ചില കഥകള്‍,

ദൈവവിശ്വാസം

Gini Gini Follow Aug 23, 2010 · 1 min read
ദൈവവിശ്വാസം
Share this

ഒരിക്കല്‍ ഒരാള്‍ ഒരു മലയരികിലൂടെ പോകുകയായിരുന്നു.കീഴ്ക്കാം തൂക്കായ വഴികളിലൂടെ അയാള്‍ സഞ്ചാരം തുടര്‍ന്നു. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ അയാള്‍ക്ക് പോകേണ്ട വഴി ഒരു തൂക്കുപാലത്തിലൂടെയാണെന്ന് കണ്ടു. പേടിപെടുത്തുന്ന ആഴമാണ് തൂക്കുപാലത്തിനടിയിലെ ഗര്‍ത്തത്തിനുണ്ടായിരുന്നത് . എന്നിരുന്നാലും അയാള്‍ ദൈവത്തില്‍ വിശ്വസിച്ചു മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.

പാലത്തില്‍ കടന്ന ഉടനെ തന്നെ അയാളെ ഭയം പിടികൂടി. പാലത്തിന്റെ ഇളക്കം കൂടിയായപ്പോള്‍ ഭയം ഇരട്ടിക്കുകയും ചെയ്തു.അയാള്‍ ഈശ്വരനെ ധ്യാനിച്ച് മുന്നോട്ടു നീങ്ങി. പക്ഷെ പകുതിയായപ്പോഴേക്കും പേടിച്ചു മുന്നോട്ടു നീങ്ങാന്‍ പറ്റാത്ത അവസ്ഥയായി. അയാള്‍ ഉറക്കെ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

“ദൈവമേ, ഞാന്‍ എന്നും അങ്ങയെ പൂജിച്ചും പ്രാര്‍ത്ഥിച്ചും കഴിയുന്നവനാണ്. ഈ ആപല്‍സന്ധിയില്‍ എന്നെ കാത്ത് രക്ഷിക്കണേ. കരുണ കാണിക്കണേ… “ അയാള്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ അതാ അദ്ഭുതം! പാലത്തിന്റെ അങ്ങേ അറ്റത്ത്‌ ദൈവം നില്‍ക്കുന്നു.

“ഈശ്വരാ, അങ്ങ് എന്റെ വിളി കേട്ടല്ലോ. എന്നെ ഈ വിഷമത്തില്‍ നിന്നും രക്ഷിക്കണേ. എങ്ങനെയെങ്കിലും മറുകരയിലെത്തിക്കണേ..” ദൈവം അയാളോട് ധൈര്യത്തോടെ മുന്നോട്ടു വരാന്‍ ആഗ്യം കാണിച്ചു.

അയാള്‍ വീണ്ടും പറഞ്ഞു.

“ദൈവമേ അവിടെ നിന്നും ധൈര്യം തന്നിട്ട് കാര്യമില്ലേ. എനിക്ക് ഇവിടെ നിന്നും ഒരടി പോലും മുന്നോട്ടു നീങ്ങാനുള്ള ശക്തിയില്ല. ദയവുണ്ടായി ഇവിടെ വന്നു എന്റെ കൈകളില്‍ പിടിച്ചു മുന്നോട്ടു നയിച്ചാലും. “

ദൈവം വീണ്ടും അയാളോട് ധൈര്യത്തോടെ മുന്നോട്ടു വരാന്‍ ആഗ്യം കാണിച്ചു.

അയാള്‍ക്ക്‌ ദേഷ്യം വന്നു. വീണ്ടും അയാള്‍ ദൈവത്തോട് പാലത്തില്‍ അയാളുടെ അടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും, ദൈവം തൂക്കുപാലത്തിന്റെ മറുകരയില്‍ തന്നെ നിന്നു ഇങ്ങോട്ട് വരാന്‍ ആവശ്യപ്പെട്ടു.

അവസാനം അയാള്‍ ഗത്യന്തരമില്ലാതെ, ദൈവത്തെയും പഴിച്ചുകൊണ്ട് മുന്നോട്ടു നടന്നു. ഇടയ്ക്കു കുലുക്കങ്ങലുണ്ടായെങ്കിലും അയാള്‍ ഒരാപത്തും പറ്റാതെ മറുകരയിലെത്തി.

അയാള്‍ ദൈവത്തോട് കയര്‍ക്കാന്‍ വേണ്ടി തുനിഞ്ഞു ദൈവത്തെ നോക്കിയപ്പോള്‍ കണ്ടത് മറ്റൊന്നായിരുന്നു.

തൂക്കുപാലത്തിന്റെ ഇങ്ങേ അറ്റം കരയില്‍ നിന്നും വിട്ടു പോയിരുന്നു. ദൈവം അത് വിട്ടുപോകാതെ കൈ കൊണ്ട് പിടിച്ചു നില്‍ക്കുകയായിരുന്നു!. അത് കൊണ്ടാണ് ദൈവം തന്റെ അടുത്തേക്ക് വരാതെ ഇങ്ങോട്ട് വരാന്‍ ആഗ്യം കാണിച്ചതെന്ന് അയാള്‍ക്ക്‌ മനസ്സിലായി.

അയാള്‍ ദൈവത്തോട് മാപ്പിരന്നു കൊണ്ട് ആ കാല്‍ക്കലേക്ക് വീണു.

ദൈവവിശ്വാസം ആവശ്യം വരുമ്പോള്‍ മാത്രമാണെങ്കില്‍ പോലും അത് പൂര്‍ണ്ണമായി ദൈവത്തില്‍ വിശ്വസിക്കുന്നതായിരിക്കണം

-ഗുരുവചനങ്ങളില്‍ നിന്ന്-

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie