സമകാലീകം, വിശേഷങ്ങള്‍,

പ്രവാസിയുടെ ഓണം

Gini Gini Follow Aug 28, 2012 · 1 min read
പ്രവാസിയുടെ ഓണം
Share this

“കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത” ഒരു നാടിനെ സ്വപ്നം കണ്ടു, പൂക്കളവും ഊഞ്ഞാലും മനസ്സില്‍ തീര്‍ത്തു, പ്രവാസി മലയാളികളും ഇന്ന് ഓണം ആഘോഷിക്കുന്നു “ഉള്ളത് കൊണ്ട് ഓണം പോലെ” എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി കൊണ്ട്, സഹപ്രവര്‍ത്തകരും നാട്ടുകാരും കൂടിചേര്‍ന്ന് ഇവിടെ ഈ കടലിനക്കരെ ഓണം ആഘോഷിക്കുമ്പോള്‍, ഇന്ന് ഓരോ മലയാളി കൂടിച്ചേരലുകളും ഓരോ ചെറു-കേരളങ്ങളെ തീര്‍ക്കുന്നു. “ആറ് മലയാളിക്ക് നൂറു മലയാളം” എന്ന പോലെ, പ്രവാസികളുടെ തന്നെ ഭാഷ കടമെടുത്താല്‍, “നൂറു മലയാളികളും നൂറ്റിയമ്പത് സംഘടനകളും” ഉള്ള എല്ലായിടങ്ങളിലും ഓണം ചെറുതല്ലാത്ത രീതിയില്‍ തന്നെ ആഘോഷിക്കപ്പെടുന്നു.

“പൂവേ പൊലി” വിളികള്‍ കേള്‍ക്കാനില്ലെങ്കിലും “മത്സര പൂക്കളങ്ങളില്‍”” ആശ്വാസം കണ്ടെത്തി ഓരോ പ്രവാസിയും മനസ്സില്‍ “മാവേലി നാട് വാണീടും കാലം” സങ്കല്‍പ്പിച്ചു ; “ആമോദത്തോടെ വസിക്കും കാലം “ സ്വപ്നം കാണുന്നു. നാട്ടിലെ ഓണം, ചാനലുകളിലെ “ബ്ലോക്ക്‌ ബ്ലസ്റ്റര്‍ “ ചിത്രങ്ങളില്‍ കണ്ടുതീരുമ്പോള്‍, ഒരു പക്ഷെ കൂടുതല്‍ ഗൃഹാതുരതയോടെ ഓണം ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികളായിരിക്കും. മലയാളി- സൌത്ത് ഇന്ത്യന്‍ ഹോട്ടലുകളിലെ റെഡിമെയിഡ് ഓണസദ്യ-കളും മറുനാടന്‍ മലയാളിയുടെ ഓണാഘോഷത്തിനു രുചി കൂട്ടുന്നു.

ഒരു പരിധി വരെ, ഓരോ പ്രവാസിയും ഒരു മാവേലി ആയി സ്വയം സങ്കല്‍പ്പിക്കുന്നു. അഭിനവ വാമനന്‍ ആയ, “മുതലാളി-മേലുദ്യോഗസ്ഥന്റെ” കനിവ് കിട്ടിയാല്‍, ഈ ഓണക്കാലത്ത് കേരളമെന്ന സ്വന്തം “രാജ്യത്തേക്ക്” ഒരു യാത്ര, അവരുടെ സ്വപ്നമാണ്. അതിനു വേണ്ടി മൂന്നടി മണ്ണ് എന്ന പോലെ, ആണ്ടില്‍ മുന്നൂറു ദിവസവും അവധിയില്ലാതെ ജോലി ചെയ്യാന്‍ അവര്‍ തയ്യാറാണ്.

തുമ്പയും മുക്കുറ്റിയും ഇനിയും പൂക്കുമെന്നു കൊതിച്ചു, ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ഓണം ആഘോഷിക്കുന്നത് സ്വപ്നം കണ്ടു നമുക്കും ഈ ഓണത്തെ കൊണ്ടാടാം. എല്ലാ മലയാളികള്‍ക്കും ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie