വിശേഷങ്ങള്‍, സമകാലീകം,

യുവത്വത്തിന്റെ മേള

Gini Gini Follow Dec 11, 2009 · 2 mins read
Share this

അനന്തപുരി എന്നാല്‍ കാഴ്ചകളുടെ പൂരപ്പരമ്പാണ്.

ഇങ്ങു സേക്രടരിയേട്ടില്‍ നിന്നും തുടങ്ങുന്ന ജനപ്രധിനിധികളുടെ walkout പോലുള്ള കലാപരിപാടികള്‍, പോരാഞ്ഞ് അതിന് മുന്നില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കുടില് കെട്ടി സമരം, ‘ഉണ്ടും ഉറങ്ങിയും’ നിരാഹാരസമരം, അവസാനം പോലീസ് വക ‘വിശാലമായ’ കുളി, അങ്ങനെ പോകുന്നു.

ഇച്ചിരി മാറി ബേക്കറി ജംഗ്ഷനില്‍ ചെന്നാല്‍ ഈയിടെ ശാപമോക്ഷം കിട്ടിയ ഫ്ലൈ-ഓവര്‍ തൂണുകളെ കാണാം. ഇനി മഴക്കാലതാനെന്കില്‍ പോകാന്‍ ഏറ്റവും നല്ല സ്ഥലം തമ്പാനൂരോ കിഴക്കെകോട്ടയോ ആണ്. ഒരു തോണി കൂടി ഉണ്ടെങ്കില്‍ ഈ ‘ജലപാത’ വഴി ഒരു മണ്‍സൂണ്‍ ടൂറിസവും ആകാം. ചാല വഴി പോയാല്‍ വിജനമായ വഴിയിലൂടെ യാത്ര ചെയ്തതിന്റെ ഒരു ത്രില്‍ തീര്ച്ചയായും കിട്ടുകേം ചെയ്യും.

സ്ഥലപുരാണം പിന്നോരിക്കലാവാം അല്ലെ. തല്‍ക്കാലം വന്ന കാര്യം പറയാം. കാഴ്ചകളുടെ കൂട്ടത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ഒന്നാണ് ഇവിടുത്തെ ചലച്ചിത്രമേളകള്‍. റോമന്‍ പോലന്‍സ്കിയെയും രോബെര്ടോ ബെനിഗ്നിയെയും ഡാനി ബോയ്ല്‍നെയും പിന്നെ അടൂര്‍, ടി വി ചന്ദ്രന്‍ തുടങ്ങിയ നമ്മടെ സ്വന്തം അണ്ണന്‍മാരെ കുറിച്ചും വാ തോരാതെ പറഞ്ജോണ്ടിരിക്കുന്നവര്‍; അവരെ അയലത്തെ ചന്ദ്രേട്ടനായും ഡാനി അമ്മാവനായും കണ്ടു സ്നേഹിക്കുന്നവര്‍. ‘കലാഭവനിലും’ ‘കൈരളിയിലും’ ‘ശ്രീ’-യിലും ഊണും ഉറക്കവും ഉപേക്ഷിച്ചു ലോക ക്ലാസ്സിക്കുകള്‍ കണ്ടു നിര്‍വൃതിയടയുന്നവര്‍. ‘

ഫോറങ്ങളില്‍’ പട വെട്ടി ലോകത്തെ മാറ്റിമറിക്കാന്‍ പുറപ്പെട്ടോര്‍.. ഇവരാണ് ഡെലിഗേറ്റുകള്‍. പണ്ടൊക്കെ ചലച്ചിത്രമേളകള്‍ക്ക് ചില ഡ്രസ്സ്‌കോഡുകള്‍ ഉണ്ടായിരുന്നു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കഴുകാതെ, തുടര്‍ച്ചയായി ധരിച്ച ഒരു മുഷിഞ്ഞ ജൂബ്ബ! അതില്ലാതെ മേളക്ക് വരുന്നവന്‍ വെറും കൂതറയാണെന്ന് (തല്‍ക്കാലം ഒരു അച്ചായന്‍ ശൈലി കടമെടുക്കുന്നു) കരുതിപോന്ന നാളുകള്‍. കൂടെ തോള്‍സഞ്ചിയുടെന്കില്‍ വളരെ നന്ന്.

പെണ്ണുങ്ങളുടെ കാര്യമാണെങ്കില്‍, തല്‍ക്കാലം ജൂബയില്ലെന്കില്‍ ‘അയ്യോ പാവം’ തോന്നിക്കുന്ന കോട്ടണ്‍ സാരികളും അനുവദിച്ചിരുന്നു. കൈരളി-ശ്രീ-യുടെ പടവുകളില്‍ ആകാശത്തേക്ക് നോക്കി വീണ്ടും വീണ്ടും രംഗങ്ങള്‍ അയവിറക്കികൊണ്ടിരിക്കുന്നവര്‍.(കഞ്ചാവടിച്ചതാണെന്നൊക്കെ അസൂയക്കാര്‍ പറയും, ചുമ്മാതാ… കണ്ട രംഗങ്ങളൊന്നും മനസ്സിലാവാതെ അന്തം വിട്ടിരിക്കുന്നതാണ് ! ).

ചോള , രോഹിണി ബാറുകളില്‍ നിന്നും വാര്‍ണിഷ്‌ പരുവത്തിലുള്ള ‘സൊയമ്പന്‍’ സാധനങ്ങളൊക്കെ അകത്താക്കി, ‘സാം മെന്ടെസ്സിന്റെ’ ‘അമേരിക്കന്‍ ബ്യുട്ടി’ യെ കുറിച്ചും സ്പില്‍ബര്‍ഗ് സിനിമകളെ കുറിച്ചും സംസാരിക്കാനയിരുന്നു അവര്‍ക്കിഷ്ട്ടം. ബെനിഗ്നിയുടെ ‘ലൈഫ് ഈസ്‌ ബ്യുട്ടിഫുള്‍’ ഓസ്കാറിനു പിറകില്‍ പോയത് തിരക്കഥയുടെ പിഴവാണെന്ന് പറഞ്ഞുകളഞ്ഞു ചിലര്‍ !.

അതൊക്കെ അന്ത കാലം. മേളയുടെ കലണ്ടറില്‍ വര്‍ഷങ്ങള്‍ മറിഞ്ഞപ്പോള്‍ ചിത്രം പാടെ മാറി. ബോറന്മാരായ അഭിനവബുദ്ധിജീവികളുടെ ഇടയില്‍ നിന്നും മേളയെ രക്ഷിക്കാന്‍ ഒരു പരിധി വരെ യൂത്തിന് കഴിഞ്ഞു . കോളേജ് യൂത്ത് മൊത്തമായും ചില്ലറയായും മേളയുടെ ഭാഗമായി. അങ്ങ് നീലേശ്വരം മുതല്‍ ഇങ്ങു കന്യാകുമാരിയില്‍ നിന്നു വരെ യൂത്ത് ഡെലിഗേറ്റുകള്‍ പറന്നുവന്നു. മുഷിഞ്ഞ ജൂബ്ബയെ പടിക്ക് പുറത്താക്കി, നല്ല സ്റ്റൈലന്‍ ഡ്രെസ്സൊക്കെ ധരിച്ചു, ടക്ക്‌-ഇന്‍ ചെയ്ത സുന്ദര്മാര്‍. ചുരിദാറും ജീന്‍സ്‌-കുര്‍ത്ത വേഷങ്ങളില്‍ സുന്ദരിമാരും. തോള്‍സഞ്ചി, NEWPORT -ന്റെയും DEISEL -ന്റെയും ബാഗുകള്‍ക്ക് വഴി മാറി. ശരിക്ക് പറഞ്ഞാല്‍ മേള മൊത്തമായി യൂത്ത് ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം വ്യത്യസ്ത കാഴ്ചകള്‍ മേളയുടെ മാറ്റ് കൂട്ടി. അതിലൊന്നായിരുന്നു സൌജന്യ ഓട്ടോ സര്‍വീസ്. നഗരത്തിലെ കുറച്ചു ഓട്ടോകള്‍ മേള കാണാന്‍ വന്നവര്‍ക്ക് തിയെട്ടരുകളിലേക്ക് സൌജന്യമായി സര്‍വീസ് ലഭ്യമാക്കി. നല്ല കാര്യമല്ലേ അണ്ണാ ? ചുമ്മാ നമ്മടെ തമിഴ്‌നാട് സര്‍ക്കാര്‍ മാതിരിയൊന്നുമല്ല, കേരള സര്‍ക്കാര്‍ മേളയെ മൊത്തമായും ഏറ്റെടുക്കാരാന് പതിവു. മന്ത്രിമാരൊക്കെ വകുപ്പ് പോലും നോക്കാതെ ഓടി എത്തും. മേളയ്ക്ക് ‘തിരി’ തെളിയിക്കുന്നത് മുതല്‍ അവാര്‍ഡും പൊന്നാടയും ഒക്കെ വിതരണം ചെയ്തു, വന്ന സായിപ്പിനേം മദാമ്മയേയും വരെ പറഞ്ഞു വിട്ടിട്ടേ അവര്‍ വീട്ടില്‍ പോകൂ. ഇതൊക്കെയല്ലേ ഈ എളിയ ജനസേവകര്‍ക്ക് ചെയ്യാന്‍ പറ്റൂ.

വേറൊന്നും കൊണ്ടല്ല മാഷേ, അവിടെ ആ നിയമസഭയില്‍ ദിവസോം ബഹളം വച്ചു, വാക്ക്‌ഔട്ട് ചെയ്തു, നടുത്തലത്ത്തിലിറങ്ങി.. ഓ എല്ലാം ഭയങ്കര ബോറടിയാണെന്നെ. എങ്കിലും മേളയുടെ ‘നേര്‍ക്കാഴ്ചകളായ’ ജൂബ്ബ-താടി സ്റ്റൈല്‍ ബുജികള്‍ക്കു വംശനാശം സംഭവിക്കാതിരിക്കാന്‍ പലരും ആത്മാര്‍ഥമായി തന്നെ ശ്രമിക്കാറുണ്ട്‌.

ആ ജൂബ്ബയും തോല്സഞ്ചിയും തൂക്കി, ചോള ബാറില്‍ നിന്നു ഒരു ‘നില്‍പ്പനോക്കെ’ അടിച്ച് , കൈരളിയുടെ പടികെട്ടുകളില്‍ വീണുറങ്ങാതെ പിന്നെ എന്തോന്ന് മേള സാറേ ! ലോകസിനിമയ്ക്ക് നമ്മളെ കൊണ്ടു എന്തെങ്കിലും ഒരു സഹായമൊക്കെ ചെയ്യേണ്ടേ.

ബ്ലോഗ്കഷണം : മേളയുടെ കാറ്റലോഗ് വാങ്ങി, നല്ല ചൂടന്‍ പടങ്ങള്‍ മാത്രം അടയാളപ്പെടുത്തി, കൊട്ടകയിലെ ഇരുട്ടില്‍ നെടുവീര്‍പ്പിടുന്നോരും ‘ഡെലിഗേറ്റുകള്‍്’. ഇവര്‍ ലോകസിനിമയുടെ കാണാക്കാഴ്ചകള്‍ തേടുന്നു എന്ന് മാത്രം.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie