എന്താണെന്നറിയില്ല, പ്രണയം ഒരു ശരിയാകാത്ത ഏര്‍പ്പാടാണ്.
മുനിഞ്ഞു കത്തുന്ന വിളക്കിന്റെ
തിരി കൂട്ടുന്ന പോലെയാണത്.
വലിയ കണ്ണുള്ള പെണ്‍കുട്ടിയായിരുന്നു ആദ്യം,
പിന്നെ അയലത്തെ സ്കൂള്‍ മാഷിന്റെ മകള്‍,
അതും കഴിഞ്ഞു , പലരും തിരി കൂട്ടിവച്ച് ,
എണ്ണ കോരിയൊഴിച്ച് ഒന്നും മിണ്ടാതെ പോയി. . .
പാട്ടിനോടും കവിതയോടും, പിന്നെ
കടലിനോടും പ്രണയം തോന്നി; അതും നീര്‍ക്കുമിള പോലെ . . .
പൊട്ടിയപ്പോഴൊക്കെ ഒന്നും അവശേഷിക്കാതെ
ഓര്‍മകള്‍ പോലും ബാക്കി വയ്ക്കാതെ. . .
ഒരു വസന്തം മുഴുവന്‍ ഞാന്‍ കാത്ത് വച്ചത്
അവളെ മൂടിപുതക്കാനായിരുന്നു
വെയില്‍ മാഞ്ഞ പടവുകളില്‍ ഞാന്‍ കാത്തിരുന്നത്
അവളെ കാണാന്‍ വേണ്ടിയായിരുന്നു.
ഈ മരത്തിന്റെ ഇലകളോരോന്നും കൊഴിഞ്ഞുവീണത്
ഞാനറിഞ്ഞില്ല, നീ മിണ്ടാതെ കടന്നു പോയതും.
ഞാന്‍ നീട്ടിയ ചെമ്പനീര്‍ നീ കണ്ടില്ല;
അതോ കണ്ടില്ലെന്നു നടിച്ചതോ ?
ഇന്നീ വരണ്ട പുഴയില്‍ പ്രണയം പെയ്യുന്നത്
ഞാന്‍ കൊതിക്കുന്നില്ല; ഒരിക്കലും.
പണ്ടെങ്ങോ ഒഴുകിയ നീര്‍ച്ചാലുകള്‍ തേടുന്നു എന്ന് മാത്രം.
കാണുകയാണെങ്കില്‍ ഓര്‍മ്മകള്‍ തികട്ടി വരാതിരിക്കട്ടെ.