ചില കഥകള്‍,

കുളക്കാക്കകളും നെറ്റിപ്പൊട്ടന്‍മാരും

Gini Gini Follow Nov 11, 2010 · 3 mins read
കുളക്കാക്കകളും നെറ്റിപ്പൊട്ടന്‍മാരും
Share this

മൂന്നാം വയസ്സിലാണ് ഞാന്‍ അമ്മയുടെ നാട്ടിലേക്ക് താല്‍ക്കാലികമായി സ്ഥലം മാറ്റപ്പെടുന്നത്. ചുമ്മാവന്നതാണെങ്കിലും ആകെ മൊത്തം അവിടം ഇഷ്ടപെട്ടത് കൊണ്ടോ എന്തോ ‘അരിയില്‍’ ഹരിശ്രീ എഴുതിച്ചു എന്നെഅവിടുത്തെ സ്കൂളില്‍ തന്നെ ചേര്‍ത്തു. ഏഴാം ക്ലാസ്സ് വരെ അവിടെ തന്നെ പഠിച്ചു.

അവിടെ വച്ചാണ് പല അടിസ്ഥാന കഴിവുകളും (അടവുകളും) ഞാന്‍ പഠിച്ചെടുക്കുന്നത്. അങ്ങനെ കോടഞ്ചേരി സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കുളക്കാക്കകളോടും താറാവ്കുഞ്ഞുങ്ങളോടും അസൂയ തോന്നി നീന്തല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടാകുന്നത്. അങ്ങനെ നാട്ടിലെ തല മൂത്ത നീന്തല്‍ വിദഗ്ദര്‍ മുങ്ങാംകുഴിയിട്ടും മലക്കം മറിഞ്ഞും തിമിര്‍ക്കുന്ന അമ്പലക്കുളത്തിന്റെ കരയില്‍ ഞാനും എത്തിച്ചേരുന്നു.

അമ്മാവന്മാരുടെയും ചേട്ടന്മാരുടെയും കൂടെ ഒന്നു മുങ്ങി നിവര്‍ന്നു തൃപ്തിപ്പെട്ടിരുന്ന ഞാന്‍, കുളത്തിലെ പച്ച കലര്‍ന്ന വെള്ളത്തിലേക്ക് ഇച്ചിരി പേടിയോടെ നോക്കി. കുറെ നെറ്റിപ്പോട്ടന്മാര്‍ (നെറ്റിയില്‍ തിളങ്ങുന്ന പൊട്ടുള്ള ഒരു തരം മീന്‍) എന്നെ നോക്കി കളിയാക്കുന്നുണ്ടായിരുന്നു. ‘എടാ എടാ, രണ്ടു ദിവസം കഴിയട്ടെ. നിന്നെയൊക്കെ ഞാന്‍ എടുത്തോളാം.’ ഞാന്‍ മനസ്സില്‍ പിറുപിറുത്തു.

ആരാണ് ഒരു ഗുരു എന്ന് ചോദിച്ചാല്‍ കൃത്യമായി ഓര്‍ക്കുന്നില്ല. പക്ഷെ പലരും ‘ഇങ്ങനെ കൈ വീശണം, അങ്ങനെ കാലടിക്കണം, വായ തുറക്കാനേ പാടില്ല’ എന്നൊക്കെ ഉപദേശങ്ങള്‍ തരുന്നുണ്ടായിരുന്നു. ലവന്മാര്‍ക്കു അങ്ങനെയൊക്കെ പറഞ്ഞൊണ്ടിരിക്കാം, ഇതൊക്കെ ശ്രദ്ധിക്കാന്‍ നമ്മള്‍ക്കെവിടാ ടൈം. വെള്ളത്തിലിറങ്ങിയാല്‍ എങ്ങനേലും ഒരു കര പിടിക്കാനുള്ള തത്രപാടിലായിരിക്കും നമ്മള്‍.

അമ്മാവനുണ്ടാക്കി തന്ന തൊന്ടല (ഉണങ്ങിയ, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രണ്ടു തേങ്ങകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു തരം ലൈഫ് ജാക്കെറ്റ്‌ ) ചുമലില്‍ വച്ചു രാവിലെ തന്നെ കുളത്തിലേക്ക് വച്ചു പിടിക്കും. പിന്നെ അതിന്റെ മുകളില്‍ കിടന്നു പതുക്കെ കൈയും കാലും ഇട്ടടിച്ചോണ്ടിരിക്കും. ഇടയ്ക്ക് തലയില്‍ വെള്ളം പിടിക്കാതിരിക്കാന്‍ കഷ്ട്ടപ്പെട്ടു ഒന്നു മുങ്ങി നിവരും. ഇതു നാലഞ്ചു ദിവസം തുടര്‍ന്നു.

നമ്മടെ ചേട്ടന്മാര്‍ ഇതു കണ്ടോണ്ടിരിക്കുന്ന വിവരം, സത്യം പറഞ്ഞാല്‍ ഞാന്‍ ശ്രദ്ധിച്ചതേയില്ല. അടുത്ത ദിവസം രാവിലെ ഞാന്‍ കുളക്കരയില്‍ എത്തുമ്പോള്‍ അവന്മാര്‍ അത്തരത്തില്‍ ഒരു രഹസ്യ അജണ്ട നടപ്പാക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. തൊന്ടല നെഞ്ഞത്ത് വച്ചു ഉറപ്പിച്ചു, കുളത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോളാണ് അത് സംഭവിച്ചത്. ഞാന്‍ ഭാരം കുറഞ്ഞു മുകളിലേക്ക് പൊങ്ങി പോകുന്നത്പോലെ തോന്നി. ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്, പോങ്ങിപോകുന്നുണ്ട് , പക്ഷെ ഭാരം കുറഞ്ഞതല്ല, നമ്മടെ രണ്ടു ചേട്ടന്മാര്‍ എന്നെ മൂടോടെ പൊക്കിക്കൊണ്ട്പോകുകയാണ്.

“അയ്യോ ചേട്ടാ എന്റെ തൊന്ടല…”

“അതവിടെ കെടക്കട്ടെ.. ഇനി ഇഞ്ഞ് (നീ) തൊന്ടലയില്ലാതെ നീന്ത്യാ മതി…”

“അയ്യോ എനിക്ക് ശരിക്കും നീന്താനരീലാ…”

” അത് കൊഴപ്പില്ല, അങ്ങന്യാ എല്ലാരും പടിക്ക്വ. “

ദാണ്ടെ അവന്മാര്‍ എന്നേം പൊക്കികൊണ്ട് എല്ലാരും മലക്കം മറിയുന്ന മതിലിന്റെ അടുത്തേക്ക് നടക്കുന്നു. എന്റെ കാറിക്കരച്ചില്‍ വെറുമൊരു ‘കുള’- രോദനം മാത്രമായി അവശേഷിച്ചു. ഒരുത്തന്‍ എന്റെ രണ്ടു കൈയിലും, മറ്റേ ചേട്ടന്‍ കാലിലും പിടിച്ചു, തൂക്കി, റെഡി- വണ്ണ്‍ -ടു -ത്രീ എന്നും പറഞ്ഞു ഒരൊറ്റ ഏറു. ടപ്പേന്ന് എന്റെ കരച്ചില്‍ നിന്നു. ഞാനങ്ങനെ ആകാശവും നോക്കി പറന്നു പോക്കൊണ്ടിരിക്കുവാന്. ബ്ലിം..!! ഹെന്റമ്മോ …. പുറവും അടിച്ചാണ് വെള്ളത്തില്‍ വീണത്‌. ദാണ്ടെ എവിടേം നില്‍ക്കാതെ ഞാന്‍ വെള്ളത്തിനടിയിലേക്ക്‌ താണ് താണ് പോകുകയാണ്. കാറിക്കരച്ചിലിനിടക്കും വായുവിലൂടെയുള്ള പറക്കലിനിടയ്ക്കുമോന്നും ശ്വാസമെടുക്കാനുള്ള ഓര്‍മ എനിക്ക് പോയില്ല. വെള്ളത്തിനടിയില്‍ വച്ചു അത് തീരെ പറ്റില്ലെന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കി. ശ്രമിച്ചപ്പോളൊക്കെ കുറെ വെള്ളം വയറ്റിലോട്ട് പോകുകേം ചെയ്തു. എവിടെ നിന്നോ കിട്ടിയ ഒരു ധൈര്യത്തില്‍ ഞാന്‍ കൈയൊക്കെ മുകളിലേക്ക് തുഴയാന്‍ തുടങ്ങി. ലെവിടെ… ശ്വാസം കിട്ടാതായപ്പോള്‍ മുകളിലോട്ടാണോ താഴോട്ടാണോ , എന്റെ ദൈവമേ , എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും എനിക്ക് തീര്ച്ചയില്ലാതായി.

ഹാവൂ.. ശ്വാസം കിട്ടി..ബട്ട്‌, നമ്മടെ എല്ലാ ധൈര്യവും എനെര്‍ജിയും ഏതൊക്കെയോ വഴിയില്‍ ചോര്‍ന്നുപോയി. കൈയും കാലും ഇട്ടു ചുമ്മാ അടിച്ചാല്‍ ഈ ജന്മത്തില്‍ കര പിടിക്കാന്‍ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി. വീണ്ടും കുറെ വെള്ളം കുടിച്ചു, രണ്ടോ മൂന്നോ പ്രാവശ്യം കൂടി കൈയ്യൊക്കെ ഇട്ടു അടിച്ച്. തീര്ന്നു നമ്മള്‍ വീണ്ടും തഴോട്ടെക്ക് തന്നെ പോകുകയാണ്. “ലോകമേ വിട…നെറ്റിപൊട്ടന്മാരെ വിട …നിങ്ങളോട് ഞാന്‍ തോറ്റു… “ വേറെയും കുറെ പേരോട് യാത്ര പറയാനുണ്ടായിരുന്നു. പക്ഷെ ലിസ്റ്റ് തപ്പാനുള്ള ബോധം പോലും നഷ്ടപ്പെട്ടു.

ദാണ്ടെ നമ്മള്‍ വീണ്ടും മുകളിലേക്ക് പൊങ്ങുന്നു. ഹാവൂ, വീണ്ടും ശ്വാസം കിട്ടി. തുഴയാതെ തന്നെ കരയോട് അടുക്കുവാണ്. നോക്കുമ്പോള്‍ എന്നെ ഈ വിധിയുടെ വിളയാട്ടത്തിനായി വലിച്ചെറിഞ്ഞു കൊടുത്ത ചേട്ടന്‍മാരിലോരാള്‍ എന്റെ കൈയും പിടിച്ചു നീന്തുകയാണ്. കുളപ്പടവില്‍ എത്തി, ഇച്ചിരി ശ്വാസം എടുത്തു ഞാനവരെ നോക്കി. കൊള്ളാം , രണ്ടു പേരും എന്നെ നോക്കി ചിരിക്കുകയാണ്. ചുറ്റും നോക്കിയപ്പോള്‍ എല്ലാരും എന്റെ നേര്‍ക്ക്‌ സഹതാപതോടെ നോക്കിചിരിക്കുകയാണ്. ആഹാ, ശരിയാക്കി തരാം. നേരത്തെ നിര്‍ത്തിയ ആ കരച്ചിലിന്റെ ബാക്കി ഞാന്‍ വീണ്ടും പുറത്തെടുത്തു. ചേട്ടന്മാര്‍ പതുക്കെ അരികില്‍ വന്നു.

“എടാ, നീ ചുമ്മാ ആ തൊണ്ടലേം കൊണ്ടു കളിച്ചാല്‍ നീന്താന്‍ പഠിക്കില്ല. വെള്ളത്തിലേക്ക്‌ ഇറങ്ങണം. പേടി മാറണം. അതിനാ ഇങ്ങനെ ചെയ്തത്. സാരമില്ല. ആദ്യം കൊറേ വെള്ളൊക്കെ കുടിക്കും. പിന്നെ എല്ലാം ശരിയായികൊള്ളും. …”

ഏതായാലും എന്റെ നീന്തല്‍ പഠനത്തിന്റെ കോച്ചിംഗ് അവര് രണ്ടു പേരും ഏറ്റെടുത്തു. പിറ്റേന്ന് മുതല്‍ തൊന്ടലയില്ലാതെ തന്നെ ഞാന്‍ കുളത്തിലേക്ക് ചെന്നു. ചേട്ടന്‍മാര്‍ മാറി മാറി എനിക്ക് ക്ലാസുകള്‍ എടുത്തുതന്നു. തൊന്ടലക്ക് പകരം അവരുടെ കൈയ്യില്‍ കിടന്നായിരുന്നു പിന്നീടുള്ള അഭ്യാസങ്ങള്‍ . അവരുടെ കൈയ്യില്‍ കിടന്നു നീന്തുമ്പോള്‍, ഇടയ്ക്ക് അവന്മാര്‍ കൈ അങ്ങ് വലിച്ചു കളയും. അത് കൊണ്ടു തന്നെ ഒരായുസ്സില്‍ ദാഹം തീര്‍ക്കാനുള്ള വെള്ളം ഞാന്‍ അപ്പോഴേ കുടിച്ചു തീര്‍ത്തിരുന്നു.

“എടാ ഗിനി, ഇങ്ങനെ പോയാല്‍ ഞങ്ങള്ക്ക് ഒരാഴ്ച കൂടി കുളിക്കാനുള്ള വെള്ളം പോലും കുളത്തില്‍ ബാക്കി കാണില്ലല്ലോടാ…”

അങ്ങോരു ഒരു മാതിരി ആക്കിയതാണ്. ശരിയാക്കി തരാം. ഏത് മഹാനും നീന്തല്‍ പഠിക്കുമ്പോള്‍ ഇച്ചിരി വെള്ളമൊക്കെ കുടിക്കാം. അതാണ്‌ പ്രകൃതിനിയമം.(എന്നെ തുറിച്ചു നോക്കണ്ട. അങ്ങനെ ചിലതും അവിടെ പറഞ്ഞിട്ടുണ്ട്. ഒരു നിയമത്തെ കുറിച്ചു വായിക്കുമ്പോള്‍ മുഴുവന്‍ വായിക്കണം കേട്ടോ.)

രണ്ടാഴ്ച്ച കൊണ്ടു തന്നെ കുളത്തിന്റെ മറുകരയിലേക്ക് നീന്താന്‍ (ഇച്ചിരി വെള്ളമൊക്കെ കുടിച്ചു കഷ്ടപെട്ടാനെന്കിലും.) ഈയുള്ളവന്‍ പ്രാപ്തി നേടി. സീനിയെര്സിനോട് മത്സരിച്ചാല്‍ തോറ്റുപോകുമെന്ന് ഉറപ്പുള്ളത് കൊണ്ടു, ബാലപാഠങ്ങള്‍ അഭ്യസിച്ചു കൊണ്ടിരിക്കുന്ന കൊച്ചുങ്ങളോടും പിന്നെ നമ്മടെ നെറ്റിപൊട്ടന്‍മാരോടുമായിരുന്നു എന്റെ മത്സരം. ഞാന്‍ നീന്തുന്നത് കണ്ടു അസൂയയോടെ നോക്കാന്‍ അവരല്ലാതെ വേറാരാ അവിടെ !.

പിന്നീട് മലക്കം മറിയാനും, മലര്‍ന്നു കിടന്നു നീന്താനും, പിന്നെ മുങ്ങാംകുഴിയിടാനും പഠിച്ചു, ഒരു സമ്പൂര്‍ണ നീന്തല്‍ക്കാരനായി.

അങ്ങനെ കുളക്കോഴികളോടും നെറ്റിപൊട്ടന്‍മാരോടും ഉള്ള എന്റെ അസൂയ തീരുകേം ചെയ്തു

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie