മലയാളിയുടെ പ്രതികരണശേഷി എത്രത്തോളം കൂടുതലാണെന്നും, പക്ഷെ അതിനപ്പുറം തരം താഴ്ന്നതാണെന്ന് ഒരിക്കല്‍ കൂടി നാം കണ്ടു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ ഇടങ്ങളില്‍ എങ്ങനെ/എപ്പോള്‍ പെരുമാറണം എന്നറിയാത്ത, ലെവലേശം സാമാന്യബുദ്ധി പോലും ഇല്ലാത്ത കുറെ പേര്‍, ലൈസന്‍സ് ഇല്ലാതെ മേഞ്ഞു നടക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. സുജിത്തേട്ടനെയോ മനോരമയെയോ വെള്ള പൂശാന്‍ ഞാനില്ല (ഞാന്‍ ഒരു മുന്‍ മനോരമ ജീവനക്കാരനായിരുന്നു എന്നതിനാല്‍ മാത്രമല്ല, എന്റെ ഉള്ളിലെ ഇടതു പക്ഷചിന്താഗതി ഇപ്പോഴും കെടാതെ കിടക്കുന്നത് കൊണ്ട് കൂടിയാണ്).
“കാൽലക്ഷം പേർ സിപിഎം വിട്ടു” എന്ന വാര്‍ത്ത ആരെയൊക്കെ പൊള്ളിച്ചു എന്നറിയാന്‍ ഏറെയൊന്നും ചിന്തിക്കേണ്ടി വരില്ല. പൊള്ളിയാല്‍ തന്നെ അതിന്റെ പുറകെ പോയി തെറി വിളിക്കുകയല്ല, മറിച്ച് അതിന്റെ നിജസ്ഥിതി അറിഞ്ഞു കാര്യങ്ങള്‍ ചെയ്യുകയായിരുന്നില്ലേ വേണ്ടിയിരുന്നത് ? കേരളത്തിലെ എന്നല്ല, മിക്ക പത്രങ്ങള്‍ക്കും/മീഡിയകള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു രാഷ്ട്രീയ ചായ്‌വ് ഉണ്ടെന്നുള്ളത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇവിടെ മനോരമയുടെ കാര്യവും മറിച്ചല്ല; എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇങ്ങനെയിരിക്കെ, അതില്‍ വന്ന ഒരു വാര്‍ത്തയുടെ പേരില്‍ ലേഖകനെ തെറി വിളിച്ചു സായൂജ്യമടയുന്നവരുടെ ആത്മനിര്‍വൃതി എന്താണെന്ന് മനസ്സിലാവുന്നില്ല. പ്രത്യേകിച്ച് “വീട്ടിലുള്ളവരെ” തെറി വിളിക്കുന്നതില്‍ ഇക്കൂട്ടര്‍ കണ്ടെത്തുന്ന മനോശാന്തി !. തിരിച്ചും തെറി വിളിച്ചാലേ/തെറി കിട്ടിയാലേ അതിന്റെ വേദന മനസ്സിലാവൂ. (സുജിത്തേട്ടനെ പോലെ ഒരാളുടെ സംസ്കാരം അതിനു അനുവദിക്കാത്തത് കൊണ്ട് അതുണ്ടായില്ല.)
വാര്‍ത്ത സത്യമോ അസത്യമോ ആകട്ടെ, പക്ഷെ പ്രതിക്കരിക്കേണ്ട രീതി ഒരിക്കലും ഇതാണെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ വായിക്കുന്ന/കേള്‍ക്കുന്ന വാര്‍ത്തകളില്‍ എത്ര മാത്രം സത്യമുണ്ടെന്ന് എത്ര പേര്‍ക്കറിയാം ?
മനസ്സിലാവാത്ത വേറൊരു കാര്യം ഈ തെറി വിളിക്കുന്നവരുടെ ലിസ്റ്റ് ആണ്. അറിഞ്ഞിടത്തോളം, പാര്‍ട്ടിയെ കുറിച്ച് പറഞ്ഞതിന് നെഞ്ച് പൊള്ളിയിട്ടൊന്നുമല്ല പലരും തെറി വിളിക്കുന്നത്. ഇക്കൂട്ടരില്‍ പലരും ആ വാര്‍ത്ത വായിച്ചോ/മനസ്സിലാക്കിയോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടിക്ക് നൊന്തുവെങ്കില്‍, ഈ കാര്യങ്ങള്‍ തെറ്റാണെങ്കില്‍ ലേഖകന്‍റെ/പത്രത്തിന്റെ പേരില്‍ പരാതി കൊടുക്കാം; ഇല്ലെന്നു തെളിയിക്കാം. പക്ഷെ അങ്ങനൊരു നിഷേധം പാർട്ടിയില്‍ നിന്നോ ഉത്തരവാദപ്പെട്ട നേതാക്കളില്‍ നിന്നോ ഉണ്ടായിട്ടില്ല എന്ന് ലേഖകന്‍ അദ്ദേഹത്തിന്റെ തന്നെ വേറെ ഒരു പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. “വഴിയെ പോയപ്പോള്‍ ഒരുത്തനെ തല്ലുന്നത് കണ്ടു, എന്നാല്‍ പിന്നെ ഒന്ന് കൊടുത്തേക്കാം” എന്ന ലൈനിലായിരുന്നു കുറെ കാര്യങ്ങള്‍.
കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ കായികം പോലെ മറ്റു വാര്‍ത്താവിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖകന്മാരും സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ ക്രിക്കറ്റില്‍ തോറ്റാലും ആരാധിക്കുന്ന ഫുട്ബാള്‍ ക്ലബ് അടുത്ത മത്സരത്തില്‍ പരാജയപ്പെട്ടാലും നിങ്ങള്‍ക്കും കിട്ടിയേക്കാം ഇത് പോലുള്ള സ്വീകരണങ്ങള്‍; അത്രക്കും ബാലിശമാണ് സംഭവിച്ച കാര്യങ്ങള്‍.
വാല്‍ : കെ സുരേന്ദ്രന്‍ എന്ന ബിജെപിക്കാരനെ വി ടി ബല്‍റാം എന്ന കൊണ്ഗ്രസ്സുകാരന്‍ വാക്കുകള്‍ കൊണ്ട് തോല്‍പ്പിച്ചപ്പോള്‍, ലൈകും കമ്മന്റും കൂട്ടാന്‍ മത്സരിച്ചത് ഇത് രണ്ടുമല്ലാത്ത വേറെ വിഭാഗക്കാരായിരുന്നു എന്ന് കേട്ടു.