“അശോകാ, ഇനീം എണീറ്റില്ലേ ? ഇങ്ങനെ കെടന്നൊറങ്ങാതെ നെനക്കീ കോലായില്‍ വന്നിച്ചിരി കാറ്റു കൊള്ളരുതോ ?
അശോകന്‍ കണ്ണ് തുറന്നു അമ്മയെ നോക്കി. കുനിഞ്ഞിരുന്നു അടുപ്പിലെ തീ ഊതുകയാണ് അമ്മ. അവര്‍ തിരിഞ്ഞു നോക്കി.അടുത്തേക്ക് വന്നു അശോകന്റെ കുഴിഞ്ഞു പോയ കണ്ണുകളിലേക്കു നോക്കി.
“എനിക്ക് നെന്റെ മുഖത്തേക്ക് നോക്കാന്‍ തന്നെ പേടിയാവുന്നുണ്ട്.”
അവര്‍ ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം കൊണ്ട് ഒലിച്ചിറങ്ങാന്‍ തുടങ്ങിയ കണ്ണീര്‍ തുടച്ചു കളഞ്ഞു.
അശോകന്റെ മുടി മാടിയൊതുക്കി കൊണ്ട് അവര്‍ തിരികെ അടുപ്പിനരികിലേക്ക് പോയി.
“ഇനിപ്പോ നാളെ ആസ്പത്രീല്‍ പോവുമ്പോ എന്ത് ചെയ്യുന്നാ ഞാന്‍ ആലോചിക്കുന്നെ. സോമന്‍ ഡോക്ടര്‍ പറഞ്ഞത് തല്‍ക്കാലം ഡയാലിസിസ് ചെയ്തു നിക്കാംന്നല്ലേ ? എന്ന്വച്ചു എത്ര കാലാ ഇങ്ങനെ ? എനിക്കൊരു പിടീം കിട്ടുന്നില്ല… ന്റെ ഭഗവതീ “
അവരുടെ നെടുവീര്‍പ്പ് അശോകനെ ശ്വാസം മുട്ടിച്ചു.അയാള്‍ പതുക്കെ എണീറ്റ് പുറത്തേക്കു നടന്നു.
പാവം അമ്മക്ക് തീരെ വയ്യാതായിരിക്കുന്നു. ഇതിപ്പോ അമ്മ തന്നെക്കാളും രോഗിയായിരിക്കുന്നു.തന്റെ ചികിത്സക്ക് വേണ്ടി അമ്മ ഓടി നടക്കുന്നത് കാണുമ്പോള്‍ അശോകന്‍ വിഷമത്തോടെ അമ്മയെ ഓര്‍ക്കും.
കഴിഞ്ഞ മാസം വന്ന ആ ഒടുക്കത്തെ പനിയായിരുന്നു എല്ലാറ്റിനും കാരണം. ആദ്യമൊക്കെ രാമന്‍ വൈദ്യരുടെ കഷായത്തില്‍ തീരുമെന്ന് കരുതി ആസ്പത്രിയില്‍ പോകാതെ നോക്കി. കൈവിട്ടു പോയപ്പോഴാണ് മെഡിക്കല്‍ കോളേജിലെ സോമന്‍ ഡോക്ടറെ കാണിക്കുന്നത്. ടെസ്റ്റും മറ്റും കഴിഞ്ഞു ആ മരുന്ന് മണക്കുന്ന മുറിയില്‍ വച്ചു ഡോക്ടര്‍ പറഞ്ഞത് അശോകന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
“അശോകാ, ഇതിപ്പോ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നു. എന്ന് വച്ചു നീ പേടിക്കണ്ട.” അമ്മയെ കൂടി നോക്കിയാണ് ഡോക്ടര്‍ പറഞ്ഞത്.
“എന്താ ഡോക്ടര്‍ ?”
“നിന്റെ രണ്ടു വൃക്കയുടെ പ്രവര്‍ത്തനവും തീരെ തകരാറിലാണ്. എന്ന് വച്ചു പരിഹാരില്ലെന്നല്ല. വൃക്ക മാറ്റി വച്ചാല്‍…..”
പിന്നെ ഡോക്ടര്‍ പറഞ്ഞതൊന്നും അശോകന്റെ ചെവിയില്‍ കയറുന്നുണ്ടായിരുന്നില്ല. അയാള്‍ ബധിരനെ പോലെ ഡോക്ടറുടെ മുറിയില്‍ നിന്നും പുറത്തു കടന്നു. പിറകെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മയും ഇറങ്ങി.
അന്ന് തുടങ്ങിയ ഓട്ടമാണ്, തനിക്കു വേണ്ടി അമ്മ. കിട്ടാവുന്നിടത്ത് നിന്നൊക്കെ കടം മേടിച്ചു പലിശക്ക് മേടിച്ചും അമ്മ തന്നെ നോക്കി. ഇതിപ്പോ ഈ വീടും പറമ്പും ജപ്തി ചെയ്യാന്‍ ബാങ്കുകാര്‍ എപ്പോ വരുമെന്ന ഭീതിയിലും.
“നീ എന്താ ആലോചിക്കുന്നെ ?”
അയാള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.
“ഒന്നൂല്ല. .. അമ്മ തീരെ ക്ഷീണിച്ചു. ഇങ്ങനെ കിടത്താതെ ഞാനങ്ങു പോയിരുന്നെല്‍ മതിയായിരുന്നു അല്ലെ അമ്മെ ?”
അമ്മ വായപൊത്തി “ദൈവദോഷം പറയാതെ അശോകാ, ദൈവം മോളിലിരുന്നു എല്ലാം കാണുന്നുണ്ട് “
“എന്നിട്ടാണോ ഇങ്ങനെ നമ്മളെ കഷ്ടപ്പെടുത്തുന്നത് ? ഇതിനു മാത്രം നമ്മള്‍ എന്ത് തെറ്റ അമ്മെ ചെയ്തത് ?”
അമ്മ അയാളെ നോക്കി കണ്ണീരൊപ്പുക മാത്രം ചെയ്തു.
ഡയാലിസിസ് ചെയ്യാന്‍ വന്നവരുടെ മുഖങ്ങള്‍ മാറി മാറി നോക്കി ഇരിക്കുകയായിരുന്നു അശോകന്‍.
“നമ്പര്‍ 12 അശോകന്‍ “ നേഴ്സ് വിളിച്ചു
“വാ മോനെ “ അമ്മ അയാളെയും കൂട്ടി അകത്തേക്ക് പോയി.
അകത്തെ ലാബു സജ്ജീകരണങ്ങളുമായി അശോകന്‍ പരിചയത്തിലായി കഴിഞ്ഞിരുന്നു.
ഡയാലിസിസ് ചെയ്യുന്ന മയക്കതിടക്ക് അശോകന്‍ ഒരു സ്വപ്നം കണ്ടു.
ഒരു വെളുത്ത മാലാഖ- അതോ ഒരു നേഴ്സ് ആണോ- അശോകന്റെ അടുത്തേക്ക് വന്നു.
“എന്താ അശോകാ, സുഖം തന്നെ അല്ലെ ?”
“എന്താ എന്നേ കളിയാക്കുകയാണോ ? നിങ്ങള്‍ ആരാ “
“ഞാനെന്തിനാ അശോകനെ കളിയാക്കുന്നത് ? ഞാന്‍ ദൈവം അയച്ച ഒരു മാലാഖയാണ്. അശോകന്റെ ചുറ്റുമുള്ളവരെ നോക്കൂ. അവരും വേദന അനുഭവിക്കുന്നവരാണ് . എല്ലാവരേം സന്തോഷിപ്പിക്കാനാ എന്നേ ദൈവം ഇങ്ങോട്ട് അയച്ചത്. “
“പക്ഷെ ഇത്രയ്ക്ക് എന്നേ കഷ്ടപെടുത്താന്‍ മാത്രം ഞാന്‍ ന്ത് തെറ്റ് ചെയ്തു ?
“എന്റെ അശോകാ, ദൈവം എല്ലാം കാണുന്നുണ്ട് .. എല്ലാം അറിയുന്നുണ്ട് “
“ഇല്ല എന്നേ കാണുന്നില്ല , അല്ലെ പിന്നെ എന്റെ അസുഖം മാറാന്‍ അനുഗ്രഹിക്കാത്തതെന്താ ?”
“അതിനു അശോകന്‍ ഇത് വരെ ദൈവത്തോട് ഇത് വരെ ഏതെങ്കിലും പറഞ്ഞോ ? സ്വന്തം വിധി എന്നും പറഞ്ഞു ഇരിക്കുകയല്ലേ ചെയ്തത് …”
അശോകന്‍ ഉത്തരമില്ലാതെ കിടന്നു.
“അശോകാ, ഒരു കാര്യം മനസ്സിലാക്കണം . ദൈവത്തിനു എല്ലാരുടേം പ്രാര്‍ത്ഥന കേള്‍ക്കാന്‍ സമയമുണ്ട് …. പക്ഷെ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയമുണ്ടാവണം…”
അശോകന് കണ്ണുകളിലേക്കു മൂടല്‍മഞ്ഞു കയറുന്നത് പോലെ തോന്നി. ശരീരമാകെ ഒരു ഊര്‍ജ്ജം നിരയുന്നതായും. കണ്ണ് തുറന്നു നോക്കി, നഴ്സുമില്ല മാലാഖയുമില്ല. ഡയാലിസിസ് യന്ത്രത്തിന്റെ മുരള്‍ച്ച മാത്രം.
ഹെഡ് നേഴ്സ് അരികിലേക്ക് വന്നു, ഡയാലിസിസ് യന്ത്രം ഓഫ് ആക്കി.
“എന്താ അശോകാ, മയക്കത്തില്‍ ആരോടാ അശോകന്‍ ചിരിക്കുന്നത് കണ്ടത് .?”
അശോകന്‍ അവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച്, കസേരയില്‍ തന്നെയും കാത്തിരിക്കുന്ന അമ്മയുടെ അരികിലേക്ക് നടന്നു.