വിശേഷങ്ങള്‍, സമകാലീകം,

ബ്രേക്ക്‌, ഗിയര്‍ പിന്നെ ക്ലച്ചും

Gini Gini Follow Oct 31, 2009 · 1 min read
Share this

അങ്ങനെ കഴിഞ്ഞ 19 നു (കൃത്യമായി പറഞ്ഞാല്‍ 2009 സെപ്ടംബര്‍ 19) ഞാന്‍ വീണ്ടുമൊരു സാഹസം കാണിച്ചു. ഫോര്‍ വീലര്‍ ഡ്രൈവിംഗ് പഠിക്കുക;

എപ്പോഴായാലും ലൈസെന്‍സ് എടുത്തു വയ്ക്കുന്നത് നല്ലതാണെന്ന് നമ്മടെ കൂട്ടുകാരും ഉപദേശിച്ചു. എങ്കില്‍ പിന്നെ ഞാനായിട്ട് ഉപേക്ഷ വിചാരിക്കണ്ട ഞാനും കരുതി. വല്ലപ്പോഴും കൂട്ടുകാരുടെ ബൈക്ക് ഓടിച്ചുള്ള റോഡുപരിചയമായിരുന്നു ഒരു ധൈര്യം.

അങ്ങനെ ഞാനും നമ്മടെ കൂട്ടുകാരനും ചേര്ന്നു “പള്ളിക്കൂടത്തില്‍” ചേരുന്നു. “ആശാന്റെ” അനുഗ്രഹം വാങ്ങി, ദക്ഷിണയും കൊടുത്തു നേരെ ഒരു maruthi 800 ന്റെ ഡ്രൈവിംഗ് സീറ്റിലേക്ക്.

എന്താണ് ആക്സിലരെട്ടര്‍, എന്താണ് ക്ലച്ച്, ഏത് എപ്പോള്‍ ഉപയോഗിക്കണം എന്നൊക്കെ ആശാന്‍ ക്ലാസ്സ് തന്നു.

ഞാന്‍ ആദ്യം തന്നെ ബ്രേക്ക്‌ കൃത്യമായി കണ്ടു വച്ചു. ഒന്നുമില്ലേലും ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആശാനല്ലേ, അങ്ങോരുടെ ജീവന്‍ എന്റെ കൈയ്യിലല്ലേ. ആ ഒരു വിചാരം എനിക്ക് വേണ്ടേ. അല്ലെ ?.

ചുമ്മാ ആ മൈതാനത്തിലൂടെ കറങ്ങി കളിക്കാം എന്നായിരുന്നു ഞാന്‍ കരുതിയത്‌. പക്ഷെ ഒരു റൌണ്ട് കഴിഞ്ഞപ്പോള്‍ ആശാന്‍ വണ്ടി നേരെ റോഡിലേക്കിറക്കി.

ദാണ്ടെ കണ്ട ആനവണ്ടികളും കാറും ലോറീം എല്ലാം കൂടി ആകെ തിരക്ക് പിടിച്ച റോഡ്. ഏതെങ്കിലും സൂപ്പര്‍ ഫാസ്റ്റിന്റെ അടിയിലോട്ട് പോകാനായിരിക്കും എന്റെ വിധി എന്ന് കരുതി ഞാന്‍ ആശാന്‍ പറഞ്ഞ ആക്സിലരെറ്റരും ക്ലച്ചും ഒക്കെ ആഞ്ഞു ചവിട്ടാന്‍ തുടങ്ങി.

എന്റെ മാഷേ, ഈ ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ ഒന്നുമില്ലെന്നെ, ചുമ്മാ അങ്ങനെ പിടിച്ചിരുന്നാല്‍ മതി. വണ്ടി താനേ ഓടുന്നു, വളവിലും തിരിവിലും ഒക്കെ ഓട്ടോമാറ്റിക്‌ ആയി നില്ക്കുന്നു, വീണ്ടും മുന്നോട്ടു പോകുന്നു.

ഇച്ചിരി കഴിഞ്ഞപ്പോഴല്ലേ സംഗതിയുടെ ഒരു ഗുട്ടന്‍സ് പിടി കിട്ടിയത്. ഒരു ലോറി നേരെ പാഞ്ഞു വരുന്നതു കണ്ടപ്പോള്‍ ഇച്ചിരി ബ്രേക്ക്‌ ചവിട്ടിയെക്കാം എന്ന് കരുതി. ബ്രേക്ക്‌ തപ്പിയപ്പോള്‍ ദാണ്ടെ അത് താനേ അമര്‍ന്നു പോകുന്നു.

ഇച്ചിരി ടെക്നിക്കല്‍ ആയി പരിശോധിച്ചപ്പോള്‍ കുറെ കമ്പിയും മറ്റും ഫിറ്റ്‌ ചെയ്തു ആശാന്റെ കാലിനടിയില്‍ സമാന്തരമായി ബ്രേക്ക്‌, ക്ലച്ച് എന്നീ സംഭവങ്ങള്‍ സെറ്റപ്പ് ചെയ്തു വച്ചിരിക്കുകയാണ്. വെറുതെയല്ല വണ്ടി നല്ല സ്മൂത്ത്‌ ആയി ഓടുന്നത്. അപ്പോള്‍ ബ്രേക്ക്‌ ചവിട്ടുന്ന പണി തല്‍ക്കാലം ആശാന്‍ ചെയ്തോളും എന്ന സമാധാനം ആയി.

അല്ലേലും എന്നെയൊക്കെ വിശ്വസിച്ചു ആശാനെങ്ങനെ മുന്‍സീറ്റില്‍ ഇരിക്കും, ആ.. അതും നേരാണ്.

അങ്ങനെ രണ്ടാമത്തെ ദിവസമായപ്പോഴേക്കും ഒരു വിധം ബാലന്‍സ് ഓക്കേ ആയി. പിന്നെ ആശാന്‍ ചവിട്ടിയില്ലെലും ഞാന്‍ തന്നെ എല്ലാം ചവിട്ടും എന്ന സ്ഥിതിയായി. മെയിന്‍ റോഡില്‍ വച്ചു മുന്നും പിന്നും നോക്കാതെ ബ്രേക്ക്‌ ചവിട്ടിയപ്പോള്‍, കണ്ട വണ്ടിക്കരുടെയൊക്കെ ചവിട്ടു കിട്ടുമെന്ന സ്ഥിതിയുമായി.

ഏതായാലും പഠനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ലൈസെന്‍സ് കിട്ടാത്തത് കൊണ്ടു വണ്ടി ഒറ്റയ്ക്ക് ഓടിക്കാന്‍ പറ്റില്ലല്ലോ. അത് കൊണ്ടു അമ്മായിഅപ്പന്‍ ഓര്‍ഡര്‍ ചെയ്ത BMW ലണ്ടനില്‍ തന്നെ സൂക്ഷിക്കാന്‍ ഞാന്‍ പറഞ്ഞു. വെറുതെ ഇവിടെ കിടന്നു പൊടി പിടിക്കണ്ടല്ലോ.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie