ചില കഥകള്‍,

അവിചാരിതം

Gini Gini Follow Oct 10, 2010 · 1 min read
അവിചാരിതം
Share this

പടിക്കലേക്കു കയറുമ്പോള്‍ ദേവകീടെ പട്ടി മേനോനെ നോക്കി ചെറുതായി ഒന്ന് കുറച്ചു..

“മിണ്ടാതിരിയെടാ നായിന്റെ മോനെ,..”

മനസ്സിലായിട്ടോ എന്തോ പട്ടി ഒന്ന് കുറുകി കൊണ്ട് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു.

“ഡീ, ദേവ്വോ, “

“ആരാത് ? മേനോനങ്ങുന്നാണോ ?

“അല്ല, നിന്റെ……..വേഗം വാതില് തൊറക്കെടീ “

ദേവു വാതില് തുറന്നു, പാട്ടവിളക്ക് * പുറത്തേക്കു കാട്ടി.മേനോന്‍ ചാടി അകത്തു കയറി വാതിലടച്ചു.

“ഗോയിന്ദന്‍ വന്നിട്ട് പോയതാണോടീ ?”

“ആ, വന്നു ലുങ്കീം മാറ്റി ഷാപ്പിലേക്ക് ഓടുന്നത് കണ്ടു.. ഇനീപ്പോ മോന്തിക്ക്‌ നോക്ക്യാ മതി..”

“നീ വല്ലതും കയിച്ച…?”

“ഇല്ലം കഞ്ഞി എടുക്കാന്‍ നോക്ക്വായിരുന്നു.. ഇങ്ങക്കും കൊറച്ചെടുക്കട്ടെ ..?

“ഓ വേണ്ട, ഞാന്‍ കഴിച്ചു..”

“അല്ലെങ്കിലും ഇങ്ങക്ക് ഇവിടുന്നു കയിച്ചാല്‍ തൊണ്ടേന്നു എറങ്ങില്ലല്ലോ… ഇതിനു മാത്രം ഒരു മടീല്ല..”

“ഇഞ്ഞിങ്ങനെ ഒന്നും രണ്ടും പറഞ്ഞു നേരം കളയല്ലേ…”

പുറത്തു പട്ടി ചെറുതായി കുറച്ചു… നേരിയ തണുപ്പ് മുറിയിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു. മേനോന്‍, കുന്തിച്ചിരുന്നു കഞ്ഞി കുടിക്കുന്ന ദേവൂനെ നോക്കി..ആ മണ്ണെണ്ണ വിളക്കിന്റെ നേരിയ വെട്ടത്തിലും അവള്‍ സുന്ദരിയായി അയാള്‍ക്ക്‌ തോന്നി.

“ഇങ്ങളെന്താ എന്നെ ആദ്യായിട്ട് കാണ്വാ?

ദേവൂന്റെ ചോദ്യം മേനോന്റെ ചിന്തകളെ ഓടിപ്പായിച്ചു….

പാത്രങ്ങളൊക്കെ അടുക്കി വച്ചു ദേവു , തട്ടിയില്‍ നിന്നും പായ എടുത്തു നിവര്‍ത്തി….

“ദേവൂ, ഈ പായൊക്കെ ആകെ കീറിപറഞ്ഞല്ലോ ? പുത്തനോന്നു മേടിച്ചൂടെ ?

“അയിനിപ്പോ മുപ്പത്തഞ്ചുരുപ്യ മേണ്ടേ ? ഒരോട് ചന്തേന്നു വരുമ്പോ മേടിക്കാന്‍ കൊറേ ദെവസായി പറേന്നു. അതിപ്പോ ഷാപ്പ്‌ കണ്ടാല്‍ ബോധം മേണ്ടേ..?”

മേനോന്‍ പായില്‍ പതുക്കെ ഇരുന്നു.വിളക്കിന്റെ തിരി താഴ്ത്തി പായക്കരികില്‍ വച്ചു ദേവൂം ഇരുന്നു. മേനോന്‍ ദീവൂന്റെ മുഖത്ത് നോക്കി.

“മാലതി കൊച്ചമ്മക്ക്‌ ഇപ്പൊ സുഖം തന്നെയല്ലേ ? അങ്ങുന്നു ഇങ്ങോട്ട് വരുന്ന കാര്യറിഞ്ഞാല്‍ വെഷമാവില്ലേ ?”

“പിന്നെ, അവളങ്ങനെ മഹിളാസമാജോം, മീറ്റിങ്ങും ഒക്കെയായി എപ്പോം തെരക്കല്ലേ. ഞാനാ വീട്ടിലുണ്ടോന്നു അവള് നോക്കുന്നത് എന്റെ ഒപ്പിട്ട ചെക്ക്‌ കടലാസ് വേണ്ടപ്പോഴാ..പിന്നെയാ..”

ഇരുട്ടില്‍ ഒരുപാട് പേര്‍ തന്നെ തുറിച്ചു നോക്കുന്നതായി ദീവൂനു തോന്നി.

“ഇവിടെ വല്ലപ്പോഴും നിന്റടുത്തു വന്നു ഇച്ചിരി നേരം ഇരിക്കുന്നതാ ബാക്കിയുളോനു ഒരാശ്വാസം..അതിനിപ്പം മറ്റുല്ലോരു അതും ഇതും പറഞ്ഞാല്‍ എന്ത് ചെയ്യും? “

ദേവൂന്റെ ചുണ്ടില്‍ ഒരു വിളറിയ ചിരി വന്നു.

“നെനക്ക് ഇത് ചീത്ത പേരുണ്ടാക്കുംന്ന് എനിക്കറിയാം..പക്ഷെ…”

പുറത്തു ചെറിയ ചാറ്റല്‍മഴ തുടങ്ങിയപ്പോള്‍ ദേവു എണീറ്റ്‌ ജനല്‍പ്പാളികള്‍ ചാരിയിട്ടു…

“എനിക്കറിയാല്ലോ മേനോനങ്ങുന്നെ..എല്ലാം..”

മേനോന്‍ ചെറുതായി നെടുവീര്‍പ്പിട്ടു,,

“ദേവൂ, ഇനി ഞാന്‍ ഇങ്ങോട്ട് വന്നെന്നിരിക്കില്ല…ഇനിയും ഇന്നെ പേരുദോഷം കേള്‍പ്പിക്കാന്‍ എനക്കാവില്ല… മൂത്ത മോള്‍ടെ കൂടെ മറ്റന്നാള്‍ ഞാന്‍ പാലക്കാടെക്ക് പോവും. പിന്നെ….”

ദേവൂന്റെ വിങ്ങല്‍ തൊണ്ട വരെ വന്നു മുട്ടി നിന്നു. ഇപ്പൊ കരഞ്ഞുപോയെക്കുമെന്നു അവള്‍ക്കു തോന്നി..

മേനോന്‍ എഴുന്നേറ്റു വാതില്‍ തുറന്നു പുറത്തെ ഇരുട്ടിലേക്ക് നോക്കി.

“ദേവൂ ഞാനിറങ്ങട്ടെ,…”

തിരിഞ്ഞു നോക്കാതെ നടക്കാന്‍ മേനോന്‍ പാടുപെട്ടു.

ഇടവഴിയിലേക്ക് ഇറങ്ങി കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ ഷാപ്പില്‍ പോയി വരുന്ന ഗോയിന്ദനെ കണ്ടു..

“എന്താ ഗോയിന്ദാ..? പണിയൊക്കെ എങ്ങനെ പോകുന്നു…”

ഗോയിന്ദന്‍ തലേക്കെട്ടഴിച്ച് വിനയത്തോടെ നിന്നു.

മേനോന്‍ കീശയില്‍ നിന്നും നൂറു രൂപയുടെ നോട്ടെടുത്ത് ഗോയിന്ദന്റെ കയ്യില്‍ വച്ചു…

“അങ്ങുന്നെ , വേണ്ടായിരുന്നു…” തല ചൊരിഞ്ഞു കൊണ്ട് ഗോയിന്ദന്‍ പറഞ്ഞു..


മേനോന്‍ ഗോയിന്ദന്റെ തോളില്‍ തട്ടിയ ശേഷം ഇരുട്ടിനെ ആശ്ലേഷിച്ചു മുന്നോട്ടു നടന്നു…

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie