ചില കഥകള്‍,

സംഗീതം ഒരു വലിയ 'കൊക്കയാണ്'

Gini Gini Follow May 23, 2009 · 1 min read
Share this

ചുമ്മാ പറഞ്ഞതല്ല. അത് വലിയൊരു ‘അഗാധ ഗര്‍ത്തമാണ്’. അതിലേക്കു അങ്ങ് ഇറങ്ങുമ്പോഴാണ് ശരിക്കുംവിവരമറിയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അങ്ങനൊരു ഗര്‍ത്തത്തില്‍ ഞാനും വീണു. ചുമ്മാ നടന്നു പോകുമ്പോള്‍ വീണതല്ല മാഷേ. സത്യം പറഞ്ഞാല്‍ അറിഞ്ഞു കൊണ്ടു ചെന്നു ചാടിയതാണ്.

പകലാണേല്‍ ഇഷ്ടം പോലെ ടൈം. മാന്ദ്യകാലമായതു കൊണ്ടു തല്ക്കാലം സാങ്കേതികപഠന പരിപാടികളൊക്കെ മാറ്റിവെച്ചു. പണ്ടു ചുമ്മാ കുത്തിവരച്ചു നടന്നതൊക്കെ ഒന്നു refresh ചെയ്യാം എന്ന് കരുതി ഒരു ഗുരുവിനെയും അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. വര പഠിക്കുമ്പോള്‍ വരയ്ക്കാന്‍ അറിയുന്നോരെ വേണമല്ലോ പോയിക്കാണാന്‍. നോക്കണേ കാര്യം, നമ്മടെ ടൈംമിങ്ങിനു പോകാന്‍ പറ്റിയ ഒരു സ്ഥലവും കണ്ടില്ല.

അപ്പോഴാണ് സുഹൃത്തിന്റെ തലയില്‍ ഒരു ഗമണ്ടന്‍ ഐഡിയ ക്ലിക്ക് ചെയ്യുന്നത്. മ്യൂസിക്‌ക്ലാസിനു പോയാലോ..? അങ്ങോരാണേല്‍ കുറച്ചു മാസം ഗിറ്റാര്‍ പഠനവുമായി കുറച്ചു കാലം നടന്നതുമാണ്. ഐഡിയ കൊള്ളാം. എനിക്കാണേല്‍ വയലിന്‍ പഠിച്ചാല്‍ കൊള്ളാമെന്ന് പണ്ടേ തോന്നിയതുമാണ്. പിന്നെല്ലാം ‘ആറാം തമ്പുരാനില്‍’ ലാലേട്ടന്‍ പറഞ്ഞതു പോലെ.

ലത് പഠിക്കാനുള്ള മോഹവുമായി കുറെയോന്നുമില്ല; കുറച്ചു അലഞ്ഞു. പറഞു കേട്ട ഒരു സ്ഥാപനത്തില്‍ പോയി നോക്കി. നമ്മടെ ഭാഗ്യം നോക്കണേ. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ക്ലാസും മ്യൂസിക്‌ ഷോപ്പും ഉള്‍പെടെയുള്ള കെട്ടിടം പൊളിച്ചടുക്കുവാണു. എന്തൊരു ഐശ്വര്യം !!!

നമ്മളങ്ങനെ വെറുതെ വിടുമോ ? വീണ്ടും സിംഹത്തിന്റെ മടയും അന്വേഷിച്ചു നടന്നു. അവസാനം കണ്ടു പിടിച്ചു. ദാണ്ടെ നമ്മടെ താവളത്തിന്റെ തൊട്ടടുത്ത്‌ തന്നെഒരു ‘കൊക്ക’. ടീച്ചറോട് കാര്യം പറഞ്ഞു. “ടീച്ചറെ എ ബി സി ഡി പോലും അറിയില്ല.”

വയലിനാണ് പഠിക്കേണ്ടത് എന്നങ്ങു പറഞു. “വയലിന്‍ കുറച്ചു വിഷമമാണ്. പക്ഷെ പഠിച്ചാല്‍ വളരെ നല്ലതാണു”. ടീച്ചര്‍ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്. ‘Violin is Queen of Music’. തന്നെ തന്നെ, ക്വീന്‍ ആയാലും കിങ്ങായാലും പഠിക്കുന്നത് നമ്മളല്ലേ.!

അങ്ങനെ സുഹൃത്ത് ഗിറ്റാരിനും ഈയുള്ളവന്‍ വയലിനും പഠിക്കാന്‍ തീരുമാനിച്ചു. കാശുള്ളത് കൊണ്ടു ഓട്ടക്കാലണ തപ്പേണ്ടി വന്നില്ല. ആദ്യ ദിവസം തന്നെ ടീച്ചര്‍ പറഞ്ഞു “വയലിന്‍ ഇപ്പോള്‍ മേടിക്കേണ്ട. പഠിച്ചതിനു ശേഷം നല്ലത് നോക്കി മേടിക്കാം.” എന്ന് വച്ചാല്‍ വെറുതെ കാശു കളയണ്ട എന്നര്ത്ഥം. ടീച്ചര്‍ക്ക് അപ്പോഴേ നമ്മളെ മനസ്സിലായി.

ലൈനടിക്കാന്‍ വരുമ്പോള്‍ പെണ്‍കുട്ട്യോള്‍ ഓടി മാറുന്നത് പോലെ ലത് എന്നില്‍ നിന്നും അകന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു ഇതു വരെ. പക്ഷെ നമ്മളാരാ മോന്‍. ഇപ്രാവശ്യം കൊണ്ടേ പോകൂഎന്നങ്ങു തീര്‍ച്ചയാക്കി. (അല്ലേലും ദുര്‍ബുദ്ധി തോന്നാന്‍ അധികം സമയം വേണ്ടല്ലോ!)

അങ്ങനെ ക്ലാസ്സ് തുടങ്ങി. അടിത്തറ കെട്ടിതുടങ്ങിയപ്പോഴേ ഒരു കാര്യം ഉറപ്പിച്ചു. ഇതു എന്നെയും കൊണ്ടേപോകൂ. പക്ഷെ കൂടെ പോകാന്‍ നമ്മള്‍ തയ്യാറാണെങ്കില്‍ പിന്നെ no worries.. ശരിക്ക് പറഞ്ഞാല്‍ വയലിന്‍ എന്റെ വഴിയിലേക്കു വരില്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അതിന്റെ വഴിയേ പോകാന്‍ തീരുമാനിച്ചു. കൊക്കയില്‍ വീണാല്‍ പിന്നെ രക്ഷയില്ലല്ലോ.

ബാലഭാസ്കരാകുമോ അതോ ‘കസ്തൂരിമാനിലെ’ കുഞ്ചാക്കോ ബോബനെ പോലാകുമോ എന്നൊന്നും തീര്‍ച്ചയില്ല. പക്ഷെ, ചുമ്മാ കിനാവ് കാണാന്‍ നമ്മളെന്നാത്തിനാ മടിക്കുന്നതു . ദാണ്ടെ ബഹുമാന്യനായ ശ്രീ അബ്ദുല്‍ കലാം പറഞ്ഞതു പോലെ ചുമ്മാ അങ്ങ് സ്വപ്നം കാണുക തന്നെ.

അങ്ങനെ ഞാന്‍ സംഗീതം എന്റെ ‘ജന്മാവാകാശം’ എന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോകാന്‍തീരുമാനിച്ചു. എപ്പോഴാണാവോ നാട്ടുകാര്‍ എന്റെ ജന്മാവകാശത്തില്‍ “കൈ” വയ്ക്കുന്നത്. ഒരു വയലിന്‍പ്രതിഭയെ നഷ്ടപ്പെടുത്താതെ നോക്കിയാല്‍ നിങ്ങള്ക്ക് കൊള്ളാം.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie