(ഇന്ന് രാവിലെ വീട്ടില്‍ നിന്നു തിരിച്ചു വന്നപ്പോള്‍ ഭയങ്കര നൊസ്റ്റാള്‍ജിയ. എന്ത് ചെയ്യാന്‍. പഴയൊരു പോസ്റ്റ് വായിച്ചപ്പോള്‍ വീണ്ടും ഓര്‍മ്മ പുതുക്കാന്‍ തോന്നി. വായിച്ചവര്‍ ക്ഷമിക്കുക. 2008 ഡിസംബറിലെ സംഭവമാണ് കേട്ടോ)
ക്രിസ്മസിന്റെയും ഉത്സവത്തിന്റെയും ക്ഷീണം തീര്‍ന്നതിന്റെ പിറ്റേന്നാണ് ആരുടെയോ തലയില്‍ ആ ആശയം മുളച്ചു വന്നത്. ഞണ്ട് പിടിക്കാന്‍ പോയാലോ ? തീരുമാനം ഉടനെ വന്നു.
“ഉച്ചയ്ക്ക് ശേഷം നമ്മള്‍ പരിവാര സമേതം നടയിലേക്കു (തെങ്ങിന്‍ തോപ്പും വയലുകളും പുഴയുംനിറഞ്ഞ വിശാലമായ സാമ്രാജ്യം) പോകുന്നു.”
എന്ന്വച്ചാല്‍ വളയത്തില്‍ കെട്ടിയ വലയും , കോഴിത്തലയും ചാക്കും ഒക്കെയായി ഒരു യുദ്ധസന്നാഹം !
ഇന്നത്തെ ദിവസം പോക്കാണെന്ന് അപ്പോഴേ ഉറപ്പിച്ചു. പക്ഷെ സംഗതി ഇച്ചിരി nostalgic ആയതുകൊണ്ട് ഞാന്‍ പിന്മാറിയില്ല. ഊണ് കഴിക്കാന്‍ എന്നെ കാത്തു നില്‍ക്കണ്ട എന്ന് വീട്ടില്‍ പറഞ്ഞു നേരെ വിട്ടു.
സംഘബലം കണ്ടപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പിച്ചു. എല്ലാ ചേട്ടന്മാരും ഉണ്ട്. ഞാനൊന്നുംവെള്ളത്തില്‍ ഇറങ്ങേണ്ടി വരില്ല. തല്‍ക്കാലം കരയില്‍ നിന്നു കത്തി വച്ചു “വല്യമ്മാവന്‍” ആയേക്കാം.
“നീ ഇന്നു തന്നെ പോകുന്നുണ്ടോ മാഷേ ?” ആരോ ചോദിച്ചപ്പോഴാണ് അതൊര്‍ത്തത്. 10 മണിക്കാണ് ബസ്സ്. നേരെ ചൊവ്വേ വീട്ടില്‍ നിന്നു ഇറങ്ങിയില്ലെല്‍ പണിയാകും.
ചെരുപ്പില്ലാതെ വെള്ളത്തിലൊക്കെ ചവിട്ടി വടക്കുന്നതിന്റെ സുഖം ശരിക്കും മനസ്സിലായി. നല്ല കൂള്‍ അന്തരീക്ഷം. (സത്യം പറഞ്ഞാല്‍ ഒരു കവിത എഴുതി എല്ലാരേയും കൊല്ലാന്‍ പറ്റിയ മൂഡ്)
തെങ്ങിന്റെ ചുവട്ടില്‍ സാധന സാമഗ്രികളൊക്കെ ഒതുക്കി വച്ചു. കൂട്ടത്തില്‍ കപ്പയും മീന്‍കറിയും മറ്റു സംഭവങ്ങളും കണ്ടപ്പോഴാണ് സംഗതി മനസ്സിലായത്. ഒരു വെടിക്ക് ഒന്നും രണ്ടുമല്ല; ഒരു പാടു കിളികള്‍ ഇവിടെ വീഴും. ! ഹും.
ആദ്യം ചെറിയ ഇരുമ്പ് വളയത്തില്‍ കെട്ടിചേര്‍ത്ത വലയില്‍ കോഴിത്തല കെട്ടുന്ന പണിയായിരുന്നു. കൂട്ടത്തിലെ വിദഗ്ദ്ധര്‍ അതിനെ കുറുച്ച് വിശാലമായി ക്ലാസ്സെടുത്തു.
(റഫരന്‍സിനായി ചിത്രം നോക്കുക)
കോഴിത്തല ചുമ്മാ അങ്ങ് കെട്ടിയാല്‍ പോര. നല്ല മുറുക്കത്തില്‍ കെട്ടണം. അല്ലേല്‍ വിവരമുള്ളവന്മാര്‍ അതും ഇറുക്കിയെച്ചങ്ങു പോകും.ദാ ഏതാണ്ട് ഇങ്ങനിരിക്കും.
അതിന് ശേഷം നല്ല രാശിയുള്ള സ്ഥലം നോക്കി വളയം വീശി എറിയും. സോറി; ഇക്കാര്യത്തില്‍ സാക്ഷാല്‍ ആറ്റുകാല്‍ രാധാകൃഷ്ണന്‍ പോലും ഏല്‍ക്കില്ല.
വളയത്തിലെ ചരട് അടുത്തുള്ള തെങ്ങില്‍ കേട്ടിയിടുന്നതോടെ നമ്മുടെ പണി കഴിഞ്ഞു . ഇനി ഞണ്ട് വേണേല്‍ വന്നു വലയില്‍ കയറണം. അല്ല പിന്നെ.!
അപ്പോഴേക്കും ചേട്ടന്മാര്‍ കപ്പ -മീന്‍കറി കോമ്പിനേഷന്‍ പഠിച്ചു തുടങ്ങിയിരുന്നു. എന്റെ മാഷേ, എന്തൊക്കെ പറഞ്ഞാലും ഇതു സംഭവം വേറെ തന്നെ ആണ്. സംഘത്തിലെ ആസ്ഥാനഗായകര്‍ രംഗം ഏറ്റെടുത്തപ്പോള്‍ സംഭവം ഒന്നു കൂടി ഉഷാറായി. പാട്ടും നല്ല 101- കോഴ്സ് ഫുഡും. ഇതില്‍ കൂടുതല്‍ ആനന്ദമുണ്ടോ ?
Taj Residency യും Mayura International ഉം ഒക്കെ പിറകില്‍ വന്നു നില്ക്കും. അവിടെ ചുമ്മാ ജാട. വിശന്നു പൊരിഞ്ഞു ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം കൊണ്ടു വെക്കും. പിന്നെ ചുമ്മാ ഒന്നും മനസ്സിലാവാത്ത, സായ്പ്പിന്റെ ഏതെങ്കിലും പാട്ടും കേട്ടോണ്ടിരിക്കണം. അവന്മാരുടെ ദയക്ക് ഇച്ചിരി നേരത്തെ കിട്ടിയാല്‍ വിശപ്പ് പോകുന്നേന് മുന്പേ കഴിക്കാം. ബില്ല് വരുമ്പോള്‍ ബാക്കി വയറു നിറഞോളും.
ഇതതല്ല. കൈയെത്തും ദൂരത്തു സംഭവങ്ങള്‍ അങ്ങനെ നിരന്നു കിടക്കുകയാണ്. ഫുഡിനു ഫുഡ് ! പാട്ടിനു പാട്ടും. പോരാഞ്ഞ് നല്ല സ്റ്റൈലന്‍ കാറ്റും.
(സത്യം പറഞ്ഞാല്‍ ഇതെഴുതുമ്പോഴും വായില്‍ വെള്ളം വന്നും നിറയുകയാണ്. തല്‍ക്കാലം കാന്റീനില്‍ നിന്നും “ലോകോത്തര”- ഗുണമേന്മയുള്ള ദോശയും കുളിക്കാന്‍ പാകത്തില്‍ ചമ്മന്തിയും കഴിച്ചു തൃപ്തിയടഞ്ഞു.)
അപ്പോഴേക്കും rounds നു ഇറങ്ങാന്‍ സമയമായിരുന്നു. കോഴിതലയെന്ന മായയില്‍ കുടുങ്ങി വലയില്‍ അകപ്പെട്ട പാവം ഞണ്ടുകളെ കയ്യോടെ ചാക്കിനകതാക്കി.
വലയ്ക്കകത്ത് അവന്റെ ആ കിടപ്പ് കണ്ടോ..!
കിടന്നു കൊണ്ടുള്ള ആ തുടിപ്പ് കണ്ടോ ..!
ലെവനെ ചുമ്മാ കയറിയങ്ങു പിടിക്കമെന്നു കരുതിയാല്‍ തെറ്റി. ആളല്‍പ്പം പിശകാണു. ‘ഇറുക്ക’ കൊണ്ടു ഒരു പ്രയോഗം നടത്തിയാല്‍ പിന്നെ ഈ ജന്മത്തില്‍ ഈ പണിക്കിറങ്ങില്ല. പിന്നെ “വിദഗ്ദര്‍” ഉള്ളത് കൊണ്ടു അവര്‍ പിടിച്ചതിനു ശേഷം നമ്മളൊക്കെ ഒന്നും തൊട്ടു കൊതി തീര്ത്തു.കൂട്ടത്തില്‍ ചില “പുലികളും” ഉണ്ടായിരുന്നു; ഒന്നൊന്നര “ഇറുക്ക-കാലുകളുള്ളവ”.
അപ്പൊ പിന്നെ ഒരു ഫോട്ടോയ്ക്ക് പോസു ചെയ്യതെങ്ങിനാ. കണ്ടോ അവനും സംഭവം മനസ്സിലായി. എന്താ ഒരു പോസു!
ഇച്ചിരി കഴിഞ്ഞപ്പോഴേക്കും മനസ്സിലെ nostalgic ഇഫക്ട് ഒന്നു കൂടി workout ചെയ്യാന്‍ തുടങ്ങി. ദാഹിക്കുമ്പോള്‍ ഇളനീരില്ലതെങ്ങിനാ ? ദാ കണ്ടില്ലേ, eazy-access കൂള്‍ ഡ്രിങ്ക്സ് …
എന്തിനാ ഓപ്പണര്‍ ? വല്ലഭനു “പല്ലും” ആയുധം എന്നാണല്ലോ.
5 മണിയായപ്പോഴേക്കും തിരുവനന്തപുരത്തേക്ക് തിരിച്ചു പോകേണ്ട ഓര്മ്മ വന്നു. ഇനിയും ലേറ്റായാല്‍ ബസ്സ് അതിന്റെ പാട്ടിനു പോകും. തല്ക്കാലം എന്റെ ഗ്രാമമേ വിട വിട വിട…….
(സ്ക്രീനില്‍ അകന്നു പോകുന്ന ക്യാമറയില്‍ നിന്നുള്ള ദ്രിശ്യങ്ങള്‍… black out)