ട്രെയിനില്‍ യാത്ര ചെയ്യാന്‍ വേണ്ടി കൊതിച്ച ഒരു കാലം ഉണ്ടായിരുന്നു. ശരിക്കു പറഞാല്‍ Diploma കഴിഞ്ഞതിനു ശേഷമാണ് ആദ്യമായി ഒരു ട്രെയിന്‍ യാത്ര ഉണ്ടാവുന്നത്. ( അത് Wipro Interview നു വേണ്ടി കൊച്ചിയിലെക്കായിരുന്നു എന്നാണോര്‍മ്മ.) അത് ശരിക്കും ആസ്വദിചെങ്കിലും പിന്നീട് ട്രെയിന്‍ യാത്ര സ്ഥിരമായപ്പോള്‍ ആകെ ബോറായി. പ്രത്യേകിച്ച് തലസ്ഥാനനഗരിയായ തിരുവനന്തപുരത്തേക്ക് മാറിയപ്പോള്‍. മാസത്തില്‍ ഒരിക്കല്‍ നാട്ടിലേക്ക് പോകാന്‍ പോലും മടിച്ചത് ഈ നീണ്ട യാത്ര കാരണമായിരുന്നു. ( എന്ന് വച്ചു പോകാതിരിക്കാന്‍ പറ്റുമോ ? നമ്മളില്ലേല്‍ അവിടെ വല്ലതും നടക്കുമോ ..? ഏത് ..)
പക്ഷെ പിന്നീട് ഈ യാത്രകളും ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി. എങ്ങനെയെന്നോ ..? ചുമ്മാ ആള്‍ക്കാരുടെ ചില മാനറിസങ്ങള്‍ അങ്ങ് watch ചെയ്യുക. എന്റെ മാഷേ ഒരു Phd ഗവേഷണത്തിനുള്ള വക അതിലുണ്ടാകും. നമ്മള്‍ എന്തൊക്കെ കാട്ടിക്കൂട്ടുന്നു എന്ന് സ്വയം ഒരു തിരിച്ചറിവുണ്ടാകാനും ഇതു കൊണ്ടുപകരിക്കും !.
അതിലേറ്റവും രസകരമായ സംഭവങ്ങള്‍ പെണ്ണുങ്ങളെ കാണുമ്പോഴുള്ള ലവന്മാരുടെ ചില കലാപരിപാടികളാണ്. ചില അണ്ണന്മാര്‍ “ഒന്നര” മുതല്‍ “രണ്ടു” സീറ്റ് വരെ കവിഞ്ഞേ ഇരിക്കതതുള്ളൂ. നില്‍ക്കുന്നവന്‍ ഒന്നരക്കാലില്‍ സര്‍ക്കസ്സ് കളിക്കിമ്പോഴും ലവന്മാര്‍ മൈന്‍ഡ് ചെയ്യില്ല. ഇനി ആരെങ്കിലും സീറ്റിനു വേണ്ടി നോക്കുന്നു എന്ന് തോന്നിയാല്‍ കണ്ണുമടച്ചു ഒരൊറ്റ ഇരിപ്പാണ്. പക്ഷെ ഉറങ്ങത്ത്തില്ല; ഈ “ഒന്നൊര” സീറ്റ് ഒരു ചൂണ്ടയാണ്. പക്ഷെ നല്ല ഇരകള്‍ വന്നാല്‍ മാത്രമെ വലിക്കതുള്ളൂ. ഈ ഒന്നൊര കാലില്‍ “കൊക്കിനു” പടിക്കുന്നവനൊക്കെ ആ ചൂണ്ട നോക്കി അങ്ങനെ ഇരിക്കും. ങൂഹും.. ഒരു രക്ഷയുമില്ല. ദാണ്ടെ നമ്മുടെ അണ്ണന്‍ ഇരിക്കുന്നതിന്റെ പൊസിഷന്‍ മാറ്റി ആരെയോ ക്ഷണിക്കുന്നു. ആഹാ വെറുതെയല്ല, ഒരു മഹിളരത്നമാണ് (ഇവനൊക്കെ രത്നമല്ല കരിക്കട്ട കണ്ടാലും ഇതു ചെയ്യും; ഇതിലപ്പുറവും ചെയ്യും.)
ഒന്നൊര സീറ്റിലിരുന്ന അണ്ണന്‍ ചുരുങ്ങി അരസീറ്റിലേക്ക് മാറി. (അതാണ് സ്ത്രീശക്തി എന്നൊക്കെ പറയുന്നതു). നമ്മടെ ചേച്ചി എടുക്കാവുന്നതിലും വലിയ ആ ഭാരം സീറ്റിലേക്ക് ഇറക്കിവച്ചു. എന്നിട്ട് ഒരു ജന്മത്തിലെ മുഴുവന്‍ കടപ്പാടും eye -to-eye (വേണേല്‍ ഐ-ടൂത്ത് എന്ന് പറയാം) അങ്ങ് കൈമാറി. നമ്മുടെ അണ്ണനാണേല്‍ ജീവിതാഭിലാഷം സാക്ഷാല്‍കരിച്ചത് മാതിരി നിര്‍വൃതി അടഞ്ഞിരിക്കുവാണ്.
ഈ സമയം ഒറ്റക്കാലില്‍ നിലക്കുന്നവന്മാരുടെ അവസ്ഥയോ.? %^#$^&@#&%@#$%@%$$#$# (എന്തോ ആ ഭാഗം ടൈപ്പ് ചെയ്തിട്ട് ശരിയാകുന്നില്ല) . എന്തായാലും അണ്ണന്റെ പത്തിരുപതു തലമുറയെ മുന്‍പോട്ടും പിറകോട്ടും അവന്മാര് പ്രാകി കഴിഞ്ഞിരുന്നു.
ഇത്രയും നേരം തൊടാതെ അരസീറ്റിലിരുന്ന അണ്ണന്‍ പതുക്കെ ഉറക്കം പിടിക്കാന്‍ (അതോ നടിക്കാന്‍ ?) ആരംഭിച്ചു. ഉറക്കത്തിന്റെ ആരോഹണത്തില്‍ ഇരിപ്പും മാറാന്‍ തുടങ്ങി. നമ്മടെ ചേച്ചി പതുക്കെ ഞെങ്ങി ഞെരുങ്ങാന്‍ തുടങ്ങി. അണ്ണനെ സഹായിക്കനെന്നോണം ചേച്ചീടെ അപ്പുറത്തെ അപ്പൂപ്പന്‍ മസ്സില് പിടിച്ചു ഇരിക്കുവാണ്. പിന്നെടെല്ലാം നമ്മള്‍ ഊഹിക്കുന്നത് പോലെ.. സഹി കെട്ട് ചേച്ചി എണീക്കുന്നു, അണ്ണന്‍ ഉറക്കതിലെന്നോണം എണീറ്റ് ക്ഷമാപൂര്‍വ്വം നോക്കുന്നു, വീണ്ടു ഒന്നര സീറ്റിലേക്ക് മാറി അടുത്ത ഇരയെയും കാത്തു ഇരിക്കുന്നു.
സത്യം പറഞാല്‍ എല്ലാവരും ഇത്തരം അണ്ണന്മാരെ കണ്ടു കാണും.(ചിലര്‍ ഇത്തരം അണ്ണന്മാരുടെ റോള്‍ അഭിനയിച്ചും കാണും). എന്തൊക്കെയായാലും മുകളിലെ ലഗ്ഗേജ് ബര്‍ത്തില്‍ കാലും നീട്ടിയിരിക്കുന്ന നമ്മള്‍ക്ക് ഇതൊക്കെയല്ലേ ഒരു രസം.