കാണാന്‍ മറന്ന സിനിമകളുടെ കൂട്ടത്തില്‍ പെട്ട് കിടക്കുകയായിരുന്നു “പീപ് ലി (ലൈവ്)” . നല്ല സിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടാതെ വരുന്നത് കൊണ്ട് തന്നെ, ആദ്യമേ കുറ്റസമ്മതം നടത്തട്ടെ, “പീപ് ലി (ലൈവ്)” കാണാന്‍ ടോറന്റ് വെബ് സൈറ്റുകളെ ആശ്രയിക്കെണ്ട് വന്നു. രണ്ടു പ്രാവശ്യം കണ്ടാലും മതി വരാത്ത വിധത്തില്‍ ആ പ്രമേയത്തെ നല്ല രീതിയില്‍ വെളിച്ചം കാണിച്ച അനുഷ റിസ്വി-യെ എത്ര അഭിനന്ദിച്ചാലും കൂടുതലാവില്ല.
കര്‍ഷക ആത്മഹത്യയാണ് മുഖ്യവിഷയമെങ്കിലും, മാധ്യമങ്ങളുടെയും രാഷ്ട്രീയ വ്യവസ്ഥിതിയുടെയും അനാവശ്യ ഇടപെടല്‍ സ്വകാര്യ ജീവിതത്തില്‍ എത്ര മാത്രം ആഘാതം ഏല്‍പ്പിക്കുന്നു, എന്ന് ഈ ചിത്രം നമുക്ക് വരച്ചു കാട്ടി തരുന്നു. ചെറിയ കാര്യങ്ങളെ പോലും രാഷ്ട്രീയമുതലെടുപ്പിനായി, ചെറുതാക്കി കാട്ടാനും, പെരുപ്പിച്ചു പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാനും ജനസേവകര്‍ എന്ന് പറയുന്ന വിഭാഗത്തിനുള്ള കഴിവ് എത്ര മാത്രം ഉണ്ടെന്നു നമ്മള്‍ ഒരിക്കല്‍ കൂടി ഇവിടെ നിന്നും മനസ്സിലാക്കുന്നു. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ട മാധ്യമങ്ങള്‍ക്ക് എവിടെയാണ് പാളിച്ച പറ്റുന്നത് എന്നും, ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഇതാണ് എന്ന രീതിയില്‍ “വാര്‍ത്താ മെനു” തയ്യാറാക്കി വയ്ക്കുന്ന മാധ്യമങ്ങള്‍ക്കും (എല്ലാവരെയും ഉദ്ദേശിച്ചല്ല ! ) ഒരു പുനര്‍ചിന്തനതിനുള്ള വഴിമരുന്ന് കൂടി ആണ് ഈ ചിത്രം.
കടബാധ്യതകളും പട്ടിണിയും കാരണം നട്ടം തിരിഞ്ഞു നില്‍ക്കുന്ന നാഥു എന്ന കര്‍ഷകനെയും കുടുംബത്തെയും കാണിക്കുന്നതിലൂടെ, ആയുധ ശേഷിയിലും, സാങ്കേതിക വിദ്യയിലും ഉന്നതമാണെന്ന് നാം അഹങ്കരിക്കുന്ന ഇന്ത്യയുടെ യഥാര്‍ത്ഥ മുഖമാണ് നാം “പീപ് ലി (ലൈവ്)”-ല്‍ കാണുന്നത്. “1991 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 8 മില്യണ്‍ കര്‍ഷകര്‍ ഇന്ത്യയില്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ചു” എന്ന വലിയ കണക്കുമനസ്സിലാക്കാന്‍ ഈ 90 മിനിറ്റ് സമയമെങ്കിലും നാം മാറ്റി വയ്ക്കുക.