ചില കഥകള്‍,

പോണ്ടിച്ചേരി ബ്രതെര്‍സ്

Gini Gini Follow Jul 01, 2010 · 2 mins read
പോണ്ടിച്ചേരി ബ്രതെര്‍സ്
Share this

നാട്ടിലെ ക്ലബ്ബിന്റെ വാര്‍ഷികാഘോഷം; കായിക മത്സരങ്ങള്‍ നടക്കുന്ന മൈതാനമാണ് വേദി.

പഞ്ചായത്ത് മെമ്പര്‍ ഷോട്ട് പുട്ട് “വലിച്ചെറിഞ്ഞു” പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. മൈക്ക് കയ്യില്‍ കിട്ടാത്തത് കൊണ്ടാണോ അതോ ഇതൊന്നും തനിക്കു പറ്റിയ പണിയല്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണോ എന്തോ, മെമ്പര്‍ അപ്പോഴേ സ്ഥലം കാലിയാക്കി.

കാഴ്ചക്കാരായി നാട്ടിലെ മൊത്തം ആള്‍ക്കാരും എത്തീട്ടുണ്ടായിരുന്നു; സീരിയല്‍ കണ്ടു മൂക്ക് ചീറ്റിക്കൊണ്ടിരുന്ന പെണ്ണുങ്ങളൊഴിച്ച്. മുണ്ടും രണ്ടാംമുണ്ടും ഇട്ട അപ്പാപ്പന്മാര്‍, ഏറ്റോം പുതിയ ഉടുപ്പും ഇട്ടോണ്ട് പിള്ളേര്‍സെറ്റ്, മലയാളിയുടെ ദേശീയവസ്ത്രമായ മാക്സിയും (ഹൌസ് ഗൌണ്‍) ഇട്ടോണ്ട് നില്‍ക്കുന്ന ചേച്ചിമാര്‍ etc.. ചെറുമീശപയ്യന്‍സ് കാവിമുണ്ടും ഒറ്റകളര്‍ ഷര്‍ട്ടും നെറ്റിയേലൊരു ചുവപ്പന്‍ കുറിയും തൊട്ടു BJP/RSS സ്റ്റൈലില്‍, മൈതാനത് കാഴ്ച കാണിക്കാന്‍ വന്ന ചെല്ലക്കിളികളെ നോക്കി കണ്ണും കരളും പിന്നെ വേറെയെന്തോക്കെയോ കൈ മാറുന്നുണ്ടായിരുന്നു.

നാട്ടില്‍ ഒന്ന് നന്നായി -നേരെ പറഞ്ഞാല്‍ പെമ്പിള്ളാരുടെ ഇടയില്‍ - കസര്‍ത്ത് കാണിക്കാനുള്ള വേദിയായിരുന്നു ക്ലബ്ബിന്റെ വാര്‍ഷികം. എല്ലാ പരിപാടികള്‍ക്കും ഓള്‍- ഇന്‍ -ഓള്‍ ആയി ഓടി നടക്കുക; കസേരകളിക്കുള്ള കസേരകള്‍, കുപ്പിയില്‍ വെള്ളം നിറക്കാനുള്ള കുപ്പികള്‍, ബക്കറ്റ് മുതലായ സാധന സാമഗ്രികള്‍ അടുത്തുള്ള വീടുകളില്‍ നിന്നും സംഘടിപ്പിക്കുക, (പൊട്ടിപോകുന്ന ബക്കറ്റുകള്‍, കസേരകള്‍ എന്നിവയൊക്കെ തിരികെ കൊടുക്കാന്‍ അവസാനം നമ്മള് തന്നെ പോകേണ്ടി വരുമല്ലോ എന്ന ചിന്തകളൊന്നും അപ്പോള്‍ വരില്ല ), അനൌന്‍സ്മെന്റ് നടത്തുന്ന മൈക്ക് സിസ്ടത്തില്‍ കയറി ചുമ്മാ മാസ്റ്റര്‍ വോളിയം കൂട്ടീം കുറച്ചും നമ്മളുടെ ഇലക്ട്രോണിക്സ് ജ്ഞാനം പ്രദര്‍ശിപ്പിക്കുക തുടങ്ങി എന്ത് കോപ്രായം കാട്ടാനും -തറയാവാതെ- നമ്മള്‍ ശ്രമിക്കും.

ഇതില്‍ ഏറ്റോം വാശിയേറിയതും രസകരവുമായ മത്സരമായിരുന്നു കമ്പവലി മത്സരം (അഥവാ വടംവലി). അടിപിടിയിലല്ലാതെ ഇതുവരെ ഈ മത്സരം അവസാനിച്ചിട്ടില്ല എന്നത് ചരിത്രം. എന്തോ, ചരിത്രം മാറ്റിക്കുറിക്കാന്‍ നാട്ടുകാര്‍ക്കൊട്ടിഷ്ടമല്ല താനും. നാട്ടിലെ ഏതെങ്കിലും കിണറു പണിക്കാരുടെ കയ്യില്‍ നിന്നും വലിയ കമ്പക്കയര്‍ (വടം) വാങ്ങി മൈതാനത്തിന്റെ സൈഡില്‍ പ്രദര്‍ശിപ്പിക്കും, ക്രിക്കറ്റ്‌ സ്ടെഡിയത്തിന്റെ സൈഡില്‍ മാന്‍ ഓഫ് ദി മാച്ചിനു കൊടുക്കാന്‍ വച്ച ഹോണ്ട സിറ്റി കാര്‍ പോലെ. പെണ്ണുങ്ങളുടെ മത്സരത്തിനു ആള് കുറഞ്ഞാല്‍, ഓള്‍-ഇന്‍-ഓള്‍ ആയി നടക്കുന്ന ഏതെങ്കിലും ഒരമ്മാവന്‍ (ഏയ് , ചെറൂപ്പക്കാരല്ല. നമ്മള്‍ ഡിസന്റ് ആണേ) കാഴ്ചക്കാരായ പെണ്ണുങ്ങളുടെ ഇടയില്‍ നിന്നും ബാക്കി ടീം മെമ്പേര്സിനെ കണ്ടെത്തും.

“സുമത്യെ, രാധേ, ഇങ്ങോട്ട് വന്നെ. ചുമ്മാ വലിച്ചാ മതീന്നെ. എന്റെ വിലസിനിചെച്ചീ ഇങ്ങളും കൂടി ഇങ്ങു വാ. ശരി രണ്ടു പേര്‍ അപ്പുറത്തേക്ക് പൊ. ഇങ്ങള്‍ ഈ ടീമില്‍ നിന്നോ. രമേശാ, ആള് മതിയോ ..?

ഇതാണ് സ്ഥിതി. എന്നാലും ഈ കാര്യത്തില്‍ ഇത്രേം സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ കാട്ടാന്‍ നാട്ടിന്‍പുറത്തെ പെണ്ണുങ്ങള്‍ക്കെ കഴിയൂ.

പക്ഷെ ആണുങ്ങളുടെ മത്സരം വരുമ്പോള്‍ കളി മാറും. ഞങ്ങളൊക്കെ സ്ഥിരം ഒരു കുട്ടിടീമുണ്ടാക്കി വച്ചിട്ടുണ്ടാവും. അര്‍ജെന്റീനയും ബ്രസീലും ജെര്‍മനിയും വലിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കും കാണില്ലേ ഒന്ന് വലിച്ചു നോക്കാന്‍ മോഹം. അതാണ്‌ ഞങ്ങളുടെ കുട്ടി ടീം. ആരോടൊക്കെ തോറ്റാലും, ഞങ്ങള്‍ സ്ഥിരമായി ജയിക്കുന്ന ഒരേ ഒരു ടീമാണ് “പോണ്ടിച്ചേരി ബ്രതെര്‍സ്”. പേര് കേട്ടു നോക്കണ്ട. പോണ്ടിചെരിക്കാരല്ല.പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയില്‍ നിന്നും “ആവേശം” ഉള്‍ക്കൊണ്ടു മത്സരത്തിനു വരുന്ന നാട്ടിലെ അറിയപ്പെടുന്ന “സോമരസ പാനീയന്മാര്‍ “. ഇവരോടും തോറ്റാല്‍ പിന്നെ മോഹന്‍ലാല്‍ ജഗതിയോട് പറയുന്ന പോലെ “ഇനി ജയിക്കാന്‍ വേറെ ടീമൊന്നുമില്ല” എന്ന അവസ്ഥയാകും.

അങ്ങനെ “പോണ്ടിച്ചേരി ബ്രതെര്‍സ്” x “അമ്പലമുക്ക്‌ ബോയ്സ് “ മത്സരം രണ്ടാം മൂന്നാം സെറ്റ്. ഒന്നും രണ്ടും സെറ്റുകള്‍ “വന്‍വലികള്‍” കാരണം അടിവലിഞ്ഞു പോയി തോറ്റിരിക്കുകയാണ് “പോണ്ടിച്ചേരി ബ്രതെര്‍സ്”. മൂന്നാമത്തെ സെറ്റില്‍ ആവേശകരമായി - ആവേശം ഒണ്‍ലി ഫോര്‍ പോണ്ടിച്ചേരി ബ്രതെര്‍സ്, കാരണം നാട്ടുകാര്‍ ഇത് തീര്‍ന്നിട്ട് വേണം അടുത്ത തുടങ്ങാന്‍ എന്ന മട്ടില്‍ കാത്ത് നില്‍ക്കുകയാണ് -വലി നടന്നോണ്ടിരിക്കുന്നു. പെട്ടെന്നാണത് സംഭവിച്ചത്. പോണ്ടിച്ചേരി ബ്രതെര്‍സ് ടീമിലെ മോഹനേട്ടന്‍ ഇടത്തെ നെഞ്ഞും പൊത്തിപിടിച്ച്‌ താഴേക്ക്‌ കൈകുത്തി ഇരിക്കുന്നു.

“എന്ത് പറ്റി മോഹനേട്ടാ? , എണീറ്റ്‌ വലിക്കു.” ടീം മെംബേര്‍സ് വിളിച്ചു പറഞ്ഞു.

മോഹനേട്ടന്‍ കേട്ട മട്ടില്ല.

ആള്‍ക്കാര്‍ ഒന്ന് പേടിച്ചു. ഇടത്തെ നെഞ്ഞും പൊത്തിയുള്ള ആ ഇരിപ്പ് ഒരു വശക്കേടാണോ ? എല്ലാ സെറ്റും തോറ്റ വിഷമം കൊണ്ട് വല്ല ഹാര്‍ട്ട് അറ്റാ… ഓ ചിന്തകളെ എന്തിനാ വെറുതെ ഫോറെസ്റ്റ് കയറ്റുന്നത്. ആള്‍കാര്‍ ഓടികൂടി. വലിക്കുന്നോര്‍ വിടണോ അതോ വലിക്കണോ എന്നറിയാതെ നിന്നു.

മോഹനേട്ടനെ രണ്ടു പേര്‍ പിടിചെഴുന്നെല്‍പ്പിച്ചു.

“വിടെടാ ?”

“എണീക്ക് ചേട്ടാ”

“വിടെടാ കയീന്നു, എന്റെ രണ്ടു രൂപ കോയിന്‍ താഴെ പോയി. ഒരുത്തനും അങ്ങനെ അതിപ്പം എടുക്കാന്‍ നോക്കണ്ട.”

പോണ്ടിച്ചേരി ബ്രതെര്‍സ്-ന്റെ ബാക്കി മത്സരം മോഹനേട്ടന്റെ മൈതാനത്തായിരുന്നു. ഇടയ്ക്കു ചില നാട്ടുകാരും ആ “മൈതാനത്തേക്ക്‌ “ഒന്ന് കാല്‍ വെക്കാതിരുന്നില്ല.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie