ഞെട്ടാൻ പോലും കഴിഞ്ഞില്ല, മൊബൈൽഫോണിന്റെ സ്ക്രീനിൽ ചിരിമായാതെ മാഷിന്റെ ഒരു ഫോട്ടോ, കൂടെ കുറിപ്പും ! വായിച്ചത് തെറ്റായിരിക്കണേ എന്നു പ്രാർത്ഥിച്ച് വീണ്ടും വീണ്ടും വായിച്ചു നോക്കി… പക്ഷെ….
95-96 കളിൽ സ്കൂളിൽ പോയില്ലേലും ട്യൂഷൻക്ലാസ്സിൽ ചേരുക എന്നത് ഒരു അവശ്യസംഭവമായിരുന്നു. ട്യൂഷൻക്ലാസ്സ് എന്താണെന്ന് കൂടി അറിയാതെ അമ്മയുടെ നാട്ടിൽ അർമ്മാദിച്ചു നടന്നിരുന്ന ഞാൻ ഹൈസ്കൂളിൽ ചേരുന്ന സമയത്താണു മുക്കാളിയിലേക്ക് വീണ്ടും പറിച്ചുനടപ്പെടുന്നത്; അജണ്ട ഒന്നു മാത്രം - പഠനം ഒന്നൂടെ ഗൗരവത്തിൽ എടുക്കണം. സ്വാഭാവികമായും നാട്ടുനടപ്പനുസരിച്ച് എന്നെയും ചേർത്തു ട്യൂഷൻക്ലാസ്സിൽ; വേറെ എവിടെയുമല്ല, “ഫ്രണ്ട്സ് കല്ലാമല”.
സ്കൂളിനേക്കാളും ട്യൂഷൻക്ലാസ്സിൽ പോവാൻ ഇഷ്ട്ടപ്പെട്ടൊരു കാലമായിരുന്നു അത്. തെരുവിൽ വെച്ച് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും, ഷാജിമാഷെ ശരിക്കും പരിചയപ്പെടുന്നത് ട്യൂഷൻക്ലാസ്സിൽ വെച്ചാണു. ട്യൂഷൻക്ലാസ്സിൽ വെച്ച് വിളിച്ചു ശീലിച്ചതു കൊണ്ടാവാം, സ്കൂൾക്കാലത്തിനു ശേഷവും നാട്ടിൽ കാണുമ്പോ “ഷാജിമാഷെ” എന്നു മാത്രമേ നാവിൽ വരൂ, അതായിരുന്നു ഞങ്ങളിൽ പലർക്കും ഇഷ്ടവും.
പത്താംക്ലാസ്സിൽ പഠിക്കുമ്പോഴാണു ഷാജിമാഷുമായി കൂടുതൽ അടുക്കുന്നത്. കണക്കിലെ മധുരം എന്തെന്ന് മാഷ് പറഞ്ഞത് തന്നെയാണു ഇപ്പൊഴും എന്റെയൊക്കെ ഒരു അടിത്തറ. ഇന്നത്തെ പോലെ അന്നും “പത്താംക്ലാസ്സ്” എന്നത് ഒരു വലിയ “വഴിത്തിരിവ്” ആയിത്തന്നെ കൊണ്ടുനടന്നിരുന്നു. മാത്രമല്ല, അന്നും കണക്കു തന്നെയായിരുന്നു പിന്നോക്കം നിൽക്കുന്ന പല കുട്ടികൾക്കും പ്രധാനപ്രശ്നം. പക്ഷെ കണക്കെന്ന ബാലികേറാമലക്കു മുന്നിൽ പകച്ചു നിൽക്കാൻ ഷാജിമാഷ് ആരെയും സമ്മതിച്ചില്ല; പകരം കൈപിടിച്ച് കണക്കെന്ന മലയെ തോൽപ്പിക്കാൻ പഠിപ്പിച്ചു. പഠിപ്പിക്കുമ്പോൾ ദേഷ്യം വന്നാലും പുഞ്ചിരിയോടല്ലാതെ ഷാജിമാഷെ കണ്ടിട്ടില്ല.
വാട്സ്‌ആപ്പ് ഗ്രൂപ്പുകളിൽ എന്തു മറുപടി പറയണം എന്നറിയില്ല. ഷാജിമാഷിന്റെ ഫോട്ടോയ്ക്ക് താഴെ sad face ഇമോജിയിട്ട് പോവാൻ പറ്റുന്നില്ല, മാഷിന്റെ പുഞ്ചിരിക്കു പകരമാവില്ലെങ്കിലും ഞാൻ ഒരു ഹാപ്പി ഫേസ് തന്നെ ഇടട്ടെ 😊
😢😢😢😢😢
ഗിനി ഗംഗാധരൻ