ഇന്ന് ഞാനെന്റെ വാതിലുകള്‍
ഇറുക്കെ കൊട്ടിയടച്ചു
ആരും കടക്കാതെ, കാണാതെ
തള്ളിത്തുറക്കാതിരിക്കാന്‍
എന്റെതു ഒറ്റവാതിലുള്ള ഒരു മുറിയായിരുന്നു
കാറ്റു കടക്കാന്‍ ജനലുകളില്ലാതെ…
വാതില്‍ ഞാന്‍ പാതിയേ തുറക്കാറുള്ളൂ.
പേടിയല്ല; എനിക്കും അതായിരുന്നു സൗകര്യം.
വരുന്നോരെന്റെ സ്നേഹിതര്‍, പിന്നെ
വഴി പോന്നോരും വഴി ചോദിക്കുന്നോരും,
അവരും വാതില്‍ പാതിയെ തുറക്കാറുള്ളൂ
അടക്കാനെളുപ്പത്തിനോ എന്തോ.
വരുന്നോരെനിക്കറിയാത്തോര്‍; ഞാനാദ്യമായ്
കാണുന്നോര്‍, അപരിചിതര്‍.
പിന്നെ, പേരും നാളും പറഞ്ഞ്,
മുഖം നോക്കാതെ ചങ്ങാത്തം കൂടിയോര്‍
വന്നോരെല്ലാം വിരുന്നുകാര്‍;
അവര്‍ ഒപ്പം നിന്നു ചിരിച്ചു.
വെളിച്ചം പോയിരുള്‍ വന്നപ്പോളവര്‍
എന്നെ തനിച്ചാക്കി പുറത്തുപോയി.
നിഴല്‍ വീണ വഴിയിലൂടെ നടന്ന്,
ഒന്നും രണ്ടും പറഞ്ഞ്, പിണങ്ങിയും
പിന്നെയെപ്പോഴോ താനെ ഇണങ്ങിയും
കൂട്ടം പിരിയാതെ നടന്നോര്‍.
ഓട്ടത്തിനിടക്ക് കാലിടറി,
കൈയും മെയ്യും വയ്യാതെ നിന്നപ്പോള്‍
തിരിഞ്ഞു നോക്കാതെ ലക്‌ഷ്യം നേടിയോര്‍,
അവര്‍ എന്നെ കണ്ടില്ല, നോക്കിയതുമില്ല
എനിക്ക് താങ്ങാന്‍, പിടിക്കാന്‍
ഒരു തോലും കിട്ടിയില്ല, ഞാന്‍ കണ്ടില്ല
കിട്ടിയതൊക്കെ പാഴ്ക്കൊമ്പുകള്‍;
അവയെന്നെ താങ്ങായ് കണ്ടു
ചിരിച്ചു നിന്നവര്‍, കൂടെ കളിച്ചവര്‍
മഴവെള്ളം വന്നപ്പോള്‍ എന്റെ തോളില്‍ കയറിയവര്‍
കൊടുങ്കാറ്റു വന്നപ്പോള്‍ അവര്‍
എന്നെ വിട്ടു വന്മരങ്ങള്‍ തേടിപോയി
എന്റെ വാതിലുകള്‍ ഞാനടച്ചിരുന്നി-
ലൊരിക്കലുമിതുവരെ
എല്ലോര്‍ക്കും കടക്കാന്‍; ഇരിക്കാന്‍
എന്റെ ശിഖരങ്ങളില്‍ കൂടാന്‍…
എന്നിട്ടും ഞാന്‍ ചെന്നപ്പോള്‍
എനിക്ക് മുമ്പിലടഞ്ഞ വാതിലുകള്‍
തുറക്കാത്ത, കാരിരുമ്പിന്റെ
മണിചിത്രത്താഴിട്ടു പൂട്ടിയവ
ചിലത് ഞാന്‍ ചെന്നപ്പോള്‍,
എന്നെ കണ്ടപ്പോള്‍ അടഞ്ഞുപോയി , കാണാതിരിക്കാന്‍, അറിയാതിരിക്കാന്‍
കറുത്ത ജാലകവിരിയിട്ടു മൂടിയവ
എന്നെ നോക്കി ചിരിക്കാന്‍, പറയാന്‍
അവയ്ക്ക് പിന്നില്‍ എന്റെ മാത്രം
വിരുന്നുകാര്‍-ഞാന്‍ അങ്ങനെ
തെറ്റിദ്ധരിച്ചു
ഞാനും വാങ്ങി, നല്ലൊരു പൂട്ട്,
എന്റെ വാതിലുകള്‍ അടച്ചു
ചാവി എന്റെ കുളത്തിലെ മീനുകള്‍ക്ക്
എറിഞ്ഞുകൊടുത്തു.