ആക്ഷേപം, വിശേഷങ്ങള്‍, ചില കഥകള്‍,

അപ്പൊ ഇതിനൊക്കെ ഞാന്‍ സമാധാനം പറയേണ്ടി വരില്ലേ ?

Gini Gini Follow Sep 04, 2011 · 1 min read
അപ്പൊ ഇതിനൊക്കെ ഞാന്‍ സമാധാനം പറയേണ്ടി വരില്ലേ ?
Share this

ലീവ് തീര്‍ന്നു തിരിച്ചു ട്രെയിന്‍ കയറുമ്പോള്‍ കണ്ണില്‍ കാണുന്ന എല്ലാറ്റിനോടും ഇച്ചിരി ദേഷ്യം കൂടും; നാട്ടിലെ എല്ലാരോടും ഇച്ചിരി അസൂയയും. ആഹ്, പറഞ്ഞിട്ട് കാര്യമില്ല. അറിയാന്‍ മേലാഞ്ഞിട്ടല്ല, പിന്നെ ജോലി കളഞ്ഞു വന്നാല്‍ കഞ്ഞി കുടിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്താണ് നമ്മള്‍ ക്ഷമിക്കുന്നതു.

അങ്ങനെ വീണ്ടും ഒരു “റിട്ടേണ്‍ ഫ്രം ഹോം”. ട്രെയിന്‍ടിക്കറ്റ്‌ ശരിയാകാത്തത് കൊണ്ട് ബസ്സിലാകാം യാത്ര എന്ന് വച്ച്. അങ്ങനെ ഒരു കണ്ണൂര്‍ -കോഴിക്കോട് ബസില്‍ കയറി. ങ്ങുഹും, സീറ്റൊന്നും കാലിയില്ലെന്നു മാത്രമല്ല, നില്ക്കാന്‍ പോലും സ്ഥലമില്ല. അങ്ങനെ, ബാഗും തൂക്കി, ഹോര്‍ലിക്സിന്റെ പരസ്യത്തിലെ കൊച്ചിനെ പോലെ (ഉയരം കൂട്ടാന്‍ അല്ല കേട്ടോ) തൂങ്ങി കിടന്നു.

നില്‍പ്പ് ഏറ്റവും പിറകില്‍ ആയതിനാല്‍ മാഹിയില്‍ നിന്നും കയറിയ “പാമ്പുകളുടെ’ ഗന്ധം നന്നായി അറിയുന്നുണ്ടായിരുന്നു.( വെറുതെ മനുഷ്യനെ കൊതിപ്പിക്കാന്‍ ..). ഇച്ചിരി കഴിഞ്ഞപ്പോള്‍ തന്നെ കണ്ടു; “മൊബൈല്‍ ചെക്ക്പോസ്റ്റ്” ബൈ എക്സൈസ് വകുപ്പ്. ബസിനു കൈ കാണിച്ചു നിര്‍ത്തിച്ചു.

ഏതൊരു “മാഹി ഉപഭോക്താവിന്റെയും “ ചങ്കിടിപ്പിക്കുന്ന കാഴ്ച. എക്സൈസ് ജീപ്പിന്റെ ബോണറ്റിന്റെ മുകളിലായി നിരത്തി വച്ച “തൊണ്ടി മുതലുകള്‍”. ബസിലുള്ള പലരും പരസ്പരം നോക്കി; എന്തൊക്കെയോ പിറുപിറുത്തു.

എക്സൈസ് കിങ്കരന്മാര്‍ ബസിനുള്ളിലേക്ക് ഇരച്ചു കയറി. കയ്യില്‍ കിട്ടിയ “എംസി, എം എച്, സ്മിര്‍നോഫ് കുഞ്ഞുങ്ങളെ “ ജീപ്പില്‍ കൊണ്ട് വച്ചു.കയ്യില്‍ രണ്ടു കുഞ്ഞുങ്ങളുമായി അവസാനം ഇറങ്ങാന്‍ തുടങ്ങിയ ഒരു കിങ്കരന്‍ അപ്പോഴാണ്‌ ആ ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച കണ്ടത്. ഏറ്റവും പിറകിലെ സീറ്റിനടിയില്‍ രണ്ടു പൊതികള്‍. സീറ്റിലിരുന്ന മൊത്തം ആള്‍ക്കാരെയും “പാമ്പുകളാക്കും” വിധം ഒന്ന് നോക്കി പുള്ളി പൊതി തുറന്നു. അതാ കിടക്കുന്നു രണ്ടു “വോഡ്ക കുഞ്ഞുങ്ങള്‍” .

പുള്ളി പതുക്കെ കിളിയെ നോക്കി.. ചെവിയില്‍ ചോദിച്ചു.

“എടൊ തന്റെതാണോ ഇത്? ആണേല്‍ പറ, ഒഴിവാക്കിയേക്കാം”

“അല്ല സാര്‍. വേറെ ആരെങ്കിലും വച്ചതായിരിക്കും.”

“ആണെങ്കില്‍ പറഞ്ഞോ..”

“അല്ല സാര്‍”.

അങ്ങൊരു അതിനേം കൊണ്ട് പോയി. ബസ്‌ പൊക്കോളാന്‍ നിര്‍ദേശം കിട്ടി. ബസ്‌ മുന്നോട്ടു എടുത്തപ്പോള്‍ കിളി മൊഴിഞ്ഞു.

“നായിന്റെ മക്കള്‍, ഒരിക്കലും ഗുണം പിടിക്കില്ല. പത്തു അഞ്ഞൂറ് ഉറിപ്പ്യ പോയികിട്ടി.”

അപ്പൊ പിറകിലെ സീറ്റിലെ ഒരു പാമ്പ് - “എടൊ, തന്നോട് ഓന്‍ ചോയിച്ചതല്ലേ, അന്നേരം പറഞ്ഞൂടെ ? “

കിളി അപ്പോള്‍, ഷര്‍ട്ട്‌ ഉയര്‍ത്തി കാണിച്ചു.

“എന്റെ ഏട്ടാ, അപ്പൊ ഇതിനൊക്കെ ഞാന്‍ സമാധാനം പറയേണ്ടി വരില്ലേ ?”

അരയിലായി തിരുകി വച്ച ബാക്കി മൂന്നു കുപ്പികള്‍ പാമ്പിനെ നോക്കി ചിരിച്ചു.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie