ചില കഥകള്‍,

കാത്തിരുപ്പ്

Gini Gini Follow May 24, 2010 · 1 min read
Share this

“ഇന്നിപ്പോ ഞായറാഴ്ചയായി. ശനിയാഴ്ച അവിടുന്ന് തിരിച്ചാല്‍ തന്നെ ഇന്നെത്തേണ്ടതല്ലേ “

ബാലന്മാഷ് സ്വയം പറഞ്ഞു.

“ഇന്നലെ ഉച്ചക്ക് എത്തുമെന്നല്ലേ അരുന്ധതീ പറഞ്ഞത് ?” മാഷ്‌ ഭാര്യയോടു വിളിച്ചു ചോദിച്ചു.

അടുക്കളയില്‍ നിന്നും ചേലതുമ്പില്‍ കൈതുടച്ച് കൊണ്ട് അരുന്ധതിടീച്ചര്‍ പുറത്തേക്കു വന്നു.

“അങ്ങനെ പറഞ്ഞതായാണ് ഞാനും ഓര്‍ക്കുന്നത് മാഷെ. “

“ഇനീപ്പോ ഫ്ലൈറ്റ് എങ്ങാനും ഒന്ന് വൈകുവാണേല്‍ വിനുവിനൊന്നു വിളിച്ചു പറഞ്ഞു കൂടെ. ഇവിടെ ബാക്കിയുള്ളവര്‍ തീ തിന്നുകയാണെന്ന വിചാരം അവനു വേണ്ടേ.”

“എന്താ മാഷെ, വിനു ഇനിയും എത്തീട്ടില്ല ?” - ഷാരത്തെ പണിക്കര് ചേട്ടനാണ്.

“ഇല്ലാന്നേ. ഇതിപ്പോ ഞായറാഴ്ച തീരാറായി. ഒന്ന് വിളിച്ചു നോക്കാന്നു വച്ചാല്‍, ആ ഫോണ്‍ ആരും എടുകുന്നുല്ല്യ . മറന്നു വച്ചോ എന്തോ ?”

“ശരി, അവന്‍ വന്നാല്‍ അത്രടം വരെ ഒന്ന് വരാന്‍ പറയണം. സാവിത്രി ഇന്ന് രാവിലേം തിരക്കിയിരുന്നു വിനു എത്തിയോന്നു.”

നാട്ടിലെ സ്കൂളില്‍ നിന്നും ഹെഡ് മാഷായി വിരമിച്ചതാണ് ബാലന്‍ മാഷ് . ഭാര്യ അധ്യാപികയല്ലെങ്കിലും മാഷിനോടുള്ള ബഹുമാനം കാരണം ആളുകള്‍ “ടീച്ചര്‍” പദവി നല്‍കിയതാണ്. ഒരേയൊരു മകനാണ് വിനു. എഞ്ചിനീയറിംഗ് കഴിഞ്ഞു ദുബൈയില്‍ ജോലി കിട്ടിയപ്പോള്‍ മാഷും ടീച്ചറും മനസ്സില്ലാ മനസ്സോടെയാണ് അവനെ യാത്രയാക്കിയത്. രണ്ടു വര്‍ഷത്തിനു ശേഷം അവധിക്കു നാട്ടില്‍ വരുന്ന കാര്യം കഴിഞ്ഞാഴ്ചയാണ് വിളിച്ചു പറഞ്ഞത്. ശനിയാഴ്ച എത്തുമെന്നും പറഞ്ഞു.

മാഷ്‌ കൂട്ടിലിട്ട വെരുകിനെ പോലെ വരാന്തയിലൂടെ നടന്നു. ഓരോ വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോഴും തലയുയര്‍ത്തി നോക്കും.

“മാഷ് ഭക്ഷണം കഴിക്കുന്നില്ലേ.?” -ടീച്ചര്‍

“അവനെ കാണാതെ എനിക്ക് പച്ചവെള്ളം പോലും ഇറങ്ങില്ല.”

ടീച്ചര്‍ മാഷിനെ നോക്കി. വിനു വരുന്നു എന്നറിഞ്ഞത് മുതല്‍ മാഷാകെ മാറിപോയിരുന്നു. വീട് മുഴുവന്‍ വൃത്തിയാക്കാന്‍ ആള്‍ക്കാരെ ചട്ടം കെട്ടി. വിനുവിന്റെ മുറിയില്‍ കയറി, പുസ്തകങ്ങള്‍ അടുക്കി പെറുക്കി വച്ചു. ഇപ്പോഴും അടുക്കളയില്‍ കയറി അവന്റെ രുചികളെ പറ്റിയും ഇഷ്ടാനിഷ്ടങ്ങളെ പറ്റിയും വാതോരാതെ പറഞ്ഞോണ്ടിരിക്കും.

“എന്റെ മാഷേ, ദേ അവനെന്റെം കൂടെ മോനാ കേട്ടോ. മാഷ്‌ പറയുന്നത് കേട്ടാല്‍ തോന്നും, ഞാനവനെ ഇത് വരെ കണ്ടിട്ടില്ലെന്ന്.”

“ഹ ഹ ഹ, കൊള്ളാം. അതല്ല അരുന്ധതീ, അവനിപ്പോ ചെറിയ കുട്ട്യോന്ന്വല്ല. അവന്റെ ഇഷ്ടങ്ങളൊക്കെ നമ്മള് ചോദിച്ചു മനസ്സിലാക്കണം.”

പണിക്കര് ചേട്ടന്‍ ഓടികിതച്ചു വരുന്നത് കണ്ടു.

“മാഷേ, ആ ടിവി ഒന്ന് ഓണ്‍ ചെയ്തെ.”

“എന്താ എന്തുപറ്റി പണിക്കര് ചേട്ടാ, ?”- ടീച്ചര്‍

“ഒന്നുമില്ല. ഒരു കാര്യം അറിയാനാ.”

ചാനലുകള്‍ മാറ്റി പണിക്കര് ചേട്ടന്‍ തന്നെ അത് കണ്ടെത്തി.

“മാഷെ ഒന്നിവിടം വരെ വന്നെ.”

“എന്റെ പണിക്കര് ചേട്ടാ, എനിക്കിപ്പോ അതൊന്നും കാണാനുള്ള മനസ്തിതിയല്ല.” -മാഷ്‌ പറഞ്ഞു.

“അതല്ല മാഷേ, ഒന്നിങ്ങു വാ”

ചാനലില്‍ ഒരപകടത്തിന്റെ ദൃശ്യം തെളിഞ്ഞു വന്നു.

ദ്രിശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ഏതോ വിമാനപകടമാണ്. മംഗലാപുരത്താണത്രെ. അടിയില്‍ എഴുതി കാണിച്ച വാര്‍ത്താശകലങ്ങള്‍ പിടക്കുന്ന കണ്ണുകളോടെ എല്ലാവരും വായിച്ചു.

ദുബൈയില്‍ നിന്നും മംഗലാപുരത്തേക്ക് വന്ന ഫ്ലൈറ്റ് ഇറങ്ങുന്നതിനിടെ മംഗലാപുരതുവച്ചാണ് അപകടം. ശനിയാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ ആറോ ഏഴോ പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ.

മാഷിന്റെ മിഴികള്‍ ഒന്ന് കൂടെ പിടച്ചു. ടീച്ചര്‍ ഒരു താങ്ങിനായി മാഷിന്റെ കയ്യില്‍ പിടിച്ചു. നിസ്സഹായനായി പണിക്കര് ചേട്ടന്‍ ടിവിയിലേക്ക് നോക്കിയിരുന്നു.

കത്തിക്കരിഞ്ഞു തിരിച്ചറിയാന്‍ കഴിയാത്ത അവശിഷ്ടങ്ങിലേക്ക് ക്യാമറകണ്ണുകള്‍ പാഞ്ഞുനടന്നു.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie