നാട്ടിലെ one and only ഗുണ്ടയായിരുന്നു (അല്ലെങ്കില്‍ അങ്ങനെ കരുതി പോന്നിരുന്നു) വിദ്യാധരന്‍ ചേട്ടന്‍. സ്വന്തം പേരിലെ “വിദ്യ” അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതിയാവണം മൂന്നാം ക്ലാസ്സില്‍ വച്ചു തന്നെ ചേട്ടന്‍ വിദ്യാലയത്തോട് വിട പറഞ്ഞു. എന്തായാലും ആ പേരിട്ടതാരായാലും അവനെ ഒന്ന് കാണാന്‍ നാട്ടുകാരെന്നും ആഗ്രഹിച്ചിരുന്നു. വെറുതെ, ഒന്ന് കണ്ടിരിക്കാമല്ലോ എന്നല്ല ആ ആഗ്രഹത്തിന് പിന്നില്‍ എന്നറിയാവുന്നതു കൊണ്ട് ആ “name provider” ആരെന്നു ഇത് വരെ സുഗുണന്‍ ചേട്ടനോ കൊച്ചമ്മിണി ചേച്ചിയോ വെളിപ്പെടുത്തിയിട്ടില്ല.
ചെറിയൊരു ഫ്ലാഷ് ബാക്ക്:
“വിദ്യാ-അഭ്യാസം” നിര്‍ത്തിയതിനു ശേഷം അമ്പലപ്പറമ്പിലെയും അടുത്തുള്ള പറമ്പുകളിലെയും കശുവണ്ടി കച്ചവടം അങ്ങോര് മൊത്തമായി തന്നെ ഏറ്റെടുത്തു; തന്റെ “ആദ്യവേട്ട” ഉദ്ഘാടനം ചെയ്തു. പിന്നീട് നാട്ടില്‍ നടക്കുന്ന കയ്യാങ്കളി, വാക്കേറ്റം, കത്തിക്കുത്ത് തുടങ്ങി എല്ലാ വിധ കലാപരിപാടികള്‍ക്കും ചേട്ടന്‍ പങ്കെടുത്തു പോന്നു. സംഭവം ആള് മധ്യസ്ഥം പറയാന്‍ പോയാലും ഒന്നാം പ്രതിയാകുന്ന അവസ്ഥയായി. കാരണം മറ്റൊന്നുമല്ല; കയ്യിലിരിപ്പ് തന്നെ.
തടിക്കു പണിക്കു കിട്ടാന്‍ തുടങ്ങിയതോടെ സ്വയരക്ഷക്കായി ഒതയോത്ത് ചന്ദ്രന്‍ ഗുരുക്കളുടെ കളരിയിലേക്ക് വിദ്യാധരന്‍ ചേട്ടനും (ആ പേര് പറയുമ്പോള്‍ എന്നെ തല്ലരുത് ) കച്ച കെട്ടി ഇറങ്ങി. അടിതടവുകളൊന്നും ശരീരത്തിന് വഴങ്ങിയില്ലെങ്കിലും ഇടതു മാറാനും വലതു ഞെരിഞ്ഞമാരാനും ഓടി രക്ഷപ്പെടാനുമൊക്കെ നമ്മടെ ചേട്ടനും പഠിച്ചു. ചേട്ടന്റെ ശരീരം എന്തോ ചേട്ടന്റത്രയും പക്വത കാണിക്കാന്‍ വല്ലാതെ മടി കാണിച്ചു. താടി മീശ രോമങ്ങളാണേല്‍ കയ്യിലേം കാലിലേം വിരലില്‍ എണ്ണാവുന്നതില്‍ കൂടുതല്‍ വളര്‍ന്നുമില്ല. ഏതോ ഒരു സിനിമ കണ്ടതിനു ശേഷം ഒരു പാക്ക് വെട്ടി കത്തിയുമായി നടക്കാനും തുടങ്ങി. അതും കൊണ്ട് പശു നക്കിയ പോലെയുള്ള മീശയും ചൊറിഞ്ഞാണ് നടപ്പ്. കക്ഷത്തില്‍ രണ്ടും ആപ്പിള്‍ കയറ്റി വച്ചത് പോലെ മസ്സില് പിടിച്ചാണ് വരവ്. പക്ഷെ ആപ്പിള് പോയിട്ട് ഒരു മുന്തിരി വച്ച മസ്സില് പോലും ഞങ്ങളാരും ഇത് വരെ കണ്ടിട്ടില്ല.
കരിയര്‍ ഗ്രാഫ് നോക്കുകാണേല്‍ അങ്ങോര് ഒരു ഫയങ്കര മീന്‍പിടുത്തക്കാരനായിരുന്നു. അടുത്തുള്ള കലുങ്കില്‍ രാവിലെ ഒരു വലേം ഇട്ടു അങ്ങോര് പോകും. പിന്നെ അടീം തടേം ഇടിയും ഒക്കെ കൊണ്ട് “ശാരീരികാദ്ധ്വാനം” കഴിഞ്ഞതിനു ശേഷം വൈകുന്നേരം വന്നു വല വലിക്കും. അപ്പോഴേക്കും വരാലും ചൂരിയും പുള്ളിമീനുമൊക്കെ വലയില്‍ കയറി വുവുസലയും പാടി സാംബ ഡാന്‍സും കഴിഞ്ഞു “ദേ, വിദ്യേട്ടന്‍ വരാറായി, ഇനി പോകാം” എന്നും പറഞ്ഞു സ്ഥലം വിട്ടു കാണും. പേരിനു ഒരു നെറ്റിപ്പൊട്ടന്‍ പോലും കനിവ് കാട്ടില്ല. പിന്നെ ആകെയുള്ള വരുമാനം പുഴക്കരയിലെ മണല്‍ലോറിയില്‍ അപ്പ്‌ലോഡിംഗ് വഴിയാണ് .
നാട്ടില്‍ വേറാരും ഇത്തരം ഒരു പോസ്റ്റിനു അപ്ലൈ ചെയ്യാന്‍ പോലും ഇല്ലായിരുന്നതിനാലും ഉണ്ടെങ്കില്‍ തന്നെ വിദ്യേട്ടന്റെ പെര്‍ഫോര്‍മന്‍സ് വളരെ മികച്ചതായിരുന്നത് കൊണ്ടും സ്ഥലത്തെ ആസ്ഥാന ചട്ടമ്പിയായി ചേട്ടന്‍ തന്നെ സ്വയം അവരോധിതനായി. എസ്എംഎസ് -നായി കാത്ത് നില്‍ക്കാന്‍ വേറാരും ഉണ്ടായിരുന്നുമില്ല.
ഓക്കേ, ഫ്ലാഷ് ബാക്ക് തീര്‍ന്നു. ഇനി കാര്യത്തിലേക്ക് കടക്കാം.
അമ്പലത്തിലെ കഴിഞ്ഞ ആണ്ട് ഉത്സവത്തിനാണ് നാട്ടിലെ ആസ്ഥാനചട്ടമ്പി സ്ഥാനം രാജിവെക്കാന്‍ വിദ്യേട്ടനെ പ്രേരിപ്പിച്ചആ മഹാദുരന്തം നടക്കുന്നത്. വിദ്യേട്ടന്റെ മാസ്റ്റര്‍പീസ് ഇനങ്ങളായ അടി-തട, വെട്ടു, തല്ലു (എല്ലാം കൊള്ളുന്ന കാര്യത്തിലാണ് പെര്‍ഫോര്‍മന്‍സ്) എന്നിവ പെര്‍ഫോം ചെയ്യാനും, ഉത്സവത്തിന് വരുന്ന പെണ്ണുങ്ങളുടെ മുന്നില്‍ ഇത്തരം പരിപാടികളുമായി അര്‍മാദിക്കാനും പറ്റിയ ഒരു ചാന്‍സ്. രണ്ടു ദിവസം മുന്നേ തന്നെ തലശ്ശേരി ടൌണില്‍ പോയി ഉടുക്കാന്‍ നല്ല കിടിലനൊരു മുണ്ടും, ജൂബ്ബയും ഉള്ളിലിടാന്‍ ചുവപ്പ് വരയുള്ള ഒരു നീളന്‍ ട്രൌസറും വാങ്ങി വച്ചു. പക്ഷെ എല്ലാം ഉടുത്തു വരുമ്പോഴേക്കും ആ ചട്ടമ്പിത്തരം താനേ വെളിയില്‍ വരും. ജൂബ്ബയും സില്‍ക് മുണ്ടും ഉടുത്ത് നിന്നാലും ചട്ടമ്പിമാരുടെ ഡ്രസ്സ് കോഡായ ആ മടക്കിക്കുത്ത് വഴി അടിയിലുള്ള ചുവപ്പ് വരയന്‍ ട്രൌസറിനെ മൊത്തമായും നാട്ടുകാര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കും. എന്തോ അന്നൊരു ദിവസം മാത്രം ആ തുരുമ്പിച്ച കത്തി അങ്ങോര് കൂടെ കരുതാറില്ല.
രാത്രി ലങ്കാദഹനം ബാലെ കാണാന്‍ വേണ്ടി ഒരുങ്ങുന്നതിനിടക്കാണ് ബാലെ തുടങ്ങാന്‍ പോകുന്നതിനു മുന്നോടിയായുള്ള പാട്ട് വിദ്യേട്ടന്റെ കാതില്‍ പതിച്ചത്. പിന്നെ മുണ്ടും മടക്കികുത്തി ഒരൊറ്റ പാച്ചിലായിരുന്നു. കാരണം, ബാലെ തുടങ്ങിക്കഴിഞ്ഞാല്‍ ലലനാ മണികളില്‍ ഒന്നും പോലും നമ്മളെ മൈന്‍ഡ് ചെയ്യില്ലെന്ന് അങ്ങോര്‍ക്ക് നന്നായിട്ടറിയാം (അല്ലേലും വലുതായി മൈന്‍ഡ് ചെയ്യാറില്ല). നേരെ വഴി പോയാല്‍ അവിടെഎത്തുമ്പോഴേക്കും പരിപാടി തുടങ്ങും. അത് കൊണ്ട് കിണറ്റില്‍ വീണു മരിച്ച ശാന്തിക്കാരന്‍ പോറ്റിയുടെ പറമ്പിലൂടെ നേരെ ഡസ്ക് ടോപിലേക്ക് സോറി, മൈതാനത്തേക്ക് ഷോര്‍ട്ട്കട്ട് അടിക്കാം. പോറ്റിയുടെ പറമ്പിലൂടെ നടക്കുമ്പോള്‍ പതിവില്ലാതെ ഒരു പേടി–അല്ല, അത് പോലൊന്ന് ചേട്ടനെ പിടികൂടിയിരുന്നു. ഓ, നമ്മളെത്ര തവണ ഇതിലൂടെ പോയതാണേ.. വിദ്യേട്ടന്‍ സ്വയം മനസ്സിനെ സമാധാനിപ്പിച്ചു. പോറ്റി വീണ കിണറ്റിനരികിലെത്തിയതും അവിടെക്കൊന്നു നോക്കാന്‍ വിദ്യേട്ടനെ ആരോ പ്രേരിപ്പിച്ചു. കിണറ്റിനപ്പുറത്തെ ഇരുട്ടില്‍ ചില വെളിച്ചങ്ങള്‍ കത്തിക്കെടുന്നതായി ചേട്ടന് തോന്നി.ഒരു ചുവന്ന മിന്നാമിനുങ്ങ് രണ്ടാകുന്നു. ചുവന്ന വരയന്‍ ട്രൌസര്‍ മുറുക്കിയുടുത്തിട്ടും വിദ്യേട്ടന്റെ ധൈര്യം ചോരാന്‍ തുടങ്ങി.
“ആരാഹ് ..അത് ???”
വിദ്യേട്ടന്‍ മുക്കിമുക്കി ചോദിച്ചു.
ചുവന്ന മിന്നാമിനുങ്ങ് ഒന്ന് ചുറ്റിത്തിരിഞ്ഞു, പതുക്കെ താഴേക്ക് പോയി, കാണാതായി.
വിദ്യേട്ടന്റെ ധൈര്യചോര്‍ച്ച കൂടി.
“ആരാന്നാ ചോദിച്ചേ ?”
“വിദ്യാധരനാണോടാ ?” മിന്നാമിനുങ്ങു വെളിച്ചം ചോദിച്ചു.
എന്റമ്മോ, അത് പോറ്റിയുടെ ഒച്ചയാണല്ലോ ? ചതിച്ചോ ? അല്ലെങ്കിലെ ആഗ്രഹങ്ങളൊന്നും തീരാതെയാ പോറ്റി കിണറ്റില്‍ വീണു ചത്തത്.
“വിദ്യാധരാ, ഡാ ഇങ്ങോട്ട് വന്നെ “
“ഇല്ലെടാ പന്നീ, കൊന്നാലും എന്നെ കിട്ടില്ലാ, നിനക്കെന്റെ ചോര ഊറ്റികുടിക്കാനല്ലേ; തരില്ലെടാ ഞാന്‍..”
ഇത് പറയുമ്പോഴേക്കും വിദ്യേട്ടന്‍ എസ്കേപ് മാരത്തോണ്‍ ഓട്ടത്തിന്റെ 2 ലാപ് പിന്നിട്ടിരുന്നു.
ഇരുട്ടില്‍ ഉത്സവത്തിന് ലഹരി പിടിപ്പിക്കുകയായിരുന്ന, പോറ്റിയുടെ അയല്‍വക്കത്തെ രാജന്‍ചേട്ടനും മണിചേട്ടനും, വിദ്യേട്ടന്റെ നിലവിളി കേട്ടു നേരം വൈകി നിയമസഭയില്‍ എത്തിയ എംഎല്‍എമാരെപോലെ പോലെ മിഴുങ്ങസ്യ നിന്നു. രണ്ടു പേരും ഓരോ ബീഡിക്ക് തീ പിടിപ്പിക്കുമ്പോഴേക്കും ഇത്രയും സംഭവങ്ങള്‍ നടന്നു.
ഇനി വിദ്യേട്ടന്റെ കാര്യമോ ? മാരത്തോണ്‍ ഓട്ടത്തിന്റെ ഫിനിഷിംഗ് പൊയന്റായി വിദ്യേട്ടന്‍ സെലക്ട് ചെയ്തത് ബാലെ നടക്കുന്ന മൈതാനമായിരുന്നു. ബാലെ കാണാന്‍ വന്നവര്‍ക്ക് മുന്‍പില്‍ കാബറെ ഡാന്‍സിന്റെ വേഷവുമായി -ചുവപ്പ് വരയന്‍ ട്രൌസറുമായി- നിലവിളിച്ചുകൊണ്ട് ഓടി വന്ന വിദ്യേട്ടനെ നാട്ടുകാരില്‍ ചിലര്‍ പിടിച്ചു നിര്‍ത്തി.
“എന്താ , എന്ത് പറ്റി ?”
“പോറ്റി, പോറ്റി ..”
കിതപ്പിനിടയില്‍ വിദ്യേട്ടന്‍ ആകെ രണ്ടു വാക്കേ പറഞ്ഞുള്ളൂ. പിന്നെ നാട്ടുകാര്‍ തോന്നിയ പോലെ തിരക്കഥയും സംഭാഷണവുമൊക്കെ റെഡിയാക്കി സംഭവം റിലീസ് ചെയ്തു.
-വിദ്യേട്ടന് പോറ്റി ദര്‍ശനം കൊടുത്തത്രേ-
സംഭവസ്ഥലത്തെ കുറ്റിപടര്‍പ്പില്‍ നിന്നും നിന്നും വിദ്യേട്ടന്റെ പുതിയ മുണ്ട് കളഞ്ഞുകിട്ടി. അല്ലേലും 135 ഉറുപ്പികേന്റെ മുണ്ടിനെക്കാള്‍ വലുതല്ലേ ജീവന്‍.
സംഭവത്തിന്റെ ആന്റി-ക്ലൈമാക്സ് എന്താന്ന് വച്ചാല്‍ നേരത്തെ പറഞ്ഞത് തന്നെ; ആസ്ഥാനചട്ടമ്പി സ്ഥാനം അങ്ങോര് ഉപേക്ഷിച്ചു. ഇപ്പൊ അമ്പലത്തില്‍ ശാന്തിക്ക് നില്‍ക്കുന്ന പുതിയ പോറ്റിയെ സഹായിക്കുകയാണ് പ്രധാന പണി.
ചോദിക്കുന്നവരോട് വിദ്യേട്ടന്റെ മറുപടി
“മുജ്ജന്മപാപം തീര്‍ക്കാന്‍ ഇനി ദൈവസന്നിധിയില്‍ തന്നെ കഴിഞ്ഞു കൂടാന്‍ തന്നെ തീരുമാനിച്ചു.”
രാജന്‍ചേട്ടനും മണിചേട്ടനും ഇതിനിടെ മറ്റൊരു പണി കൂടി വിദ്യെട്ടന് കൊടുത്തു. പോറ്റീടെ ആത്മാവിനെ തൃപ്തിപ്പെടുത്താന്‍ എല്ലാ വെള്ളിയാഴ്ചയും ആ കിണറ്റിന്റെ കരയില്‍ മുത്തപ്പന്‍ വെള്ളാട്ടം നടത്താനും ഓരോ കോഴിയെ കുരുതി കൊടുക്കാനും നിര്‍ദ്ദേശിച്ചു. ബ്രാഹ്മണനായ പോറ്റിക്കെന്തിന്നാ കോഴി എന്ന് വിദ്യേട്ടന്‍ ചോദിച്ചില്ല. പോറ്റിയുടെ ആത്മാവിനെ തൃപ്തിപ്പെടുത്തേണ്ടത് വിദ്യെട്ടന്റെയും ആവശ്യമായിരുന്നു.
ബ്ലോഗ് കഷണം : കഥയില്‍ ഒരു ഒന്ന് ഒന്നൊര ശതമാനം സത്യവും ബാക്കി ഞാന്‍ കയ്യീന്ന് ഇട്ടതുമാണ്.