ആക്ഷേപം, വിശേഷങ്ങള്‍, ചില കഥകള്‍,

ടാര്‍മാപിനി

Gini Gini Follow Jan 07, 2012 · 2 mins read
ടാര്‍മാപിനി
Share this

“അണ്ണാ, ഈ വാട്ടര്‍ അതോറിട്ടി ഓഫീസ് എവിടെയാ അണ്ണാ ? “

“ദാണ്ടെ, ആ കുന്നിന്റെ മോളിലൊള്ള കെട്ടിടം കണ്ടോ ? അതിനപ്പുറത്താണ് .”

“ശരിയണ്ണ.”

ടൈയ്യും ടക്ക്-ഇന്‍ ചെയ്ത വേഷവുമായി അവന്‍ ഓഫീസിലേക്ക് ചെന്നു.

“എം ഡി യുടെ കാബിന്‍ ?”

പ്യൂണ്‍ കാബിനിലേക്ക്‌ വിരല്‍ ചൂണ്ടി.

“എക്സ് ക്യൂസ് മി സര്‍ …

“എന്താ? എന്ത് വേണം ?

“എന്റെ പേര് രായന്‍. ഞാന്‍ നമ്മടെ ബിഗ്‌ മോസ്ക് ഇന്റര്‍നാഷണനലീന്നു വരുവാണ്. ഞങ്ങടെ ഏറ്റവും പുതിയ ഒരു സാധനത്തെ പരിചയപ്പെടുത്താന്‍ വന്നതാണ്. “

“എത്ര വയസ്സുള്ളതാടോ ?”

“ങേ ? അതല്ല സര്‍ ഞാന്‍ ഉദ്ദേശിച്ചത്. ഐ മീന്‍ ഒരു പ്രോഡക്റ്റ്..”

“ഓ ഞാനിത്തിരി ബിസിയാണല്ലോ “

“ഒരു പത്തു മിനിറ്റ് മതി സര്‍, സാധനം കണ്ടാല്‍ സര്‍ പിന്നെ വാങ്ങിച്ചേ അടങ്ങൂ”

“അതെന്നതാടോ ഇത്ര വല്ലിയ സാധനം. ?”

ബാഗ് തുറക്കുന്നു, ഒരു കമ്പ്യൂട്ടര്‍ ഉപകരണം പുറത്തെടുക്കുന്നു.

“സര്‍, ഇതാണ് Taro-Melto-Gram. എന്ന്വച്ചാല്‍ ടാര്‍ മെല്‍റ്റിംഗ് അനലൈസിംഗ് സിസ്റ്റം അഥവാ ടാര്‍മാപിനി.”

“മനസ്സിലായില്ല ?”

“അതെനിക്കും മനസ്സിലായി സാറിനു മനസ്സിലായില്ലെന്ന്. സാര്‍ ഈ ഉല്‍പ്പന്നത്തെ കുറിച്ച് പറയുമ്പോള്‍ എല്ലാം പറയണം.” ഒന്ന് സീറ്റില്‍ ഇളകിയിരുന്നു.

“ഈ സിസ്റ്റം വളരെ വിഷമം പിടിച്ച ചില പണികള്‍ നിങ്ങള്‍ക്ക് എളുപ്പമാക്കിതരുന്നു. ഉദാഹരണത്തിന് , ഇപ്പോള്‍ നിങ്ങള്‍ കുത്തിക്കുഴിക്കാന്‍ റോഡുകള്‍ കണ്ടു പിടിക്കുന്നതെങ്ങനെയാണ് ? … ഞാന്‍ പറയാം. കൃത്യമായ ഇടവേളകളില്‍ പൊട്ടാന്‍ പാകത്തിലുള്ള; “ഗുണമേന്മയുള്ള” പൈപ്പുകള്‍ സ്ഥാപിക്കുക വഴി, കൂടാതെ റോഡിനു കുറുകേം തലങ്ങും വിലങ്ങും കണക്ഷന്‍സ് കൊടുക്കുക വഴി. പക്ഷെ അപ്പോഴും നിങ്ങള്‍ പുതിയ റോഡുകളെ കുറിച്ചോ റോഡു പണികളെ കുറിച്ചോ അറിയാന്‍ വൈകുന്നു. ഫലമോ? നിങ്ങള്‍ക്ക് കുത്തിക്കുഴിക്കാന്‍ റോഡുകള്‍ മതിയാകാതെ വരികയും , തൊഴിലാളികള്‍ തൊഴിലില്‍ സംതൃപ്തിയില്ലാതെ വരികയും ചെയ്യുന്നു. “

എം ഡി ഒന്ന് കൂടി മുന്നോട്ടേക്ക് നീങ്ങിയിരുന്നു.

“ഇവിടെയാണ്‌ taro-melto-gram നിങ്ങളെ സഹായിക്കുന്നത്. ഇതിന്റെ സവിശേഷമായ സോഫ്റ്റ്‌വെയര്‍ സിസ്റ്റം വഴി 248 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതൊരു ടാര്‍ പണിയും നിങ്ങള്‍ക്ക് ഇവിടെ ഈ ഓഫീസിലിരുന്നു അറിയാന്‍ സാധിക്കുന്നു. ഞങ്ങളുടെ പുതിയ Bitumen Detection Satelite വഴിയാണ് ഇത് സാധിക്കുന്നത്. “

“അത് കൊള്ളാമല്ലോ. താനീ പറയുന്നത് സത്യമാണോ ?”

“തികതും സത്യമാണണ്ണാ, സോറി.. സത്യമാണ് സാറേ. റോഡു പണിക്കു വേണ്ടി ടാറുരുക്കുമ്പോള്‍ തന്നെ നമ്മുടെ സിസ്ടത്തില്‍ സ്ഥലവും വിവരങ്ങളും ലഭ്യമാകും.എത്ര വീപ്പ ടാര്‍ ഉപയോഗിക്കുന്നുണ്ട്, എത്ര മീറ്റര്‍ റോഡ്‌ പണിയാണ്, ആരാണ് കോണ്ട്രാക്ടര്‍ , എപ്പോ പണി തീരും തുടങ്ങി നമ്മള്‍ എപ്പോ ജെസീബി വിളിക്കണം എന്ന് വരെ സിസ്ടത്തില്‍ കാണിക്കും. ഇനി ഇവന്മാര്‍ രാത്രി പണിഞ്ഞാല്‍ പോലും രക്ഷയില്ല, ഈ സിസ്റ്റം കാര്യങ്ങള്‍ നമ്മളെ ഇമെയില്‍ വഴിയായോ എസ്എംഎസ് അറിയിക്കാനുള്ള സംവിധാനവുമുണ്ട്. ഇനി സ്ഥിരം ജെസീബി പണിക്കാരാനെങ്കില്‍ അവരെ അറിയിക്കാനും കുത്തിക്കുഴിക്കല്‍ തുടങ്ങാനും സിസ്റ്റം തന്നെ നിര്‍ദ്ദേശങ്ങള്‍ കൊടുത്തോളും. നമ്മള്‍ പതുക്കെ പോയാല്‍ മതിയാകും. ഇതിനെല്ലാം പുറമേ ഇനി എത്ര നാള്‍ കഴിഞ്ഞാല്‍ ആ റോഡ്‌ വീണ്ടും കുഴിക്കാം എന്ന് വരെ അറിയാനും സാധിക്കും.”

“ഹോ താന്‍ പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ ഇതൊരു ഉഗ്രന്‍ സാധനമാണല്ലോ.”

“തീര്‍ച്ചയായും സര്‍. ഇപ്പൊ തന്നെ BSNL 100 സിസ്ടങ്ങള്‍ക്കായി ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. മറ്റു പോലെയുള്ള ടെലിഫോണ്‍ കമ്പനികള്‍ എന്നെ വീണ്ടും വീണ്ടും വിളിചോണ്ടിരിക്കുവാന്. എത്രയും പെട്ടെന്ന് സ്വന്തമാക്കിയാല്‍ സാറിന്റെ സ്ഥാപനത്തിനും ഇതൊരു മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമില്ല. കൂടാതെ KSEB പോലുള്ള സ്ഥാപനങ്ങളും ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് സര്‍ “

“എടൊ മറ്റൊന്നും നോക്കാനില്ല. നമ്മക്കും വേണം ഒരെണ്ണം”.

“സര്‍ എന്ന പിന്നെ ക്വട്ടേഷന്‍ ഞാന്‍ തന്നേക്കാം.”

“അതൊന്നും വേണ്ടെടോ..നാലഞ്ചെണ്ണം ഞാന്‍ തന്നെ എഴുതിയിട്ടെക്കാം. താന്‍ കാഷെത്രയാണെന്ന് പറ. ദേ എന്റെ കണക്കു കൂടി കൂട്ടി വേണം പറയാന്‍ കേട്ടോ” “ഓക്കേ സാര്‍ “…

രായന്‍ ബാഗില്‍ നിന്നും കാല്‍കുലേടര്‍ എടുത്തു കണക്കു കൂട്ടാന്‍ തുടങ്ങി.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie