ചില കഥകള്‍,

തിരിച്ചറിവ്

Gini Gini Follow Apr 04, 2010 · 1 min read
Share this

“രമേശേട്ടന്‍ ഇങ്ങനെ പേടിച്ചാലെങ്ങനാ ? ആണുങ്ങളായാല്‍ കൊറച്ചൊക്കെ ധൈര്യം വേണം.”

“അതല്ല സുമം, ഓര്‍ക്കുമ്പോ എനിക്ക് ?”

“രമേശേട്ടന് പേടിയാണേല്‍ തിരിച്ചു പോകാം”

“പേടിയല്ല, നമ്മളെ ഈ നേരല്ലാത്ത നേരത്ത് ആരെങ്കിലും കണ്ടാല്‍ ?”

“കണ്ടാലെന്താ? പിടിച്ചു വിഴുങ്ങോ ? അല്ല പിന്നെ”

“അങ്ങനല്ല സുമം, ഒന്നുമില്ലേലും നാട്ടുകാരെ പേടിക്കണ്ടേ? “

“പിന്നെ, നാട്ടുകാരെ മൊത്തം അറിയിച്ചോണ്ട് ഇതിനു പോകാം പറ്റുവോ ?”

രമേശനെ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു.

“ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെയൊക്കെ. അതാ ഒരു പേടി” രമേശന്‍ മുഖം തുടച്ചു കൊണ്ട് പറഞ്ഞു.

“എല്ലാരും പിന്നെ ബുക്കും പേപ്പറും പഠിച്ചിട്ടാണോ മരിക്കാന്‍ വരുന്നത്”. സുമം ഇച്ചിരി ദേഷ്യത്തോടെ പറഞ്ഞു.

നിലാവില്‍ സുമത്തിന്റെ പിണങ്ങിയ മുഖം ചുവക്കുന്നതായി രമേശന് തോന്നി.

“സുമം, ദേ എന്റെ മുഖത്തേക്ക് നോക്കിയേ” രമേശന്‍ അവളുടെ താടിയില്‍ പിടിച്ചു തന്റെ മുഖത്തോട് അടുപ്പിച്ചു.

“നമ്മുക്കൊന്ന് കൂടി ആലോചിച്ചിട്ട് പോരെ ?”

“എങ്കില്‍ രമേശേട്ടന്‍ പൊയ്ക്കോ. എനിക്ക് ഇനി വീട്ടില്ലേക്കു പോകാനാവില്ല.”

റെയില്‍വേ ട്രാക്കിന്റെ അരുകിലൂടെ നടക്കുമ്പോള്‍ രമേശന്റെ ഭയം ഒന്ന് കൂടി ഇരട്ടിച്ചു. തണുത്ത കാറ്റ് സുമത്തിന്റെ മുടിയിഴകളെ തൊട്ടുതലോടി പോകുന്നുണ്ടായിരുന്നു.

“ഞാന്‍ ഭാസ്കരന്‍ മാമന്റെ അടുത്ത് ഒന്ന് കൂടി ചോദിച്ചു നോക്കാം. “

“എന്റെ രമേശേട്ടാ, ഇനിയും അച്ഛന്റെ മുന്നില്‍, രമേശേട്ടന്‍ തല കുനിച്ചു നില്‍ക്കുന്നത് കാണാന്‍ എനിക്ക് മേല. ജോലി ശരിയാകാതെ അച്ഛന്‍ സമ്മതിക്കുമെന്ന് ഒരിക്കലും കൊതിക്കണ്ട.”

സുമം റെയില്‍വേ ട്രാക്കിന്റെ കാണാത്ത അറ്റത്തേക്ക് നെടുവീര്‍പ്പോടെ നോക്കി.

“സുമതിഅമ്മായീടെ മോന്‍ ബാബുവേട്ടന്‍ കഴിഞ്ഞ ആഴ്ച ഗള്‍ഫീന്ന് വന്ന കാര്യോം രമേശേട്ടന് അറിയാലോ. ഇപ്പൊ അച്ഛനാണേല്‍ ബാബുവേട്ടനെ വല്ല്യ കാര്യമാണ്. ഇനിയും എനിക്ക് തടസ്സം പറഞ്ഞു പിടിച്ചു നില്‍ക്കാനാവില്ല.”

രമേശന്റെ കണ്ണ് നിറയുന്നത് സുമം അറിഞ്ഞു.

“രമേശേട്ടാ, ഇങ്ങനെ കുട്ടികളെ പോലെ കരയാതെ. ഒരുമിച്ചു ജീവിക്കാന്‍ ഈ ജന്മത്തില്‍ വിധിയില്ലെന്നു വിചാരിച്ചാ മതി.”

“എന്നാലും സുമം, നമ്മളിത്രേം കൊതിച്ചിട്ടും ദൈവം നമ്മളെ കാണുന്നില്ലല്ലോ.”

“രമേശേട്ടന്‍ വാ, ആ വളവില്‍ പോകാം. ട്രെയിന്‍ വരാന്‍ സമയമായി. “

ട്രാക്കിന്റെ വശങ്ങളിലെ കാറ്റ്പുല്ലു വകഞ്ഞു മാറ്റി സുമം മുന്നോട്ടു നടന്നു. ദിശയറിയാത്ത കുട്ടിയെ പോലെ പിന്നാലെ രമേശനും.

ട്രാക്കില്‍ കയറിനില്‍ക്കാന്‍ സുമം രമേശനെ കൈ പിടിച്ചു സഹായിച്ചു.

“രമേശേട്ടാ, ഞാന്‍ രമേശേട്ടനെ കെട്ടിപിടിച്ചു നിന്നോട്ടെ ?”

രമേശന്റെ ശബ്ദം ഒരു ഗദ്ഗദത്തില്‍ മുങ്ങി പോയി.

സുമം രമേശനെ ഇറുകെ കെട്ടിപിടിച്ചു.

ദൂരെ വലിയ ടോര്‍ച്ചടിച്ചാലെന്ന പോലെ ട്രെയിനിന്റെ വെളിച്ചം കണ്ടു. രമേശന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു; അടുത്ത ജന്മത്തിലേക്കു പോകാന്‍ തയ്യാറായി നിന്നു.

ട്രെയിനിന്റെ ശബ്ദം അടുത്ത് വരുന്നത് രമേശന്‍ അറിഞ്ഞു.

അവസ്സാനമായി സുമത്തിന്റെ മുഖം ഒന്ന് കൂടി കാണാന്‍ രമേശന്‍ കൊതിച്ചു. രമേശന്‍ പതുക്കെ കണ്ണ് തുറന്നു. സുമം കൂടെയില്ലെന്ന തിരിച്ചറിവില്‍ ഒന്ന് ഞെട്ടാന്‍ പോലും രമേശന് സമയം കിട്ടിയില്ല.

ഇപ്പുറത്ത് കാട്ടുപുല്ലിനെ വകഞ്ഞു മാറ്റി സുമം ഓടുന്നുണ്ടായിരുന്നു. ട്രാക്കിനപ്പുറത്തെ റോഡില്‍ വണ്ടിയുമായി സുമത്തെ കാത്ത് ഭാസ്കര പണിക്കര്‍ അടുത്ത ഗള്‍ഫ്‌ സിഗരറ്റിനു തീ കൊടുത്തു.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie