പ്രിയപ്പെട്ട ഡോക്ടര്‍,
വളരെ വിഷമത്തോടെയാണ് ഞാന്‍ ഈ കത്ത് അയക്കുന്നത്. ഒരു ഇ-ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. ഒരു സാധാരണ സൈബര്‍ രോഗിയായി കണ്ടു എന്നെ കൈയ്യൊഴിയരുത്. വിഷയത്തിലേക്ക് കടക്കാം.
നല്ല നിലയില്‍ പോസ്റ്റുകള്‍ ഇടുകയും മറ്റുള്ളവരുടെ പോസ്റ്റുകളില്‍ നല്ല രീതിയില്‍ കമ്മന്റുകള്‍ ഒക്കെ ഇട്ടു (തിരിച്ചു കിട്ടണം എന്ന ദുഷ് ലാക്കോടെ തന്നെ) എന്റെ ഫേസ്ബുക്ക് ജീവിതം അതിന്റെ സുവര്‍ണ്ണകാലത്തിലൂടെ പോകുകയായിരുന്നു.
അതിനിടയിലാണ് ഇടിത്തീ പോലെ ചില വാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. ചില മഹാന്മാര്‍ (ഞാന്‍ ശരിക്കും മഹാന്‍ എന്ന് തന്നെ ആണ് ഉദ്ദേശിച്ചത്. ) മൃതിയടഞ്ഞപ്പോള്‍ അവരെ കളിയാക്കി കൊണ്ട് ചില ദേശദ്രോഹികള്‍ ഇട്ട പോസ്റ്റുകളെ /കമന്റുകളെ അടിസ്ഥാനമാക്കി അവരെ അറസ്റ്റു ചെയ്തു എന്നതായിരുന്നു അത്. അവര്‍ ചെയ്തത് തികച്ചും ബുദ്ധിമോശവും പൊട്ടത്തരവും ആണെന്ന കാര്യത്തില്‍ സംശയമില്ല. (അതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടിയില്ലെങ്കിലും, അവളുടെ അമ്മാവന് കിട്ടിയല്ലോ… അതാണ് ദൈവം) എന്നിട്ടും അവരെ രക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നെ അമ്പരിപ്പിക്കുന്നു. (സത്യം !!!). ദാണ്ടെ , ഇന്നുച്ചയ്ക്ക് വേറെ ഒരുത്തനെ കൂടി പൊക്കിയിരിക്കുന്നു. പാവം 17കാരന്‍, അറിയാതെ ആണെങ്കിലും “തെറ്റ് ചെയ്തിരിക്കുന്നു.
ഇതൊക്കെ പോട്ടെ, പണ്ടെങ്ങാണ്ട് ഇന്റര്‍നെറ്റ് വഴി ചില “ലോകോത്തര മലയാള ചിത്രങ്ങള്‍” കണ്ടു എന്നും പറഞ്ഞു കുറെ പേരെ ഏതോ എജന്റ്റ് വഴി പോലിസ് പിടിച്ചെന്നും, പിടിക്കുമെന്നും കേള്‍ക്കുന്നു. സിനിമയുടെ പകുതി ആയപ്പോഴാണ് അത് ഇതാണെന്നും, ഇങ്ങനെ കാണരുതെന്നും ഞാന്‍ അറിയുന്നത്. അറിയാതെ ചെയ്തതാണെന്നും ഇനി ആവര്‍ത്തിക്കില്ല എന്നും ഞാന്‍ 10പ്രാവശ്യം അതിന്റെ താഴെ കമന്റ് ഇട്ടിട്ടുണ്ട്. (അവര്‍ അത് കണ്ടോ ആവോ)
ഡോക്ടറെ ഞാന്‍ മുഷിപ്പിക്കുന്നില്ല. പറഞ്ഞു വന്നത് ഇതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ എനിക്ക് ആകെ പേടിയാകുന്നു. ധൈര്യമായി ഒരു പോസ്ടിടാനോ, ആരെങ്കിലും ഇട്ട പോസ്റ്റില്‍ ഒരു കമന്റ് ഇടാനോ ലൈക് അടിക്കാനോ പേടിയാകുന്നു. ഇന്റര്‍നെറ്റ് എക്സ്പ്ലോരെര്‍ തുറന്നിട്ട് ദിവസങ്ങള്‍ ആയി, ഫയര്‍ഫോക്സും ഗൂഗിള്‍ ക്രോമും പൊടി പിടിച്ചു കിടക്കുന്നു, പാട്ട് കേള്‍ക്കാന്‍ പോലും ധൈര്യമില്ല.
ഉറക്കത്തില്‍ ഫേസ് ബുക്കിന്റെ ലോഗിന്‍ പേജും യുട്യൂബും ടോറന്റ് സൈറ്റുകളും കണ്ടു ഞെട്ടി ഉണരുന്നു. ഫേസ് ബുക്കില്‍ കമന്റ് ഇട്ടതിനു ആദ്യമായി അറസ്റ്റു നടന്നത് ജനാധിപത്യ ഇന്ത്യയിലും , പിന്നീട് ചൈനയിലും ആണെന്ന് കേട്ടു. ഇങ്ങനെ സ്വപനം കാണുന്നതിനും കേസ് എടുക്കുമോ ? അതിന്റെ ഒരു നിയമവശം എന്താണ് ? (ഈ കാര്യം ഞാന്‍ അപ്പുറത്തെ വീട്ടിലെ നാരായണന്‍ ചേട്ടനുമായി സംസാരിച്ചിരുന്നു. അങ്ങൊരു പണ്ടത്തെ ഗുമാസ്തനാണെ)
നല്ല ഉപദേശം നല്‍കി, ഇ-ആത്മഹത്യയുടെ വക്കില്‍ നിന്നും എന്നെ രക്ഷിക്കണം.
എന്ന്
ഒരു സൈബര്‍ രോഗി.