ചില കഥകള്‍, ആക്ഷേപം,

ആള് കൂടിയാല്‍ പാമ്പും ചാവില്ല

Gini Gini Follow Aug 12, 2010 · 3 mins read
ആള്  കൂടിയാല്‍  പാമ്പും  ചാവില്ല
Share this

നമ്മുടെ കാരണവന്മാര്‍ പറയുന്നതൊന്നും ചുമ്മാതല്ല . പഴഞ്ചോല്ലെന്നും പറഞ്ഞു തള്ളിക്കളയാനാണ് നമ്മുക്കിഷ്ടമെന്കിലും, മിക്കവാറും കാര്യങ്ങള്‍ സത്യത്തിന്റെ പിന്ബലമുള്ളവയാകാരാണ്‌ പതിവു. ദാണ്ടെ ഒരു സാമ്പിള്‍ സംഭവം .

പറയുന്ന സംഭവത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരുമായെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും സത്യമാണ് !!! തല്‍ക്കാലം ഇനിയും എനിക്ക് നാട്ടിലിറങ്ങി നടക്കാന്നുള്ള കൊതിയുള്ളത് കൊണ്ടു പേരുകള്‍ മാറ്റുന്നു.

(സംഭവത്തിന്റെ ഒരിജിനാലിട്ടിക്കു വേണ്ടി ചില നാടന്‍ സംഭാഷണങ്ങള്‍ അതെ പടി ചേര്ക്കുന്നു.)

കഥ : ആള് കൂടിയാല്‍ പാമ്പും ചാവില്ല

നാട്ടിലെ ഏത് പരിപാടിക്കും മുന്നില്‍ നില്ക്കുന്ന ചില അമ്മാവന്മ്മാരെ എല്ലായിടത്തും കാണാം. കാര്യങ്ങള്‍ നന്നായി നടന്ന് പോകാനുള്ള ആഗ്രഹം കൊണ്ടാണ് പലരും ഈ ‘ഇടപെടല്‍’ നടത്തുന്നത്. ആളാവാന്‍ വേണ്ടി നടക്കുന്ന ചില അണ്ണന്മാര്‍ ഇതിനോരാപവാദമായി ഉണ്ട് കേട്ടോ.

സംഭവം നടക്കുന്നത് ഒരു ദിവസം വൈകുന്നേരമാണ്. അടുത്തുള്ള ഒരു വീട്ടിലെ പെന്കൊച്ചു വീടിന്റെ ടെറസ്സില്‍ നിന്നും താഴെ വീണു. വീണത്‌ നേരെ റോഡിലേക്കും. ആള് കൂടി, പെണ്‍കൊച്ചിനെ പൊക്കിയെടുത്ത് അടുത്ത വീടിന്റെ വരാന്തയില്‍ കൊണ്ടു കിടത്തി. പ്രത്യക്ഷത്തില്‍ പരുക്കൊന്നും കാണാനില്ല. വീണതിന്റെ ഒരു ഷോക്ക് മാത്രം.

ഉടനെ നമ്മുടെ അന്വേഷണകമ്മീഷന്‍ അംഗങ്ങള്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. എങ്ങനെ വീണു, എന്തിന് ടെറസ്സില്‍ പോയി തുടങ്ങി വീടിനു ടെറസ്സ് പണിയാന്‍ ആര് പറഞ്ഞു ? എന്ന് വരെ ചോദിച്ചു കളഞ്ഞു.

“കൊച്ചു കുറച്ച്വേരം ഇവിടിരിക്കട്ടെ, ഇങ്ങളൊക്കെ കൊറച്ചു മാറി നിന്നാട്ടെ.”

പെണ്‍കൊച്ചിനെ താങ്ങിയിരുത്തി കൊണ്ടു ഒരു ചേച്ചി പറഞ്ഞു.

പിന്നെ ചുറ്റും കൂടി നിന്നവര്‍ ഊഹാപോഹങ്ങള്‍ വച്ചു FIR -ഉം മഹാസ്സരുമൊക്കെ ഉണ്ടാക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍ സംഭവം ഇതായിരുന്നു. ആ കൊച്ചു ഇച്ചിരി മനസ്സമാധനത്തോട്‌ കൂടി പഠിക്കാന്‍ വേണ്ടിയാണ് ടെറസ്സില്‍ കയറിയത്. പഠിച്ചോന്ടിരുന്നപ്പോള്‍ (ചിലപ്പോള്‍ പഠിച്ചോണ്ട് നടന്നപ്പോള്‍) കാല് തെറ്റി താഴെ പോയതാണ്.

“ഇപ്പൊ പരിക്കൊന്നും കാണില്ല. പിന്ന്യാ വേദന തോന്വാ.. ഒരു വണ്ടി വിളിച്ചു ഹോസ്പിറ്റലില്‍ കാണിക്കുന്നതാ നല്ലത്. “

“ശരിയാ, അതാ നല്ലത്..”

ഉടനെ നാട്ടിലെ ജീപ്പ് ഡ്രൈവര്‍മാരെ വിളിക്കാന്‍ ആള്‍ക്കാര്‍ പരക്കം പായാന്‍ തുടങ്ങി.

“പെണ്ണുങ്ങലാരെന്കിലും ഒന്നു സാരി മാറ്റി വന്നെ. “

ആഗോള കേരള യുണിഫോം ആയ മാക്സിയും ഉടുത്തു നില്ക്കുന്ന പെണ്ണുങ്ങളെ നോക്കി അമ്മാവന്‍ പറഞ്ഞു. രണ്ടു മൂന്നു ചേച്ചിമാര്‍ വീടുകളിക്ക് ഓടി.

ഉടനെ ജീപ്പ് വന്നു. ആളുകള്‍ വന്നു.

“ആരെങ്കിലും രണ്ടോ മൂന്നോ പേരു കൂടെ പോണം. മാഹീല്‍ പോയാ മതി. ഒന്നു മൊത്തം ചെക്കപ്‌ ചെയ്യാന്‍ പറയണം കേട്ടോ “ .(മാഹി ആശുപത്രി- ഞങ്ങളുടെ ഏറ്റവും അടുത്തുള്ള ഒരു സര്‍ക്കാര്‍ ആശുപത്രി )

ആള്‍ക്കാര്‍ ജീപ്പിലേക്കു കയറാന്‍ തുടങ്ങി.സാരി മാറ്റി വന്ന ചേച്ചിമാര്‍ ജീപ്പിന്റെ പിറകില്‍ കയറി. ഇരിക്കാന്‍ സ്ഥലം കിട്ടാത്തവര്‍ ജീപ്പിന്റെ പിറകില്‍ കാരിയര്‍ കമ്പികളില്‍ തൂങ്ങി പിടിച്ചു നിന്നു.

“നമ്മുക്ക് കുഞ്ഞിപ്പള്ളിലൂടെ പോകാം. അതാ നല്ലത്.”

തൂങ്ങികിടക്കുന്ന ആരോ പറഞ്ഞു. ജീപ്പ് ഡ്രൈവര്‍ കേട്ടോ എന്തോ.

ആള്‍ക്കാരെ കൊണ്ടു തിങ്ങി നിറഞ്ഞ ആ ജീപ്പ് മഹി ആശുപത്രി ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു.

പെണ്‍കൊച്ചിനെ കിടത്തിയിരുന്ന വീട്ടില്‍ ബാക്കിയുള്ളോര്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടങ്ങി. ചിലര്‍ സംഭവം നടന്നസ്ഥലത്തു മനസ്സു കൊണ്ടു ചില ഡമ്മി പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി.

“കണ്ണില്‍ കൊള്ളണ്ടത് പുരികത്തില്‍ കൊണ്ടൂന്നു വിചാരിച്ചാ മതി. ഇതാ ഈ കല്ലില്‍ കൊള്ളാതെ ജസ്റ്റ്‌ മിസ്സായതാ.”

അഭിപ്രായങ്ങള്‍ക്ക് യാതൊരു കുറവുമില്ലായിരുന്നു. പെന്കൊചിന്റെ അപ്പനും അമ്മയും ആകെ വിഷമിച്ചുവരാന്തയില്‍ നില്‍ക്കുന്നതൊന്നും അവര്‍ക്കൊരു പ്രശ്നമല്ലായിരുന്നു.

“അല്ല, ജീപ്പ് വിളിക്കാന്‍ പോയ ആരും ഇതുവരെ വന്നില്ലേ ? കൊല്ലം ഒന്നായല്ലോ പോയിട്ട്.”

പെണ്‍കൊച്ചിനെ കിടത്തിയ വീട്ടില്‍ നിന്നും ഒരു ചേച്ചി വിളിച്ചു ചോദിച്ചു. മുറ്റത്ത്‌ നിന്നവര്‍ ആകെ വണ്ടറടിച്ചു നില്‍ക്കുകയാണ്‌. അപ്പൊ ജീപ്പില്‍ കൊണ്ടു പോയതാരെ ?

അന്തം വിട്ടു നിന്നോര്‍ സശയം തീരാതെ അകത്തേക്ക് കയറി നോക്കി. നമ്മടെ പെന്കൊച്ചു ഒരു ചേച്ചിയുടെ മടിയില്‍, നിലത്തു ക്ഷീണത്തോടെ കിടക്കുകയാണ്. സംഭവം അറിഞ്ഞവര്‍ അറിയാത്തോരെ വിളിച്ചു ചെവിയില്‍ മൂളി. ആകെ ബഹളം. ജീപ്പില്‍ പോയ എല്ലാ അണ്ണന്മാരെയും ആള്‍ക്കാര്‍ തെറി വിളിക്കാന്‍ തുടങ്ങി.

“ഇവനൊക്കെ നല്ല ടീമാ. എങ്ങോട്ടാണാവോ പാഞ്ഞു പോയത്. എല്ലാരും കൊള്ളാം.”

ഇതേ സമയം ജീപ്പിനുള്ളിലോ ?

“മോഹനേട്ടാ, കൊച്ചെവിടെ ?” -ഒരു ചേച്ചി

“പുറകിലുണ്ടല്ലോ” -തല പോലും തിരിക്കാന്‍ വയ്യാത്ത തിരക്കില്‍ മോഹനേട്ടന്‍ പറഞ്ഞു.

“ഇവിടെയെങ്ങുമില്ല. “

“ആരുടെയെങ്കിലും മടിയില്‍ കിടക്കുന്നുണ്ടാവും. “

“ഇല്ലെന്നെ. വണ്ടി നിര്‍ത്തിക്കെ”

വണ്ടി വഴിയില്‍ ഒതുക്കി നിര്‍ത്തി. സംഭവം അറിയാതെ തൂങ്ങി നിന്നവരും, ശ്വാസം കിട്ടാതെ കുടുങ്ങിയവരും മുഖം ചോദ്യചിഹ്ന്നമാക്കി ഡ്രൈവറെ നോക്കി.

“എന്താടോ പറ്റിയത്.? എന്തിനാ വണ്ടി നിര്‍ത്തിയെ ?”

“പെന്കൊച്ചു കയറിയിട്ടില്ല..” ഡ്രൈവര്‍ വലിയൊരു സത്യം വെളിപ്പെടുത്തി.

ഇറങ്ങിയ ആള്‍ക്കാരൊക്കെ ജീപ്പിന്റെ പിറകിലേക്ക് വന്നു നോക്കി . ശരിയാണ്, എല്ലാരുമുണ്ട്; പക്ഷെ കയറേണ്ട ആള്‍ മാത്രം ഇല്ല. സംഭവം അറിഞ്ഞോരൊക്കെ ആകെ നാണക്കേടായല്ലോ എന്ന ഭാവത്തില്‍ നിന്നു.

“ഇങ്ങനെ നിക്കാണ്ട് ഇങ്ങള് വേഗം വണ്ടി തിരിക്ക്. പെണ്‍കൊച്ചിനെ കൂട്ടീട്ടു വരാം.”

തൂങ്ങി നിന്നവനും ഇടിച്ചു കയറിയവനും തിരികെ പോകാന്‍ ആകെ നാണക്കേട്‌ തോന്നി. വണ്ടി തിരിച്ചു.

ഈ സമയം അടുത്ത ജീപ്പ്‌ വിളിക്കാന്‍ ആള്‍ക്കാര്‍ പോയിരിക്കുകയായിരുന്നു. അപ്പോള്‍ ദാണ്ടെ വരുന്നു നമ്മടെ “പെന്കൊചിനേം കൊണ്ടു പോയ വണ്ടി” തിരിച്ചു വരുന്നു. എല്ലാരും “ഇവനെയൊക്കെ ശരിയാക്കി തരാം” എന്ന ഭാവത്തില്‍ നില്‍ക്കുകയാണ്‌.

ജീപ്പില്‍ നിന്നും ഇറങ്ങിയവര്‍ മുഖത്ത് ഓരോ വളിച്ച ചിരിയും ഒട്ടിച്ചു പതുക്കെ നടന്ന് വന്നു. സാഹചര്യം കണക്കിലെടുത്ത് ആരും ഒന്നും മിണ്ടിയില്ല. പെന്കൊചിനേം കയറ്റി വണ്ടി വീണ്ടും മാഹി ലക്ഷ്യമാക്കി കുതിച്ചു. പക്ഷെ ഈ പ്രാവശ്യം വണ്ടിയില്‍ ഇഷ്ടം പോലെ സ്ഥലം ബാക്കിയുണ്ടായിരുന്നു. !!!

ശേഷം ചിന്ത്യം. ആദ്യ ട്രിപ്പില്‍ കയറിയ ഒരുത്തനേം ബാക്കിയുള്ളവര്‍ വെറുതെ വിട്ടില്ല.

ദൈവ കൃപയാല്‍ പെങ്കൊച്ചിനു വലിയ പരുക്കൊന്നും പറ്റിയില്ല. എങ്കിലും നാട്ടുകാര്‍ക്ക് ഓര്ത്തു ചിരിക്കാന്‍ സംഭവം ധാരാളമായിരുന്നു.

ഇപ്പൊ ഞാന്‍ ആദ്യം പറഞ്ഞ പഴഞ്ചൊല്ല് ശരിയായില്ലേ.

ആള് കൂടിയാല്‍ പാമ്പ് ചാവില്ല.

ഓഫ്‌ലൈന്‍ : ജീപ്പില്‍ തൂങ്ങി കിടന്ന പലരും ആശുപത്രിയിലേക്ക് ആണെന്ന് അറിഞ്ഞല്ല കയറിയതത്രേ, മാഹിയിലേക്ക് പോകുകയാണ് എന്നേ അവര്‍ കേട്ടുള്ളൂ. അപ്പൊ പിന്നെ രണ്ടെണ്ണം അടിച്ചേക്കാം എന്ന് കരുതി, “ഇന്ധനം” നിറക്കാന്‍ പോകാനിരങ്ങിയതാണ് എന്നതാണ് സത്യം.

(വായിക്കുന്നോരുടെ അറിവിലേക്ക് : മാഹി - കേന്ദ്രഭരണ പ്രദേശമാകയാല്‍, മദ്യം വില കുറഞ്ഞു കിട്ടുന്ന ഒരു പറുദീസാ. )

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie