വിശേഷങ്ങള്‍, സമകാലീകം,

പാഴായ 'ഹരിശ്ചന്ദ്രന്‍' ലൈന്‍

Gini Gini Follow Nov 22, 2009 · 1 min read
Share this

അല്ലേലും നമ്മളൊക്കെ എപ്പോഴാ നല്ലവരായതു ?

പറഞ്ഞിട്ട് കാര്യമില്ല, നന്നാവാന്‍ നമ്മള്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ.

ദേ, കൂടെ ജീവിക്കുന്ന ലെവെന്മാര്‍ക്കും ആ ഒരു വിചാരം ഉണ്ടാകണ്ടേ. ആ പോട്ട്‌, നമ്മളായി, അവരായി, അവരുടെ പാടായി.

കഴിഞ്ഞ ദിവസം ഞാനും കൂട്ടുകാരനും ഡ്രൈവിംഗ് ക്ലാസ്സ് കഴിഞ്ഞു തിരിച്ചുള്ള വരവായിരുന്നു. നല്ല നാല് പിള്ളേരെ കണ്ടു നടക്കാനായിരുന്നു പ്ലാന്‍.

ദേ വരുന്നു ഒരു ആനവണ്ടി. ബോര്‍ഡ് നോക്കിയപ്പോള്‍ നമ്മടെ സ്ഥലത്തേക്കാണ്‌. എങ്കില്‍ ശരി, പിള്ളേരെ പിന്നെ കാണാം എന്ന് കരുതി നേരെ ചാടി കയറി. കയറി എന്ന് പറഞ്ഞാല്‍ കയറി എന്നെ ഉള്ളൂ. എങ്ങനെയൊക്കെയോ കാല് കുത്താന്‍ ഇച്ചിരി സ്ഥലം കിട്ടി. അത്രയ്ക്ക് മുടിഞ്ഞ തിരക്ക്.

കെ.എസ്.ആര്‍.ടി.സി യെയും അവന്മാരുടെ “പെറ്റി-ബൂര്‍ഷ്വാ നയങ്ങളെ” പറ്റിയുംനാല് തെറി മനസ്സില്‍ പറഞ്ഞു എങ്ങനെയൊക്കെയോ തൂങ്ങി നിന്നു. ഇച്ചിരി കൂടി കഴിഞ്ഞപ്പോള്‍ ബസ്സിനകത്തേക്ക് കയറാം എന്ന സ്ഥിതിയായി. ഒരു വിധം ട്രപ്പീസ് കളി നടത്തി ബസ്സിന്റെ നടുവിലെത്തി.

ആഹാ കൊള്ളാം, നല്ല നാലഞ്ചെണ്ണം അവിടേം ഇവിടോക്കെയായി നില്പ്പോണ്ട്. മരിഭൂമിയില്‍ ഇച്ചിരി മരുപ്പച്ചയോക്കെ ഇല്ലാതെ പിന്നെങ്ങനാ, അല്ലെ ?.

ഇതിനിടയില്‍ ഈ തിക്കും തിരക്കും നന്നായി യൂട്ടിലൈസ്‌ ചെയ്യുന്ന ചില അണ്ണന്മാരെയും കണ്ടു. “ഇക്കണ്ട ശൌര്യമൊക്കെ വീട്ടില്‍ കാണിക്കാതെ, ഇവിടെ കിടന്നു കളിക്കുന്നോടാ മോനേ ?” എന്ന് ചോദിയ്ക്കാന്‍ നാവു പൊങ്ങിയില്ല. എന്നാത്തിനാ കണ്ടവന്മാര്‍ക്ക്‌ കൊട്ടാന്‍ നമ്മള്‍ ചെണ്ടയാവുന്നത്.

നമ്മടെ കണ്ടക്ടര്‍ പിറകില്‍ നിന്നും മുന്നോട്ടു പോകാന്‍ പറഞ്ഞോണ്ടിരിക്കുകയാണ്.

“എന്തിരണ്ണാ കാണിക്കണത്, ആ തൂണുകളൊക്കെ പിടിക്കാതെ ഇച്ചിരി മുമ്പോട്ടു നിക്കി. ഓ, നിങ്ങളോട് തന്നെ. എന്തിര് പൊളപൊളാ നോക്കണത് ?.. ഡേയ് ഡേയ് ഇച്ചിരി മുന്നോട്ടു നില്ലടെ..”

എവിടെ, ആരോട് ? ഒരുത്തനും അനങ്ങുന്നില്ല, എന്നാ പിന്നെ നമ്മള്‍ ഇച്ചിരി മുന്നോട്ടു നില്‍ക്കാം എന്ന് നിരീച്ചാല്‍ മുന്നിലുള്ള ലെവന്‍ സമ്മതിക്കുവേല. ഓ അങ്ങോര് ആ പച്ച ചുരിദാറില്‍ കൊളുത്ത് നില്‍ക്കുവാണ്.

അടുത്ത ഒരു ട്രപീസു കളിയിലൂടെ ഞാന്‍ വീണ്ടും മുന്നില്‍ കയറി. നോക്കുമ്പോള്‍ നമ്മടെ കൂട്ടുകാരന്‍ അവിടെ വിയര്‍ത്തു കുളിച്ചു നില്‍പ്പൊണ്ട്‌.

“ഗിനിയെ, ടിക്കറ്റ്‌ എടുത്തില്ല. ആ കണ്ടക്ടര്‍ എവിടെ ? അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണ്ടെ ?”

ശരിയാ, ഇറങ്ങാനുള്ള സ്റ്റോപ്പ്‌ അടുത്തു. കണ്ടക്ടര്‍ ആണേല്‍, അങ്ങ് പുറകില്‍ ഹെഡ്മാഷ് കളിചോണ്ടിരിക്കുവാ.

“ഇറങ്ങിയിട്ട് കാശ് കൊടുക്കാം.” ഞാന്‍ പറഞ്ഞു.

മുന്‍വശത്തെ ഡോര്‍ തുറന്നു അടുത്ത സ്റ്റോപ്പില്‍ എങ്ങനെയൊക്കെയോ ചാടിയിറങ്ങി. നേരെ പുറകില്‍ പോയി എത്തിവലിഞ്ഞു കണ്ടക്ടറെ വിളിച്ചു കാശ് കൊടുത്തു.

“ചേട്ടാ രണ്ടു ടിക്കറ്റ്‌. പൂജപ്പുരയില്‍ നിന്നും കേറിയതാ.” ബാലന്‍സ് മേടിച്ചു തിരിഞ്ഞപ്പോള്‍ കണ്ടക്ടറുടെ ആത്മഗതം ഇച്ചിരി ഉറക്കെയായിരുന്നു.

“ഏതെടാ ഈ ഹരിശ്ചന്ദ്രന്‍? “ ആകെ ചമ്മിയെങ്കിലും തിരിഞ്ഞു നടക്കുകയെ വഴിയുണ്ടായിരുന്നുള്ളൂ.

അല്ലേലും കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ മേടിക്കുന്നത് നമ്മടെ ഒരു ശീലമാണല്ലോ.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie