ചില കഥകള്‍,

അനന്തരം

Gini Gini Follow Sep 27, 2010 · 1 min read
അനന്തരം
Share this

സെലീന എപ്പോഴും അങ്ങനെയായിരുന്നു, ഉള്ളില്‍ പേമാരി പെയ്യുമ്പോഴും ചെറിയൊരു ചിരി ചുണ്ടില്‍ തേച്ചു പിടിപ്പിച്ചു നടക്കും; വരണ്ടതെങ്കിലും. മോര്‍ച്ചറിയുടെ വാതില്‍ കടക്കുമ്പോഴും ആ ചിരി മുഖത്ത് ഞാന്‍ കണ്ടു. ഈ സമയത്തും സെലീനയ്ക്ക് ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതോര്‍ത്തു ഞാന്‍ അമ്പരന്നു.

“എങ്ങനെയാ ടോണീ? നേരെ വീട്ടിലെക്കല്ലേ ?”

“ഇച്ചായാ, അത് പിന്നെ … വീട്ടില്‍ ഇത് വരെ ……”

“അല്ല, ഇതിപ്പോ എങ്ങനാ ..? പറഞ്ഞല്ലേ പറ്റൂ.” ജോയിചാച്ചന്‍ മൊബൈലില്‍ നമ്പര്‍ ഡയല്‍ ചെയ്തു, ചെവിയോടു ചേര്‍ത്ത് പുറത്തേക്കിറങ്ങി.

ഞാന്‍ സെലീനയെ നോക്കി.

മോര്‍ച്ചറിയുടെ നീളന്‍ വരാന്തയിലെ ഇരുട്ടില്‍ കണ്ണും നട്ട് ഇരിക്കുന്നു.

ആ മടുപ്പിക്കുന്ന ഗന്ധവും നിശബ്ദതയും എത്രയും പെട്ടെന്ന് അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ എന്നെ ഓര്‍മ്മിപ്പിച്ചു.

“സെലീന…”

പതുക്കെ ഷാള്‍ കൊണ്ട് ഒന്ന് കൂടി പുതച്ചു സെലീന കണ്ണുയര്‍ത്തി.

“ഞങ്ങള്‍ ബെന്നിച്ചനെ നേരെ വീട്ടിലേക്കു കൊണ്ടുപോകാനാണ്‌ പ്ലാന്‍ ചെയ്യുന്നത്. നീ എന്ത് പറയുന്നു.?”

അവളുടെ കണ്ണില്‍ ഒരു മിന്നലുണ്ടായി. ഓര്‍മ്മക്കൂട് പൊട്ടി കടന്നലുകള്‍ കൂട്ടമായി കുത്താന്‍ തുടങ്ങി…

“ഇനി ജീവനോടെ ബെന്നിച്ചന്‍ ഈ പടി കേറത്തില്ല, സെലീന നീ ഇറങ്ങുന്നുണ്ടോ ? അതോ കെട്ടിയ എന്നെക്കാളും വലുത് നിനക്കെന്റെ അപ്പനും അമ്മയുമാണോ ?” അപ്പനും അമ്മയും മകനെ നോക്കി കണ്ണുനീരോടെ നിന്നു. കഴുത്തില്‍ മിന്നു കേട്ടിയവനാണ് വിളിക്കുന്നത്‌, പക്ഷെ ഈ പോക്ക് നല്ലതിനല്ല എന്ന് ബെന്നിച്ചായന്റെ അപ്പന്‍ പറഞ്ഞതിനാണ് ഈ പിണങ്ങിപ്പോക്ക് .

“ബെന്നിച്ചായാ….” തന്റെ കരച്ചില്‍ തൊണ്ടയില്‍ കുരുങ്ങി.

“ശരി നീ വരണ്ട..പക്ഷെ ഇനി എന്നേ കുറിച്ചോര്‍ത്തു നിങ്ങളാരും വിഷമിക്കേണ്ട… ഞാന്‍ ചീട്ടു കളിക്വോ വെള്ളമടിക്ക്വോ എന്തും ചെയ്യും, ആരും ഒന്നും അന്വേഷിക്കണ്ട,,,,എനിക്കെന്റെ വഴി..”

ബൈക്കും സ്റ്റാര്‍ട്ട്‌ ചെയ്തു പോകുമ്പോള്‍ ഒരു പ്രാവശ്യമെങ്കിലും തന്നെയും ലെനമോളെയും തിരിഞ്ഞു നോക്കുമെന്ന് കരുതി. പക്ഷെ…

ടോണി ഒന്ന് ആശുപത്രി വരെ വരാന്‍ പറഞ്ഞു വണ്ടി അയച്ചപ്പോള്‍ പേടി തോന്നിയെങ്കിലും ഇങ്ങനെയാണെന്ന് ഒരിക്കലും ….

ആംബുലന്‍സില്‍ കയറുമ്പോഴും ലെനമോളോട് എന്ത് പറയുമെന്ന് സെലീനക്കു അറിയിലായിരുന്നു. ബെന്നിച്ചായന്റെ വിരലുകളില്‍ മുറുകെ പിടിച്ചു അവള്‍ ആ മുഖത്തേക്ക് നോക്കി. ശാന്തമായി ഉറങ്ങുകയാണോ അതോ വെറുതെ ….

ബെന്നിച്ചായന്റെ വാക്കുകള്‍ കാറ്റില്‍ വന്നടിക്കുന്നത് പോലെ തോന്നി..

“ഇനി ജീവനോടെ ബെന്നിച്ചന്‍ ഈ പടി കേറത്തില്ല,……”

(മദ്യപിച്ചു വണ്ടിയോടിച്ചു അപകടത്തില്‍ മരിച്ച ഒരു വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയത്….കൂടുതല്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല)

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie