ നോക്കിനില്‍ക്കണ്ടേ !.
അങ്ങനെയിരിക്കുമ്പോ ദാ പിന്നെ കനകക്കുന്നില്‍ കുറെ തോരണോം കൊടീം വടിയുമൊക്കെ കെട്ടിയിരിക്കുന്നു. ഓ നിശാഗന്ധി ഫെസ്റിവല്‍. അപ്പൊ ഒരാഴ്ച ഇച്ചിരി ഓടി നടന്ന് വായ്നോട്ടം വേണ്ടി വരും. കാരണം കനകക്കുന്നു മുഴുവന്‍ പരിപാടികളാണ്. ദിവസോം കഥകളി, വേറൊരു സ്റ്റേജില്‍ ഗാനമേളകള്‍ , വേറൊരിടത്ത് ആദിവാസിമേള, ഓപ്പണ്‍ സ്റ്റേജില്‍ വിവിധ പരിപാടികള്‍ എന്നിങ്ങനെ പോക്കുന്നു. ശ്രദ്ധേയമായത് കുടിലുകളും കവാടവും അരുവികളും ഏറുമാടവും ഒക്കെ ചേര്‍ന്ന ആദിവാസി ഊരുകളായിരുന്നു. മുളയരി, കാട്ടുതേന്‍, ഇഞ്ച, താളിപ്പൊടി, കസ്തോരി മഞ്ഞള്‍ തുടങ്ങിയ ആദിവാസികളുടെ തനതായ വിഭവങ്ങളും മേളയില്‍ ലഭ്യമായിരുന്നു.
ഓപ്പണ്‍ സ്റ്റേജില്‍ പല്ലവികൃഷ്ണനും സംഘവും അഷ്ടപടിക്ക് മോഹിനിയാട്ടത്തിന്റെ ലാസ്യഭാവം തീര്‍ക്കുന്നുണ്ടായിരുന്നു. ശേഷം അലര്‍മേല്‍ വള്ളിയുടെ ഭരതനാട്യവും. ഹോ, ആകെ മൊത്തം ഒരു വെടിക്കെട്ട് കഴിഞ്ഞ പ്രതീതി.
അടുത്ത ബുധനാഴ്ച വരെ ഇനി ഇച്ചിരി വിയര്‍ക്കേണ്ടി വരും. ഈശ്വര എനിക്കറിയില്ല എന്നേ കൊണ്ട് ഇതൊക്കെ കണ്ടു തീര്‍ക്കാന്‍ പറ്റുമോ എന്തോ.